പുനലൂർ > കരവാളൂര്‍ നഗരവനം പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പുനലൂരിനടുത്ത് കേളങ്കാവില്‍ 56 ഹെക്ടർ വനപ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രദേശത്തുനിന്ന് അക്കേഷ്യ ഉള്‍പ്പെടെയുള്ള വൃക്ഷങ്ങളും അധിനിവേശ സസ്യങ്ങളും നീക്കി തദ്ദേശീയ വൃക്ഷങ്ങളും സസ്യങ്ങളും നട്ടുപിടിപ്പിച്ചാണ് നഗരവനം സൃഷ്ടിക്കുന്നത്. പ്രകൃതിസ്നേഹികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി സഞ്ചാരികളെ ആകർഷിക്കുന്നതിനും പ്രകൃതിപഠന ക്ലാസുകൾ ഉൾപ്പെടെ സംഘടിപ്പിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് രണ്ടുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
സന്ദര്‍ശകര്‍ക്ക് പ്രദേശത്തിന്റെ ഭംഗി പൂര്‍ണമായും ആസ്വദിക്കുന്നതിനായുള്ള വ്യൂ ടവർ നിർമിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയായി. പ്രദേശത്തെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് പത്തടിയോളം ഉയരത്തിലാണ് ടവര്‍ നിര്‍മിക്കുന്നത്. പ്രവേശന കവാടത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്. അക്കേഷ്യത്തൈകൾ മുറിച്ചുമാറ്റിയ സ്ഥലത്ത് 7000 വൃക്ഷത്തൈയാണ് നട്ടുപിടിപ്പിച്ചത്. കവാടത്തിനും വ്യൂ ടവറിനും പുറമേ ശലഭോദ്യാനം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, പരിസ്ഥിതി ഷോപ്പ്, സ്മൃതിവനം, നക്ഷത്രവനം, ശൗചാലയം, വിശ്രമസ്ഥലങ്ങള്‍ തുടങ്ങിയവയും സജ്ജമാക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
പദ്ധതിപ്രദേശത്തുനിന്ന് നാലായിരത്തിലധികം വലിയ അക്കേഷ്യ മരങ്ങള്‍ കൂടി മുറിച്ചുനീക്കാനുണ്ട്. 15 ഹെക്ടറിലധികം സ്ഥലത്തായി 2006-ല്‍ നട്ട മരങ്ങളാണിത്. ഇവ മുറിക്കുന്നതിനുള്ള വര്‍ക്കിങ് പ്ലാനിന് ഇനിയും അനുമതിയായിട്ടില്ല. രാജ്യത്തെ 200 നഗരങ്ങളില്‍ ചെറുവനങ്ങള്‍ സൃഷ്ടിക്കാനാണ് നഗരവനം പദ്ധതി പ്രഖ്യാപിച്ചത്. കേരളത്തില്‍ പദ്ധതി നടപ്പാക്കുന്ന സ്ഥലങ്ങളിലൊന്നാണ് പുനലൂർ.
കാഞ്ഞിരം, എബണി, ചെങ്കുറിഞ്ഞി, നാങ്ക്, വെള്ളകില്‍, വെള്ളപ്പെന്‍, ഉണ്ടപൈന്‍, കുടംപുളി, കമ്പകം അടക്കമുള്ള തദ്ദേശീയ വൃക്ഷങ്ങളാണ് കേളങ്കാവില്‍ നട്ടുപിടിപ്പിക്കുന്നത്. പ്രദേശവാസികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പരിസ്ഥിതി സ്നേഹികള്‍ക്കും പ്രയോജനപ്പെടും വിധം പുനലൂരിലെ പത്തുപറയിലും പത്തനാപുരത്തെ കടയ്ക്കാമണ്‍ തടി ഡിപ്പോയിലും ഒരുക്കുന്ന നഗരവാടികളും പദ്ധതിയിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..