20 April Saturday
മനോരമ വാർത്ത തിരുത്തണം

കോട്ടയം ജില്ലാ പഞ്ചായത്തിനെതിരായ അപവാദ പ്രചാരണത്തിന്‌ പിന്നിൽ യുഡിഎഫ്‌

സ്വന്തം ലേഖകൻUpdated: Tuesday Dec 6, 2022
കോട്ടയം> പദ്ധതി പ്രവർത്തന പട്ടികയിൽ സംസ്ഥാനത്ത്‌ രണ്ടാം സ്ഥാനത്തുള്ള  ജില്ലാ പഞ്ചായത്തിനെതിരേ അപവാദ പ്രചാരണത്തിന്‌ പത്രമാധ്യമത്തെയും കരുവാക്കുന്ന യുഡിഎഫ്‌ കാപട്യം ജനം തിരിച്ചറിയുമെന്ന്‌ ജില്ല പഞ്ചായത്ത്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേശീയ– സംസ്ഥാന തലങ്ങളിലും ത്രിതല പഞ്ചായത്തുകളിലും അധികാരം നഷ്ടപ്പെട്ട യുഡിഎഫ്‌ അതിന്റെ വൈരാഗ്യം തീർക്കാനാണ്‌ അവർക്ക്‌ വേണ്ടി അച്ചുനിരത്തുന്ന പത്രത്തിൽ വ്യാജവാർത്ത ചമച്ചത്‌. 
 
‘ജില്ല പഞ്ചായത്ത് 13 കോടി രൂപ ചെലവഴിച്ചത് ക്രമപ്രകാരമല്ല ’ എന്ന്‌ കഴിഞ്ഞ ദിവസം മനോരമ പത്രം വാർത്ത കൊടുത്തിരുന്നു. തുടർന്ന് ഒരു രേഖകളുമില്ലാതെ, ജില്ല പഞ്ചായത്ത് 13 കോടി ചെലവഴിച്ചതായി സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയെന്നും അത്‌ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അഴിമതിക്ക് നേതൃത്വം കൊടുത്ത പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണസമിതിക്ക്‌ ഒത്താശ ചെയ്‌ത ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും യുഡിഎഫ് ജില്ല ഭാരവാഹികൾ പ്രസ്താവനയും ഇറക്കി. 
 
നടക്കാത്ത പദ്ധതികൾക്ക് കരാറുകാർക്ക് ഫണ്ട് കൈമാറിയതായാണ്‌ ഇവർ ഉന്നയിച്ച ഒരു ആരോപണം.  യുഡിഎഫ് ഭരണസമിതി ജില്ല പഞ്ചായത്ത് ഭരിച്ചിരുന്ന സമയത്തെ പദ്ധതികളാണ് ഓഡിറ്റ് പരാമർശത്തിൽ വന്നിരിക്കുന്ന എല്ലാ പദ്ധതികളും. ഇപ്പോഴത്തെ ഭരണസമിതി അധികാരമേറ്റത് 2020 ഡിസംബർ 30 നാണ്. 2022 ഡിസംബർ 30 ആകുമ്പോൾ രണ്ട് വർഷം പൂർത്തിയാകും. ഈ കാലയളവിലെ ഓഡിറ്റ് റിപ്പോർട്ട് ഇതുവരെ ലഭ്യമായിട്ടില്ല. അതേസമയം, നിയമവിരുദ്ധമായോ ക്രമവിരുദ്ധമായോ ഒരു കാര്യവും ആരോപിക്കുന്ന  പദ്ധതികളിൽ നടന്നിട്ടില്ല. അനാവശ്യ ആരോപണങ്ങളുമായി ഇറങ്ങുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ്‌.  
അടിസ്ഥാനരഹിതമായ വാർത്ത കൊടുത്ത്‌ ജനപ്രതിനിധികളെ അപകീർത്തിപ്പെടുത്തിയ മനോരമ തുല്യപ്രാധാന്യത്തോടെ തിരുത്ത്‌ പ്രസിദ്ധപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. 
 
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ്‌ നിർമ്മല ജിമ്മി,  വൈസ് പ്രസിഡന്റ് ടി എസ് ശരത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി അംഗം മഞ്ജു സുജിത്ത്, ജില്ല പഞ്ചായത്തംഗങ്ങളായ പി എം മാത്യു, കെ വി ബിന്ദു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top