29 March Friday

തരൂരിനെ വേണ്ട; യൂത്ത്‌ കോൺഗ്രസിന്‌ കൂച്ചുവിലങ്ങിട്ട്‌ കോട്ടയം ഡിസിസി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

കോട്ടയം> ശശി തരൂരിനെ പങ്കെടുപ്പിച്ച്‌ യൂത്ത്‌ കോൺഗ്രസ്‌ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനത്തിനെതിരെ കോട്ടയം ഡിസിസി. ഡിസംബർ മൂന്നിനാണ് ഈരാറ്റുപേട്ടയിൽ വർഗീയവിരുദ്ധ മഹാസമ്മേളനം സംഘടിപ്പിക്കുന്നത്‌. ഉദ്‌ഘാടകനായി ശശി തരൂരിനെ നിശ്‌ചയിച്ച്‌ പോസ്‌റ്ററുകളും പതിച്ചു. എന്നാൽ, ഇത്‌ അനുവദിക്കില്ലെന്നും മേൽഘടകത്തിൽ പരാതി നൽകുമെന്നും അറിയിച്ച്‌ ഡിസിസി പ്രസിഡന്റ്‌ തന്നെ രംഗത്തെത്തി.

ജില്ലയിലെ കോൺഗ്രസിലെയും യൂത്ത്‌ കോൺഗ്രസിലെയും ഉമ്മൻ ചാണ്ടി അനുകൂല വിഭാഗമാണ്‌ ഈരാറ്റുപേട്ടയിൽ പരിപാടി സംഘടിപ്പിക്കാൻ മുൻകൈ എടുത്തത്‌. സമ്മേളനത്തിന്റെ പോസ്‌റ്ററിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, രമേശ്‌ ചെന്നിത്തല എന്നിവരെ ഒഴിവാക്കി. ഇത്‌ വിവാദമായതോടെ സതീശനെ ഉൾപ്പെടുത്തി പുതിയ പോസ്‌റ്ററും യൂത്ത്‌ കോൺഗ്രസ്‌ സാമൂഹ്യ മാധ്യമത്തിൽ പോസ്‌റ്റ്‌ ചെയ്‌തു. തരൂരിനെ കൊണ്ടുവരുന്നതിനെതിരെ കോൺഗ്രസിലെ ഒരുവിഭാഗം ശക്തമായ എതിർപ്പുയർത്തിനു പിന്നാലെ യൂത്ത്‌ കോൺഗ്രസിലെ ഈരാറ്റുപേട്ട പ്രാദേശിക നേതൃത്വവും പ്രതിഷേധവുമായി രംഗത്തെത്തി. തങ്ങളെ അറിയിച്ചിട്ടല്ല പരിപാടി നിശ്‌ചയിച്ചതെന്നാണ്‌ ഇവരുടെ പരാതി. ഇതോടെ കോൺഗ്രസിലും യൂത്ത്‌ കോൺഗ്രസിലും പരസ്യമായ പോരിലേക്ക്‌ കാര്യങ്ങളെത്തി.

പോസ്‌റ്ററിൽ കെ സി വേണുഗോപാലും കെ സുധാകരനും ഒക്കെ ഉണ്ടെങ്കിലും വി ഡി സതീനെ ഒഴിവാക്കിയത്‌ മനപൂർവമാണെന്ന്‌ ഒരുവിഭാഗം കോൺഗ്രസ്‌ നേതാക്കൾ ആരോപിക്കുന്നു. പാർടി ജില്ലാ നേതൃത്വത്തെ അറിയിക്കാതെയാണ്‌ യൂത്ത്‌ കോൺഗ്രസ്‌ വർഗീയവിരുദ്ധ സമ്മേളനം സംഘടിപ്പിച്ചതെന്ന്‌ ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. ഈ കീഴ്‌വഴക്കം അനുവദിക്കാൻ കഴിയില്ല. യൂത്ത്‌ കോൺഗ്രസിന്റെ വിശദീകരണം മതിയാകില്ല. മേൽഘടകത്തിൽ പരാതി നൽകുമെന്നും നാട്ടകം സുരേഷ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top