29 March Friday

പൊളിച്ചുകളഞ്ഞൂടേ; കോട്ടയത്തെ ആകാശപ്പാതയിൽ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

ആകാശപ്പാത

കോട്ടയം > ഒടുക്കം ഹൈക്കോടതിയും ചോദിച്ചു "ആവശ്യമില്ലെങ്കിൽ പൊളിച്ച്‌ കളഞ്ഞുകൂടേ ഈ ഇരുമ്പുതൂണുകൾ'. പണി പാതിയിൽനിലച്ച കോട്ടയം നഗരത്തിലെ ആകാശപ്പാത നോക്കുകുത്തിപോലെ നിൽക്കാൻ തുടങ്ങിയിട്ട്‌ വർഷങ്ങളായി. ഇത്‌ പൊളിക്കാനാവശ്യപ്പെട്ട്‌ സമർപ്പിച്ച ഹർജിയിലാണ്‌ ഹൈക്കോടതിയുടെ പരാമർശം.  ആകാശപ്പാത പൂർത്തിയാക്കുമെന്നും, അവിടെ ഗാന്ധിസ്‌മൃതി മണ്ഡപം പണിയുമെന്നുമായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ  പ്രഖ്യാപിച്ചത്‌.

നടപ്പാകാത്ത പദ്ധതിക്ക്‌ കോടികൾ വിലമതിക്കുന്ന നാലരസെന്റ്‌ സ്ഥലം വിട്ടുനൽകിയ കോട്ടയം നഗരസഭയിലെ യുഡിഎഫ്‌ ഭരണസമിതിയും പ്രതിക്കൂട്ടിലാണ്‌. റൗണ്ടാനയുടെ മനോഹാരിത നശിപ്പിച്ച്‌ കമ്പിക്കൂടുകളും ഗതാഗതക്കുരുക്കും സൃഷ്ടിച്ചായിരുന്നു ആകാശപ്പാതയുടെ ഉരുക്ക്‌ തൂണുകളും കമ്പികളും സ്ഥാപിച്ചത്‌. ഇതിനുവേണ്ടി മുമ്പുണ്ടായിരുന്ന ജലധാരയും പുൽത്തകിടിയും പൂക്കളുമെല്ലാം നശിപ്പിച്ചു.
 
മുപ്പതടിയിലേറെ ഉയരത്തിൽ നിർമിക്കുന്ന ആകാശപ്പാതയിലേക്ക്‌ കാൽനടയാത്രക്കാർ എങ്ങനെ കയറുമെന്നുപോലും ആലോചനയില്ലായിരുന്നു. പതിനഞ്ചടി വീതിയുള്ള റോഡ്‌ മറികടക്കാൻ മുപ്പതടി ഉയരത്തിലേക്ക്‌ കയറിയിറങ്ങുക എന്നത്‌ വികലമായ പരിഷ്‌കാരമാണെന്ന്‌ അന്ന്‌ തന്നെ എൽഡിഎഫ്‌ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ നിർബന്ധപൂർവം മുന്നോട്ടുപോയ എംഎൽഎ തൂണുകളും കമ്പികളും സ്ഥാപിച്ചശേഷം ആകാശപ്പാത കൈയൊഴിഞ്ഞു. പ്രധാന പ്ലാറ്റ്‌ഫോം താങ്ങി നിർത്തേണ്ട തൂണുകളിൽ ഒന്ന്‌ പുറത്തായത്‌ അഴിമതിക്കും തെളിവായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top