20 April Saturday

ഭക്ഷ്യസുരക്ഷയ്‌ക്ക്‌ ഇതാ കൊല്ലത്തിന്റെ മാതൃക

സ്വന്തം ലേഖകൻUpdated: Thursday Dec 2, 2021


കൊല്ലം>  ഭക്ഷ്യസുരക്ഷയിൽ വെല്ലുവിളിനേരിടുന്ന നാടിനു മാതൃകയായി സഹകരണമേഖലയിൽ കൊല്ലത്തുനിന്നൊരു സംരംഭം. കിഴക്കൻമേഖലയിലെ ഇട്ടിവ തേക്കിൽ  കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ജില്ലാ ലൈവ്‌ സ്റ്റേക്ക്‌ ആൻഡ്‌ ഹോർട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്‌സ്‌, പ്രോസസിങ്‌ ആൻഡ്‌ മാർക്കറ്റിങ്‌ കോ –-ഓപറേറ്റീവ്‌ സൊസൈറ്റിയാണ്‌ കാലത്തിന്റെ  മാറ്റത്തിനൊപ്പം കുതിക്കുന്നത്‌.

കാർഷിക മേഖലയിലും മൃഗസംരക്ഷണ മേഖലയിലും ഇടപെട്ട്‌ ഉൽപ്പാദനവർധനവും കൃഷിക്കാർക്ക്‌ മെച്ചപ്പെട്ട വരുമാനവും ഉറപ്പുവരുത്തുക, വിഷരഹിതവും ഗുണമേന്മയുള്ളതുമായ പച്ചക്കറിയും പഴവർഗങ്ങളും പാലും മാംസവും ജനങ്ങൾക്ക്‌ ന്യായവിലയ്‌ക്ക്‌ ലഭ്യമാക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ്‌ സൊസൈറ്റിയുടെ ലക്ഷ്യം. സൊസൈറ്റി നേരിട്ട്‌ ഫാമുകൾ നടത്തുന്നു. ഒപ്പം അംഗങ്ങളായ കൃഷിക്കാർ ഉൽപ്പാദിപ്പിക്കുന്നവ സംഭരിച്ച്‌ വിപണനം നടത്തുകയും ചെയ്യുന്നുണ്ട്‌.

ആദ്യ ഫാം ഇട്ടിവയിൽ
ആദ്യത്തെ ഫാം ഇട്ടിവ പഞ്ചായത്തിലെ തേക്കിൽ ഒരു വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ചു. ഇതിനായി അഞ്ചേക്കർ ഭൂമി ദീർഘകാല പാട്ടത്തിന്‌ ഏറ്റെടുത്തു. ഇവിടെ 250 മേൽത്തരം ആടുകളെ വളർത്തുന്നുണ്ടിപ്പോൾ. 50 മുറവിഭാഗത്തിൽപ്പെട്ട പോത്തിനെയും അഞ്ച്‌ എരുമകളെയും  വളർത്തുന്നു. 50 പശുക്കളെ വളർത്തുന്നതിനും സൗകര്യം ഉറപ്പുവരുത്തി. രണ്ടേക്കറിൽ പുൽക്കൃഷിയും രണ്ടേക്കറിൽ പച്ചക്കറിയും പഴവർഗങ്ങളും കൃഷിചെയ്യുന്നു. ഫിഷറീസ്‌ വകുപ്പിന്റെ സഹായത്തോടെ മത്സ്യക്കൃഷി  ആരംഭിച്ചു. 20 തൊഴിലാളികൾക്ക്‌ സ്ഥിരം ജോലി നൽകുന്നു.
സൊസൈറ്റി നേരിട്ട്‌ 1.13 കോടി രൂപയ്‌ക്ക്‌ നാലേക്കർ ഭൂമിവാങ്ങി രണ്ടാമത്തെ ഫാം അഞ്ചൽ അലയമൺ പഞ്ചായത്തിൽ 2021ൽ ആരംഭിച്ചു. ഇവിടെ 50 മുറ പോത്തിനെ വളർത്തുന്നു. 100 പശുക്കൾ, 150 പോത്ത്‌, 50 എരുമ, 250 ആട്‌ എന്നിവയും ഇവിടെയുണ്ട്

ശീതീകരണ സൗകര്യത്തോടെ സംഭരണ വിപണനകേന്ദ്രം
20 ഏക്കർ കൃഷിഭൂമി പാട്ടത്തിനെടുത്ത്‌ പച്ചക്കറിയും പഴവർഗങ്ങളും കൃഷി ചെയ്യുന്നതിന്‌ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്‌. കൃഷിക്കാർക്ക്‌ പ്രത്യേകം പരിശീലനം നൽകിയും തേനീച്ചപ്പെട്ടികൾ നിർമിച്ചുനൽകിയും ശുദ്ധമായ തേനിന്റെ ഉൽപ്പാദനം വർധിപ്പിക്കും. പച്ചക്കറി, കിഴങ്ങുവർഗങ്ങൾ, പഴവർഗങ്ങൾ ഇവ ശേഖരിച്ച്‌ സംസ്‌കരിച്ച്‌ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കുന്നതിനും പദ്ധതിയുണ്ട്‌. ചിതറയിലും അഞ്ചലിലും രണ്ട്‌ കോ –-ഓപറേറ്റീവ്‌ മാർട്ടുകൾ പ്രൈമറി സഹകരണ ബാങ്കുകളുമായി സഹകരിച്ച്‌ നടത്തുന്നു. അഞ്ചൽ കേന്ദ്രീകരിച്ച്‌ ശീതീകരണ സൗകര്യത്തോടെ വിപുലമായ സംഭരണ വിപണന സംവിധാനം ആരംഭിക്കാൻ  കോ –-ഓ​പറേറ്റീവ്‌ മാർട്ട്‌ ഉടൻ ആരംഭിക്കുമെന്ന്‌ സൊസൈറ്റി പ്രസിഡന്റായ സിപിഐ എം സംസ്ഥാനകമ്മിറ്റിഅംഗം എസ്‌ രാജേന്ദ്രൻ പറഞ്ഞു.

സൊസൈറ്റിക്ക്‌ നിലവിൽ 200 ഓഹരിയുടമകളാണുള്ളത്‌. ഈ വർഷം തന്നെ അംഗസംഖ്യ 500 ആയി ഉയർത്തും. ജില്ലയിലെ സഹകരണ സ്ഥാപനങ്ങൾ നൽകിയ ഓഹരി മൂലധനമടക്കം 2.55 കോടി രൂപ ഓഹരി മൂലധനമായി ലഭിച്ചിട്ടുണ്ട്‌. ഇത്‌ മൂന്ന് കോടിയായി ഈ വർഷം തന്നെ ഉയർത്തും. സൊസൈറ്റി മുൻകൈയെടുത്ത്‌ 20 കൃഷിക്കാർ അംഗങ്ങളായുള്ള കർഷക ക്ലസ്റ്ററുകൾ രൂപീകരിച്ചു. 50 ക്ലസ്റ്ററുകൾ രൂപീകരിക്കാനാണ്‌ ലക്ഷ്യം. ലാഭത്തിലാണ്‌ സൊസൈറ്റി  പ്രവർത്തിക്കുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top