06 December Wednesday
ഒരു മാസത്തിനുള്ളിൽ റിപ്പോര്‍ട്ട്

കൊല്ലത്തിനു കുതിക്കാൻ 
ജലമെട്രോ; സാധ്യതാപഠനം തുടങ്ങി

സ്വന്തം ലേഖികUpdated: Wednesday Sep 20, 2023

അഷ്ടമുടിക്കായലിൽ ജല മെട്രോയ്ക്കുള്ള സാധ്യതാ പഠനത്തിന് കൊച്ചി വാട്ടർ മെട്രോയുടെയും നാറ്റ് പാക്കിന്റെയും ഉന്നതതല സംഘം മേയർ പ്രസന്ന ഏണസ്റ്റിനൊപ്പം കായലിൽ യാത്ര നടത്തിയപ്പോൾ

കൊല്ലം> ജില്ലയിലെ ഗതാഗത വിപുലീകരണത്തോടൊപ്പം വിനോദസഞ്ചാര സാധ്യതകൾക്ക് മുതൽക്കൂട്ടാകുന്ന അഷ്ടമുടിക്കായലിലെ ജല മെട്രോയുടെ അനന്തസാധ്യതകളെക്കുറിച്ച്‌ സാധ്യതാപഠനം തുടങ്ങി. കൊച്ചി വാട്ടർ മെട്രോയുടെയും നാറ്റ്പാക്കിന്റെയും (നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച്‌ സെന്റർ) ഉന്നതതല സംഘം അഷ്ടമുടിക്കായലിലൂടെയും റോഡ് മാർഗവും വിവിധ സ്ഥലങ്ങൾ  സന്ദർശിച്ച്‌ പ്രാഥമിക പഠന നടത്തി. കാവനാട്, സാമ്പ്രാണിക്കോടി, അഷ്ടമുടി, പെരുങ്ങാലം, കോയിവിള, അരിനല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളാണ് സംഘം അഷ്ടമുടിക്കായലിലൂടെ സന്ദർശിച്ചത്. പ്രാക്കുളം, പെരുമൺ ഫെറി, ചിറ്റുമല, മൺറോതുരുത്ത് റെയിൽവേ സ്റ്റേഷൻ, ചവറ, ഗുഹാനന്ദപുരം എന്നിവിടങ്ങളിൽ റോഡ് മാർ​ഗമായിരുന്നു സന്ദർശനം. ഇവിടത്തെ യാത്രാസൗകര്യം മനസ്സിലാക്കുന്നതിനും ടെർമിനലുകൾ, ബോട്ട് യാർഡുകൾ എന്നിവ ഉൾപ്പെടെ നിർമിക്കുന്നതിനും റോഡ് ഗതാഗതത്തെ വാട്ടർ മെട്രോയുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യത വിലയിരുത്തുന്നതിനുമാണ് സ്ഥലങ്ങൾ സന്ദർശിച്ചത്. വിവിധ സ്ഥലങ്ങളുടെ പ്രത്യേകതകൾ, നിലവിലുള്ള ജല–- റോഡ് ഗതാഗത സൗകര്യം, കൊല്ലത്തുനിന്നുള്ള ദൂരം തുടങ്ങിയവ സംഘം ശേഖരിച്ചു.
 
വിശദമായ പദ്ധതി റിപ്പോർട്ട് ഉൾപ്പെടെ പൂർത്തിയാക്കി അംഗീകാരം ലഭിച്ചാൽ ഒന്നര വർഷത്തിനകം ആദ്യഘട്ട സർവീസ് ആരംഭിക്കാനാകുമെന്നാണ്‌ പ്രതീക്ഷ. ആദ്യഘട്ടം മൺറോതുരുത്ത് വരെയാണ്. നാറ്റ്പാക് ഡയറക്ടർ സാംസങ് മാത്യു, കൊച്ചി വാട്ടർ മെട്രോ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സാജൻ പി ജോൺ, സയന്റിസ്റ്റുമാരായ അരുൺ ചന്ദ്രൻ, അനീഷ് കിണി, ഡോ. അനില സിറിൾ, ഡോ. ടി വി രമീശ, ആർദ്ര എസ് കൃഷ്ണൻ,കോർപറേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ഡി ബിജു, അസിസ്റ്റന്റ് എൻജിനിയർ രാജൻ എന്നിവരടങ്ങിയ സംഘമാണ് സന്ദർശിച്ചത്‌. മേയർ പ്രസന്ന ഏണസ്റ്റ്, മുൻ മേയർ ഹണി ബെഞ്ചമിൻ. സ്ഥിരംസമിതി അധ്യക്ഷരായ ജി ഉദയകുമാർ,  എസ് ജയൻ, എസ്  ഗീതാകുമാരി, യു പവിത്ര എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

മേയർ പ്രസന്ന ഏണസ്റ്റ്‌ കത്ത് അയച്ചതിനെത്തുടർന്ന് കൊച്ചി വാട്ടർമെട്രോ അധികൃതർ നേരത്തെ സാധ്യത പരിശോധിച്ചിരുന്നു. ഇതേത്തുടർന്നാണ് സ്ഥലങ്ങൾ നേരിട്ടു കാണുന്നതിനും പ്രാഥമിക പഠനം നടത്തുന്നതിനും ഉന്നതതല സംഘം എത്തിയത്. വാട്ടർ മെട്രോയുടെ വരവോടെ അഷ്ടമുടി ടൂറിസം സർക്യൂട്ട് കൊല്ലത്തിന്റെ ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടംതന്നെ സൃഷ്ടിക്കുമെന്ന് മേയർ പറഞ്ഞു. ഒരാഴ്ച വിവരശേഖരണം നടത്തേണ്ടതുണ്ടെന്ന്​ അധികൃതർ പറഞ്ഞു.  ആഴം അളന്ന് തിട്ടപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യാനു​ണ്ടെന്നും നാറ്റ്പാക്, വാട്ടർ മെട്രോ ഉദ്യോഗസ്ഥർ അറിയിച്ചു.

 പ്രാഥമിക സാധ്യതപഠനം നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. എംഎൽഎമാർ, പഞ്ചായത്ത് അധ്യക്ഷന്മാർ എന്നിവരുമായി  സാധ്യതാ പഠന റിപ്പോർട്ട്​ ചർച്ച ചെയ്യും. മ​ന്ത്രിമാരായ കെ എൻ ബാലഗോപാൽ,  ജെ ചിഞ്ചുറാണി എന്നിവരുമായും കൂടിയാലോചന നടത്തും. തുടർന്ന്​  കൗൺസിൽ അംഗീകാരത്തോടെ സർക്കാർ അനുമതിക്കായി നൽകുമെന്ന്​  മേയർ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top