06 December Wednesday

ചരിത്രമാകാൻ കൊല്ലം മഹോത്സവം: കൊല്ലത്തെ പേരുകൾക്ക് പിന്നിൽ

മഹേഷ്‌ കൃഷ്‌ണൻUpdated: Tuesday Sep 19, 2023

ചിന്നക്കട ക്ലോക്ക് ടവർ

കൊല്ലം > ചിന്നക്കടയ്ക്ക് ആ പേര് ലഭിച്ചതിനു പിന്നിൽ ചൈനയ്ക്ക് എന്ത്‌ ബന്ധം. റെയിൽവേ സ്റ്റേഷൻ പരിസരത്തെ രാജകീയ വസതിയായിരുന്ന കെട്ടിടത്തിന് എങ്ങനെ ചീനക്കൊട്ടാരമെന്ന പേര് ലഭിച്ചു. ചരിത്രാന്വേഷികളുടെ  ചോദ്യങ്ങളാണിവ. ഏതു നാടിനും പേര് ലഭിച്ചതിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. അതിൽ ചരിത്രമുണ്ടാകും മിത്തുകളുണ്ടാകും.  സാമൂഹ്യ-–-സാംസ്കാകാരിക വൈവിധ്യങ്ങൾ, സാമൂഹ്യ ജീവിതം, തൊഴിൽ, ആചാരാനുഷ്ഠാനങ്ങൾ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവ ഇതിൽ ചിലതുമാത്രം.  അതിനിടയിൽ തമസ്കരിക്കപ്പെട്ട സമൂഹങ്ങളും സംഭവങ്ങളും  ജീവിതങ്ങളുമുണ്ട്. അവയെക്കുറിച്ച് ആഴത്തിൽ ച‍ർച്ച ചെയ്യുന്ന വേദിയാകും കൊല്ലം മഹോത്സവം.  
 
കൊല്ലം എന്ന പേര് ലഭിച്ചതിനു പിന്നിൽ തന്നെ നിരവധി വാദങ്ങളുണ്ട്. കൊല്ലവ‍ർഷത്തിന്റെ ആരംഭമാണ് പേരിനുകാരണം എന്നതാണ് അതിലൊന്ന്. ചൈനാഭാഷയിൽ വിപണി എന്ന അ‍ർഥത്തിൽ ക്വയ്‍ലൺ എന്ന വാക്കുണ്ടെന്നും കൊല്ലമെന്ന പേരുമായി ഇതിനുബന്ധമുണ്ടെന്നും പറയുന്നവരുണ്ട്. രാജകൊട്ടാരം സ്ഥിതിചെയ്തിരുന്ന സ്ഥലമായതിനാൽ കോവിലകം അല്ലെങ്കിൽ കോയിൽ+ ഇല്ലം എന്ന വാക്ക് ചുരുങ്ങി കൊല്ലമായി എന്നും പറയപ്പെടുന്നു.
 
ചിന്നക്കടയ്ക്കും 
ചിലതുണ്ട് പറയാൻ
 
നഗരത്തിന്റെ ഹൃദയവും പ്രധാന വ്യാപാരകേന്ദ്രവുമാണ് ചിന്നക്കട. ചൈനയും കൊല്ലവുമായുള്ള  വാണിജ്യബന്ധം  സമ്മാനിച്ച പേരാണ് ചിന്നക്കടയെന്നാണ് ചിലർ പറയുന്നത്. ചീനക്കട എന്ന പേര് പരിണമിച്ച് ചിന്നക്കടയായി എന്നുള്ള വാദത്തിന് പിന്തുണയായി കൊല്ലം ചൈനയുടെ  വാണിജ്യകേന്ദ്രമായിരുന്നെന്ന് തെളിയിക്കുന്ന രേഖകളും ലഭിച്ചിട്ടുണ്ട്. 2014ൽ തങ്കശ്ശേരിയിൽനിന്ന് ലഭിച്ച ചൈനീസ് നാണയങ്ങളും ഒമ്പതാം നൂറ്റാണ്ടിൽ കേരളം സന്ദ‍ശിച്ച അറബ് സഞ്ചാരിയായ സുലൈമാന്റെ രചനയിൽ കൊല്ലത്തെ ചൈനീസ് വ്യാപാരം സംബന്ധിച്ച പരാമർശങ്ങളും വാദത്തിന് പിന്തുണയേകുന്നു. 
 
ചെറുത് എന്ന അ‍‍ർഥമുള്ള ചിന്ന എന്ന വാക്കും കമ്പോളത്തിന്റെ മറ്റൊരുവാക്കായ കടയുമായി യോജിച്ച് ചെറിയകടയെന്ന രീതിയിലുണ്ടായതാണ് ചിന്നക്കടയെന്നതാണ് മറ്റൊരഭിപ്രായം. ചിന്ന എന്ന വാക്ക് മലയാള ഭാഷാവ്യവഹാരത്തിൽ ഉൾപ്പെട്ടിരുന്നതായി ചരിത്രകാരന്മാ‍രും ചൂണ്ടിക്കാട്ടുന്നു. ചിന്നക്കട എന്നത്  മധ്യകാലത്തിനു ശേഷം ഉണ്ടായ കമ്പോളമാകാമെന്നും വലിയകടയ്ക്ക് ഇന്നത്തെ ചിന്നക്കടയേക്കാൾ പ്രാധാന്യമുണ്ടായിരുന്നിരിക്കാം എന്നും ഇതിനോടൊപ്പം ചേർത്തുപറയുന്നുണ്ട്. ഇത്തരത്തിലുള്ള കമ്പോളങ്ങളായിരുന്നു പായിക്കട, പുള്ളിക്കട, കടപ്പാക്കട എന്നിവയെന്നും വാദമുണ്ട്. ജൈനസമൂഹത്തിന് കൊല്ലവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നെന്നും ജൈനക്കട എന്നത് ചിന്നക്കടയായി എന്നതാണ് മറ്റൊരു നിരീക്ഷണം. ഇതിന് അവലംബമായി ചൂണ്ടിക്കാണിക്കുന്നത് ജൈനപാരമ്പര്യത്തിൽ രൂപംകൊണ്ട മുനീശ്വരൻ കോവിലുകളാണ്. കൊല്ലത്ത് കൊച്ചുംപിലാമൂട്, ആശ്രാമം എന്നിവിടങ്ങളിൽ മുനീശ്വരൻ കോവിലുകളുണ്ട്.
 
കൊട്ടാരക്കരയിലെ കൊട്ടാരം
 
ഇളയിടത്ത് സ്വരൂപത്തിന്റെ കൊട്ടാരം നിലനിന്ന കരയാണ് കൊട്ടാരക്കരയായതെന്ന വാദം ശക്തമാണ്. കൊട്ടാരക്കരയുടെ മറ്റൊരുപേരായി രാമനാട്ടക്കരയും പറയപ്പെടുന്നു. കൊട്ടാരക്കരയുടെ ചരിത്രം പരിശോധിക്കുമ്പോൾ ഇളയിടത്ത് സ്വരൂപവും കഥകളിയുടെ ആദ്യരൂപമായ രാമനാട്ടവും ഒഴിവാക്കാനാകില്ല.  പതിനാലാം നൂറ്റാണ്ടിൽ വേണാട് രാജവംശത്തിന്റെ ശാഖയായ ഇളയിടത്തു സ്വരൂപം  കൊട്ടാരക്കരയിൽ ആസ്ഥാനമുറപ്പിച്ചോൾ അവ‍ർ നി‍ർമിച്ച കൊട്ടാരം സ്ഥിതിചെയ്തിരുന്ന സ്ഥലമാണ് കൊട്ടാരക്കരയെന്നാണ് പരക്കെ പറയപ്പെടുന്നത്.
 
എന്നാൽ, ഇതിന് മറുവാദവുമുണ്ട്. ഇളയിടത്ത് സ്വരൂപം 14ാം നൂറ്റാണ്ടിൽ കിളിമാനൂ‍ർ കേന്ദ്രമായി രൂപമെടുത്തതാണെന്നും ഇവർ കൊട്ടാരക്കരയിൽ ആസ്ഥാനമുറപ്പിക്കുന്നത് പതിനഞ്ചാം നൂറ്റാണ്ടിലാണെന്നുമാണ് ഇതിനുള്ള സാധൂകരണം.  അതിനു മുമ്പുതന്നെ കൊട്ടാരക്കരയുടെ ആദ്യരൂപം എന്ന് വിശ്വസിക്കാവുന്ന ഒന്ന് ചരിത്രരേഖകളിൽ കുറിക്കപ്പെട്ടിട്ടുണ്ട്.  വേണാട് രാജാവായ ഉദയമാ‍ർത്താണ്ഡവ‍‍ർമയുടെ കൊല്ലവ‍ർഷം  343ലെ  കിളിമാനൂർ ചെമ്പുപട്ടയത്തിലാണ് കൊട്ടകാരക്കരൈ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.  ഇതിൽ കൊട്ടാരക്കരയ്ക്ക് അടുത്തുള്ള സ്ഥലങ്ങളായ ആറ്റുവാശ്ശേരിയും കോട്ടാത്തലയും  പള്ളിക്കലും ഉൾപ്പെടുന്നത് വിശ്വാസ്യത വ‍ർധിപ്പിക്കുന്നു.
 
ചാത്തനൂരിൽ 
നിന്നുള്ള ചാത്തന്നൂർ
 
ചാത്തൻ എന്ന വ്യക്തിനാമത്തിൽനിന്ന് ഉരുത്തിരിഞ്ഞ പേരാണ് ചാത്തന്നൂരെന്നതാണ് പരക്കെ സ്വീകരിച്ചിട്ടുള്ള വാദമുഖം. ചാത്തൻ ഊരുമായി ചേരുമ്പോൾ ചാത്തനൂർ എന്ന പേരാകും രൂപപ്പെടുക. ഇതായിരിക്കാം പിൽക്കാലത്ത് ചാത്തന്നൂരായത്. ചാത്തന്നൂരിലെ ചേന്നമത്ത് ശിവക്ഷേത്രത്തിലുള്ള ഏഴു വരികളുള്ള വട്ടെഴുത്ത് ലിഖിതത്തിൽ സ്ഥലനാമം ചാത്തനൂർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 
 
ഇത്തരത്തിൽ കൊല്ലത്തെ പല സ്ഥലങ്ങളുടെ പേരിനും കാരണമായിത്തീർന്ന നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബുദ്ധവിഹാരങ്ങളുടെ സ്വാധീനമാണ് കരുനാ​ഗപ്പള്ളി, പൂയപ്പള്ളി, മരുതമൺപള്ളി എന്നീ സ്ഥലങ്ങളുടെ പിന്നിലെന്നും പുലയ, പുലവ സമുദായങ്ങൾക്കുള്ള ബന്ധത്തിൽ നിന്നാണ് പുലമൺ എന്ന പേരുണ്ടായതെന്നും രാജപടയാളികളുടെ പോരാട്ടങ്ങളുടെ സം​ഗമഭൂമിയാണ് പടനായർകുളങ്ങരയെന്നും ചാവേറുകളുടെ  പാളയമായിരുന്നു ചവറയെന്നുമുള്ളത് ഇതിൽ ചുരുക്കം മാത്രം. ഈ വാദങ്ങളിന്മേലുള്ള ചർച്ചയുടെയും സംവാദങ്ങളുടെയും വേദിയായി കൊല്ലം മഹോത്സവം മാറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top