26 April Friday
ജില്ലയിലെ 20 പഞ്ചായത്തുകളിലുള്ളവർക്ക്‌ നേരിട്ട് ഗുണം

പച്ചക്കൊടി ഉയരുമോ കൊല്ലങ്കോട് - തൃശൂർ റെയിൽ പാതയ്‌ക്ക്‌

എ തുളസീദാസ്‌Updated: Friday Jun 2, 2023

കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ

കൊല്ലങ്കോട് > തുറമുഖ നഗരങ്ങളെയും ടൂറിസം കേന്ദ്രങ്ങളെയും വേഗത്തിൽ ബന്ധിപ്പിക്കുന്ന കൊല്ലങ്കോട് - തൃശൂർ റെയിൽവേ പാതയ്‌ക്കായി പ്രതീക്ഷയോടെ പാലക്കാട്‌. കേന്ദ്രസർക്കാരും റെയിൽവേ മന്ത്രാലയവും അവഗണന അവസാനിപ്പിച്ചാൽ റെയിൽവേ ലൈൻ യഥാർഥ്യമാകും. ജില്ലയിലെ 20 പഞ്ചായത്തിലെ ജനങ്ങൾക്ക് നേരിട്ട് ഗുണം ലഭിക്കുന്നതാണ്‌ പാത. തുറമുഖ നഗരങ്ങളായ കൊച്ചിയെയും തൂത്തുക്കുടിയെയും ബന്ധിപ്പിക്കുന്ന ദൂരക്കുറവുള്ള പാത മേഖലയിൽ വാണിജ്യത്തിന്‌ ഉണർവേകും.

തമിഴ്നാട്ടിലെ പൊള്ളാച്ചി, ഉദുമൽപ്പേട്ട, ഒട്ടൻഛത്രം തുടങ്ങി കാർഷിക മേഖലയിലെ ഉൽപ്പന്നങ്ങൾ കേരളത്തിലെ മാർക്കറ്റിലേക്ക് ചുരുങ്ങിയ ചെലവിൽ എത്തിക്കാനാകും. ടൂറിസം മേഖലയിലും വലിയ സാധ്യത തുറക്കും. അതിരപ്പിള്ളി, പീച്ചി, മംഗലംഡാം, പോത്തുണ്ടി, നെല്ലിയാമ്പതി, ടോപ്‌ സ്ലിപ്പ്, പറമ്പിക്കുളം, ആനമല, വാൾപ്പാറ, കൊടൈക്കനാൽ തുടങ്ങിയ ഹിൽ സ്റ്റേഷനുകളെയും ഇക്കോ ടൂറിസം പദ്ധതി പ്രദേശങ്ങളെയും ബന്ധിപ്പിക്കും.

54 കിലോമീറ്റർ; വരിവരിയായി തീർഥാടന കേന്ദ്രങ്ങൾ

തമിഴ്‌നാട്ടിലെ പഴനി, മധുര, ഏർവാടി, രാമേശ്വരം, തിരുചെന്തൂർ തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളെ പൊള്ളാച്ചി വഴി തൃശൂരുമായി ബന്ധിപ്പിക്കും. കൊല്ലങ്കോട്, പല്ലശന, നെന്മാറ, ആലത്തൂർ, വടക്കഞ്ചേരി, മണ്ണുത്തി വഴിയാണ് ലൈൻ കടന്നുപോകുന്നത്. ക്ഷേത്രനഗരങ്ങളായ ഗുരുവായൂർ, ആലുവ, ചോറ്റാനിക്കര, ശബരിമല യാത്രകൾക്ക് ഉപകാരമാകും.

54 കിലോമീറ്റർ ദൂരമുള്ള പദ്ധതിയുടെ സർവേ ബ്രിട്ടീഷ് ഭരണകാലത്ത് 1942ൽ നടന്നിരുന്നു. അടയാളമായി സർവേക്കല്ലുകളും സ്ഥാപിച്ചു. പി എൻ ഭാസ്‌കരൻ നായർ 1965ൽ നടത്തിയ സർവേയാണ്‌ ഔദ്യോഗികമായി നിലവിലുള്ളത്‌. ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് 2007ൽ വീണ്ടും പുതിയ ബ്രോഡ്ഗേജ് സർവേയ്‌ക്ക്‌ ഉത്തരവിട്ടെങ്കിലും നടന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top