16 September Tuesday

കൊല്ലത്ത്‌ സൈനികന്റെ ദേഹത്ത്‌ പിഎഫ്‌ഐ എന്ന്‌ ചാപ്പകുത്തിയെന്നത്‌ വ്യാജം; പ്രശസ്‌തനാകാൻ തറവേല

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023


കടയ്ക്കൽ (കൊല്ലം)
ആക്രമിച്ച്‌ കീഴ്‌പ്പെടുത്തി മുതുകത്ത് പിഎഫ്‌ഐ (പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ) എന്ന്‌ ചാപ്പകുത്തിയെന്ന സൈനികന്റെ പരാതി വ്യാജം. സൈനികൻ ഇട്ടിവ തുടയന്നൂർ ചാണപ്പാറ ബി എസ് ഭവനിൽ ഷൈൻ (35), സുഹൃത്ത് മുക്കട ജോഷി സദനത്തിൽ ജോഷി (40) എന്നിവരെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. എഴുതാനുപയോഗിച്ച ബ്രഷും പെയിന്റും കൈയും വായയും ബന്ധിക്കാനുപയോഗിച്ച സെല്ലോടേപ്പും ജോഷിയുടെ വീട്ടിൽനിന്ന്‌ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു.

സുഹൃത്തായ ജോഷിക്ക് പണം നൽകി മടങ്ങുമ്പോൾ നാലുപേർ ചേർന്ന്‌ തന്നെ മർദ്ദിച്ച്‌ കൈകൾ ബന്ധിച്ചശേഷം മുതുകത്ത്‌ പിഎഫ്ഐ എന്ന് എഴുതിയെന്നായിരുന്നു ഷൈനിന്റെ പരാതി. രാജസ്ഥാനിൽനിന്ന്‌ അവധിയ്ക്ക് നാട്ടിലെത്തിയ ഷൈൻ ചാപ്പകുത്തൽ ആരോപണവുമായി ഞായർ രാത്രി 12ന്‌ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലാണ്‌ ചികിത്സ തേടിയത്‌. പിന്നാലെ പരാതിയും നൽകി. ഷൈൻ ആസൂത്രണംചെയ്ത് നടപ്പാക്കിയ പദ്ധതിയായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു.  ഫോറൻസിക് വിദഗ്‌ധരും തിരുവനന്തപുരത്തുനിന്നു മിലിട്ടറി ഇന്റലിജൻസും സ്ഥലത്തെത്തിയിരുന്നു.

ഷൈനും ജോഷിയും പരസ്‌പരവിരുദ്ധ മൊഴികളാണ്‌ പൊലീസിന്‌ നൽകിയത്‌. ചോദ്യംചെയ്യലിൽ തട്ടിപ്പിന്റെ ചുരുളഴിഞ്ഞു. ഞായർ രാത്രി ഷൈനും ജോഷിയും സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തന്നെ മർദ്ദിക്കാനും കയ്യിൽ കരുതിയിരുന്ന പെയിന്റും ബ്രഷും നൽകിയശേഷം ടീഷർട്ടിന്റെ പിൻവശം കീറി മുതുകത്ത് പിഎഫ്ഐ എന്നെഴുതാനും ഷൈൻ ആവശ്യപ്പെട്ടതായി ജോഷി പൊലീസിനോട്‌ സമ്മതിച്ചു. തെറ്റിദ്ധരിച്ച്‌ ‘ഡിഎഫ്ഐ' എന്നെഴുതിയത്‌ ഷൈൻ പിഎഫ്ഐ എന്ന് തിരുത്തിച്ചതായും ജോഷി  പറഞ്ഞു.  

ബിജെപി പ്രവർത്തകനാണ്‌ ജോഷി. ഷൈൻ അനുഭാവിയും. ജോഷിയുടെ ഭാര്യ വിസ്മയ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കിളിമാനൂർ പഞ്ചായത്ത്‌ മലയ്ക്കൽ വാർഡിൽ ബിജെപി സ്ഥാനാർഥിയായിരുന്നു. ബിജെപി കഴിഞ്ഞ ദിവസം കടയ്‌ക്കൽ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാർച്ച്‌ നടത്തിയിരുന്നു. തട്ടിപ്പ്‌ പുറത്തായതോടെ ബിജെപിയുടെ കലാപനീക്കത്തിനുള്ള ശ്രമമാണ്‌ തകർന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top