തിരുവനന്തപുരം
‘കോട്ടയം കുഞ്ഞച്ചൻ’ എന്ന പേരിൽ വ്യാജ ഫെയ്‌സ്‌ബുക്ക് പ്രൊഫൈലുണ്ടാക്കിയത് പൊതുപ്രവർത്തകരായ വനിതകളെയും സിപിഐ എം നേതാക്കളുടെ ഭാര്യമാരെയും അധിക്ഷേപിക്കാൻ ലക്ഷ്യമിട്ടെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ കോൺഗ്രസ് പ്രാദേശിക നേതാവ് അബിൻ. രാഷ്ട്രീയതാൽപ്പര്യമാണ് കാരണമെന്നും പൊലീസ് ചോദ്യംചെയ്യലിൽ അബിൻ സമ്മതിച്ചു. ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചും ഇയാൾ മൊഴി നൽകി.
ഒരു മാസംമുമ്പാണ് ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന പേജ് അബിൻ തുടങ്ങിയത്. സ്ത്രീവിരുദ്ധതയും ലൈംഗികാധിക്ഷേപവും നിറഞ്ഞതായിരുന്നു പേജിലെ പോസ്റ്റുകൾ. അബിന്റെ ഫെയ്‌സ്ബുക്ക് പേജിലും സമാന പോസ്റ്റുകളുണ്ട്. രാഷ്ട്രീയ എതിരാളികളെ പൊതുസമൂഹത്തിൽ മോശമായി ചിത്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്ന് അബിൻ സമ്മതിച്ചു. പൊതുപ്രവർത്തന രംഗത്തും സമൂഹ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന സ്ത്രീകളെ കണ്ടെത്തിയാണ് ലൈംഗികാധിക്ഷേപവും ലൈംഗികാതിക്രമത്തിനുള്ള ആഹ്വാനവും നൽകിയതെന്നും മൊഴി നൽകി.
.jpg)
അബിന്‍ രമേശ് ചെന്നിത്തലയോടൊപ്പം
ഉന്നത നേതാക്കളുമായുള്ള അബിന്റെ ബന്ധം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് അബിനും മൊഴി നൽകി. പൊലീസ് കസ്റ്റഡിയിലെടുത്ത ഫോൺ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കും. രാഷ്ട്രീയ ലക്ഷ്യത്തോടെ താൻ ഒറ്റയ്‌ക്കാണ് പേജുണ്ടാക്കിയതെന്നും മറ്റാരുടെയും സഹായമുണ്ടായിരുന്നില്ലെന്നുമാണ് അബിന്റെ മൊഴി. പൊലീസ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല. ഫോൺവിളികളുടെ വിശദാംശങ്ങളും ഫോണിന്റെ ശാസ്ത്രീയ പരിശോധനാഫലവും ലഭ്യമാകുന്നതോടെ അബിനെ സഹായിച്ച നേതാക്കളാരെന്നതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവരും.
.jpg)
ചാണ്ടി ഉമ്മനൊപ്പം അബിന്‍ രമേശിന്റെ സെല്‍ഫി
കോൺഗ്രസ് അനുകൂല വാട്‌സാപ് ഗ്രൂപ്പുകളിലൂടെയും ‘കോട്ടയം കുഞ്ഞച്ചന്റെ’ സ്ത്രീവിരുദ്ധ പോസ്റ്റുകൾ പ്രചരിപ്പിച്ചിരുന്നു. ഈ ഗ്രൂപ്പുകളുടെ അഡ്‌മിൻമാരുടെ ഇടപെടലുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റുകൾ ഷെയർ ചെയ്‌ത കോൺഗ്രസ് വാർഡ് പ്രസിഡന്റടക്കമുള്ളവരും കേസിൽ പ്രതികളാണ്. ഇവർക്കായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
‘കോട്ടയം കുഞ്ഞച്ചനെ’
രക്ഷിക്കാൻ
കോൺഗ്രസ് അഭിഭാഷകർ
സിപിഐ എം നേതാക്കളുടെ ഭാര്യമാർക്കും വനിതാ പൊതുപ്രവർത്തകർക്കുമെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കേസിലെ പ്രതിക്ക് ജാമ്യമെടുക്കാൻ കോടതിയിലെത്തിയത് കോൺഗ്രസ് അഭിഭാഷകർ. ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറികൂടിയായ മൃദുൽ ജോണിന്റെ ഓഫീസാണ് പ്രതിയുടെ വക്കാലത്ത് ഏറ്റെടുത്തത്. മൃദുൽ കൊച്ചിയിലായിരുന്നതിനാൽ ജൂനിയർ അഭിഭാഷകരാണ് കോടതിയിലെത്തിയത്.
.jpg)
അബിൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെപ്പം
ഉന്നത കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് കേസിലെ പ്രതി അബിൻ. രമേശ് ചെന്നിത്തല, ചാണ്ടി ഉമ്മൻ, ഉമ്മൻചാണ്ടി, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർക്കൊപ്പമുള്ള ഇയാളുടെ ചിത്രങ്ങൾ പുറത്തുവരികയും ചെയ്‌തു. എന്നാൽ, അബിൻ അറസ്റ്റിലായ ശേഷം ഔദ്യോഗികമായി പ്രതികരിക്കാൻ നേതാക്കളാരും തയ്യാറായിരുന്നില്ല.
അതിനിടെയാണ് തലസ്ഥാനത്തെ കോൺഗ്രസിന്റെ തലമുതിർന്ന അഭിഭാഷകനെ കേസ് ഏൽപ്പിച്ചത്. പാർടി നേതൃത്വമാണ് കേസ് കൈകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ച സംഭവം, എ കെ ജി സെന്ററിനെതിരായ ആക്രമണം തുടങ്ങിയ പ്രധാന കേസുകളിൽ കോൺഗ്രസുകാരായ പ്രതികൾക്കായി കോടതിയിലെത്തിയതും മൃദുൽ ജോണായിരുന്നു. പ്രതിക്ക് കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. സമൂഹ മാധ്യമങ്ങളിൽ പുതിയ പോസ്റ്റുകൾ ഇടരുതെന്നും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
ശ്രീകൃഷ്ണപുരത്തും കേസ്
സമൂഹമാധ്യമത്തിലൂടെ ഇടതുപക്ഷ പ്രവര്‍ത്തകരെയും ഭാര്യമാരെയും അപമാനിച്ച സംഭവത്തില്‍ കോട്ടയം കുഞ്ഞച്ചന്‍ എന്ന ഫെയ്‌സ് ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന അബിന്‍ കോടങ്കരയ്‌ക്കെതിരെ ശ്രീകൃഷ്ണപുരത്തും കേസ്. ഡിവൈഎഫ്ഐ തിരുവാഴിയോട് മേഖലാ കമ്മിറ്റി അംഗം പ്രജിത തിരുവാഴിയോട് നല്‍കിയ പരാതിയിലാണ് സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ പൊലീസ് കേസെടുത്തത്. ശ്രീകൃഷ്ണപുരത്തെ കേസിലും ഇയാളുടെ അറസ്‌റ്റിന് നടപടി തുടങ്ങിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..