തിരുവനന്തപുരം> സിപിഐ എം നേതാക്കളുടെ ഭാര്യമാരെയും ഇടതുപക്ഷ വനിതാ നേതാക്കളെയും പ്രവര്‍ത്തകര്‍ക്കുമെതിരെ ലൈംഗീകാധിക്ഷേപവും ലൈംഗീകാതിക്രമത്തിന് ആഹ്വാനവും നടത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. പാറശാല കോടങ്കര സ്വദേശി അബിന്‍ കോടങ്കരയെയാണ് തിരുവനന്തപുരം ഡിസിപി നിതിന്‍രാജിന്റെ നേതൃത്വത്തലുള്ള പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
എ എ റഹീം എംപിയുടെ ഭാര്യ അമൃത, അന്തരിച്ച യുവജന നേതാവ് പി ബിജുവിന്റെ ഭാര്യ ഹര്‍ഷ, തിരുവനന്തപുരം സ്വദേശി സിന്ധു ജയകുമാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.കഴിഞ്ഞയാഴ്ചയാണ് കോട്ടയം കുഞ്ഞച്ചന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങളും ലൈംഗീകാതിക്രമത്തിനുള്ള ആഹ്വാനവുമായി പോസ്റ്റുകളിട്ടത്. പൊലീസില്‍ പരാതിപ്പെട്ടുവെന്നറിഞ്ഞിട്ടും ഇയാള്‍ അശ്ലീല പോസ്റ്റുകളിടുന്നത് തുടരുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇടപെട്ട് പേജ് പൂട്ടിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.പാറശാലയില്‍നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് തെളിവുകള്‍ ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്. കോണ്‍ഗ്രസ് കോടങ്കര വാര്‍ഡ് പ്രസിഡന്റ്, കെഎസ്യു മണ്ഡലം വൈസ് പ്രസിഡന്റ് തുടങ്ങിയ ഭാരവാഹിത്വങ്ങള്‍ വഹിക്കുന്ന അബിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
കോട്ടയം കുഞ്ഞച്ചന്‍ എന്ന പേരിലുണ്ടാക്കിയ പേജിലെ അബിന്റെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റടക്കമുള്ളവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..