കടയ്ക്കൽ > ചാപ്പകുത്തൽ നാടകം നടത്തി കലാപാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ച ജവാനെയും സുഹൃത്തിനെയും തുടരന്വേഷണങ്ങൾക്കായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇട്ടിവ തുടയന്നൂർ ചാണപ്പാറ ബി എസ് ഭവനിൽ ഷൈൻ (35), സുഹൃത്ത് മുക്കട ജോഷി സദനിൽ ജോഷി (40)എന്നിവരെയാണ് നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഒക്ടോബർ മൂന്നുവരെ പ്രതികളെ കൈവശംവയ്ക്കാൻ കോടതി അനുവാദം നൽകി.
രാജസ്ഥാനിലെ മിലിട്ടറി ആസ്ഥാനത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയ ഷൈൻ തന്നെ പോപ്പുലർ ഫ്രണ്ടുകാർ ആക്രമിച്ച് ചാപ്പകുത്തിയെന്ന ആരോപണവുമായി ഞായർ രാത്രി 12നാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. പൊലീസ് ചോദ്യംചെയ്തപ്പോൾ പരസ്‌പരവിരുദ്ധ മൊഴികളാണ് ഷൈനും ജോഷിയും നൽകിയത്. കൂടുതൽ ചോദ്യംചെയ്തതോടെ തട്ടിപ്പിന്റെ ചുരുളഴിഞ്ഞു. ബിജെപി പ്രവർത്തകനാണ് ജോഷി. ഷൈൻ അനുഭാവിയും. സംഭവത്തിന് പിന്നാലെ ജില്ലാഭാരവാഹികളുടെ നേതൃത്വത്തിൽ പൊലീസ് സ്‌റ്റേഷനിലേക്ക് ബിജെപി മാർച്ച് നടത്തിയിരുന്നു. കലാപനീക്കത്തിനുള്ള ശ്രമമാണ് പൊളിഞ്ഞത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..