25 April Thursday
ഓപ്പറേഷൻ തീയറ്ററുകൾ അടച്ചിട്ടത്‌ വാർഷിക അറ്റകുറ്റപ്പണിക്ക്‌

കോട്ടയം മെഡിക്കൽ കോളേജിനെതിരെ കുപ്രചാരണം; അടിയന്തര ശസ്ത്രക്രിയകൾ മുടങ്ങിയില്ല

സ്വന്തം ലേഖകൻUpdated: Monday Mar 13, 2023

കോട്ടയം> പതിവ് അറ്റകുറ്റപ്പണിക്ക് മൂന്ന് ഓപ്പറേഷൻ തിയറ്റർ അടച്ചിട്ടതിനെതുടർന്ന്  ശസ്‌ത്രക്രിയകളുടെ എണ്ണത്തിൽ ഉണ്ടായ കുറവ്  പെരുപ്പിച്ചുകാട്ടി മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ കുപ്രചാരണം. സ്വകാര്യ ആശുപത്രികളുടെ കച്ചവട മത്സരം കോട്ടയം കേന്ദ്രീകരിച്ച്‌ ശക്തമാകുന്നതിനിടെയാണ്‌ ദരിദ്രർക്ക്‌ ആശ്രയമായ മെഡിക്കൽ കോളേജിനെതിരെയുള്ള ആരോപണം.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിൽ ശസ്‌ത്രക്രിയ നിലയ്‌ക്കുന്നു എന്നാണ്‌ മാധ്യമപ്രചാരണം. എസി ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കായി മൂന്ന് ഓപ്പറേഷൻ തീയറ്ററുകൾ  അടുത്തകാലത്ത്‌ 10 ദിവസം അടച്ചിട്ടിരുന്നു. വാർഷിക അറ്റകുറ്റപ്പണിക്കായി തിയറ്റർ അടച്ചിടാറുണ്ട്. ഈ സമയത്ത് ശസ്‌ത്രക്രിയകളുടെ എണ്ണം സ്വാഭാവികമായും കുറയും.  ചില വിദഗ്ധ ഡോക്‌ടർമാർ അസുഖംമൂലം അവധിയിൽ പോയതും ശസ്‌ത്രക്രിയകളുടെ എണ്ണം കുറയാൻ കാരണമായി.

എന്നാൽ വസ്‌തുത ഇതായിരിക്കെ പെരുപ്പിച്ച കണക്കാണ് വാർത്തകളിൽ നിറയുന്നത്‌. കാർഡിയോ തൊറാസിക് വിഭാഗത്തിൽ കഴിഞ്ഞ 25 ദിവസത്തിനിടെ 200ന്‌ പകരം 50 ശസ്‌ത്രക്രിയകൾ മാത്രമേ നടന്നിരുന്നുള്ളൂ എന്നാണ് പ്രചാരണങ്ങളിലൊന്ന്‌. പക്ഷെ 130 ശസ്‌ത്രക്രിയകൾ ഇക്കാലത്ത് നടന്നതായി അധികൃതർ പറഞ്ഞു. നെഫ്രോളജി വിഭാഗത്തിൽ ഒന്നും നടക്കുന്നില്ല എന്നാണ് മറ്റൊരു ആരോപണം. എന്നാൽ ഡയാലിസിസ് മുടക്കം കൂടാതെ നടക്കുന്നുണ്ട്. ട്രാൻസ്‌പ്ലാന്റേഷൻ വിഭാഗത്തിൽ ശസ്‌ത്രക്രിയകളുടെ എണ്ണം കുറഞ്ഞത്‌ ഡോക്‌ടർ അവധിയായതിനാലാണ്‌.

അടിയന്തര ശസ്‌ത്രക്രിയകൾക്ക്‌  മുടക്കം വന്നിട്ടില്ല. ചില മരുന്നും മറ്റും  അടിയന്തരസാഹചര്യത്തിൽ രോഗികളോ ബന്ധുക്കളോ വാങ്ങി നൽകേണ്ടിവന്നാലും ഫണ്ട് ലഭ്യമാകുന്ന മുറയ്‌ക്ക്‌  ആ പണം തിരികെ നൽകുമെന്ന്‌ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട്‌ ഡോ. ടി കെ ജയകുമാർ പറഞ്ഞു. സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ  താൽക്കാലികമായി ഉണ്ടാകാറുള്ള ഫണ്ട് ലഭ്യതയുടെ പ്രശ്‌നം  ഉയർത്തിക്കാട്ടിയും പ്രചാരണമുണ്ട്‌. ഫണ്ട് ലഭ്യത സംബന്ധിച്ച കാര്യങ്ങൾ സർക്കാരിന്റെ പരിഗണനയിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top