18 September Thursday

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; ബിനു അടിമാലിക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

തൃശ്ശൂർ>  കാറും മിനിലോറിയുമായി കൂട്ടിയിടിച്ച്‌ നടനും ടെലിവിഷൻ താരവുമായ കൊല്ലം സുധി മരിച്ചു. താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കേറ്റു. നിരവധി ടെലിവിഷൻ ഷോകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും നിറഞ്ഞ് നിന്ന സുധി പ്രേക്ഷക മനസിൽ ചിരിയുടെ നിറ സാന്നിധ്യമായിരുന്നു. ദേശീയപാതയിൽ കയ്പമംഗലത്ത് പനമ്പിക്കുന്നിൽ തിങ്കളാഴ്ച പുലർച്ചെ 4.30നായിരുന്നു അപകടം.

കൊല്ലം സുധിയും  കലാകാരൻമാരും സഞ്ചരിച്ചിരുന്ന കാർ  എതിരെ വന്ന മിനി ലോറിയുമായി കൂട്ടിയിടിക്കുകയാകുന്നു. വടകരയിൽ  ചാനൽ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു സുധിയും സംഘവും. കാറിന്റെ മുൻ സീറ്റിലിരുന്ന സുധിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടൻ ആക്ടസ് ആംബുലൻസ്, ശിഹാബ് തങ്ങൾ ആംബുലൻസ്, എസ് വൈ എസ്, സാന്ത്വനം പ്രവർത്തകർ  രക്ഷാ പ്രവർത്തനം നടത്തി കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചു.  ഈ സമയത്ത്‌ ‘നെഞ്ചിൽ വലിയ ഭാരം തോന്നുന്നതായി സുധി സംസാരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. പിന്നീട്‌ സ്‌കാനിങ്ങ്‌ ഉൾപ്പെടെ നടത്തി. ഇതിനിടെയാണ്‌ മരണം.

പരിക്കേറ്റ മറ്റ് കലാകാരൻമാരെ പിന്നീട്‌ എറണാകുളം സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി. സുധിയുടെ മൃതദേഹം പൊലീസ്‌ ഇൻക്വസ്‌റ്റിനുശേഷം കൊടുങ്ങല്ലൂർ ഗവ. ആശുപത്രിയിൽ പോസ്‌റ്റുമോർട്ടം നടത്തി വീട്ടുകാർക്ക്‌ വിട്ടു നൽകും. മഹേഷാണ്‌ കാർ ഓടിച്ചിരുന്നുവെന്നതാണ്‌ വിവരം. ഇയാൾ ഉറങ്ങിയിട്ടുണ്ടോയെന്ന്‌ പരിശോധിച്ച്‌ വരികയാണെന്ന്‌ പൊലീസ്‌ പറഞ്ഞു. ഒരാഴ്ച മുമ്പ് ഇതേ സ്ഥലത്ത് നിർത്തിയിട്ട ലോറിക്ക് പിറകിൽ ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചിരുന്നു.

ടെലിവിഷൻ ഷോകളിലൂടെയാണ് കൊല്ലം സുധി പ്രേക്ഷക മനസിൽ ഇടം നേടിയത്. സ്റ്റേജ് പ്രോഗ്രാമുകൾ സുധിയെ ജന മനസുകളിലേക്ക് കൂടുതൽ അടുപ്പിച്ചു. സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഹൃതിക് റോഷനിലെ ഒറ്റ സീനിൽ തന്നെ സുധി തന്റെ അഭിനയ കയ്യൊപ്പ് ചാർത്തി. കേശു ഈ വീടിന്റെ നാഥൻ ,കുട്ടനാടൻ മാർപ്പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷണൽ ലോക്കൽ സ്‌റ്റോറി, എസ്‌കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിലും സുധിയുടെ വേഷങ്ങൾ ശ്രദ്ധ നേടിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top