08 December Friday

ചരിത്രമാകാൻ കൊല്ലം മഹോത്സവം: ചിന്നക്കടയിലെ ഓടയിൽ നിന്നൊരു സിനിമ

എം അനിൽ/ബിജോ ടോമിUpdated: Thursday Sep 21, 2023

1958ലെ ചിന്നക്കട ബസ്റ്റാൻഡ്( ഫയൽ ചിത്രം), ഓടയിൽ നിന്ന് നോവൽ

കൊല്ലം > പി കേശവദേവിന്റെ ‘ഓടയിൽനിന്ന്‌’ എന്ന നോവൽ പിറന്നതും രണ്ടു പതിറ്റാണ്ടിനുശേഷം അതേ പേരിൽ സിനിമയായതും ചിന്നക്കടയിൽ. 1942ൽ ആണ്‌ നോവൽ പുറത്തിറങ്ങിയതെങ്കിൽ ഓടയിൽനിന്ന്‌ എന്ന സിനിമ റിലീസായത്‌ 1965ൽ. നോവലിന്‌ കഥാപാത്രങ്ങളെ സമ്മാനിച്ചതും പിന്നീട്‌ സിനിമയ്‌ക്ക്‌ ലൊക്കേഷനായതും ചിന്നക്കടയും പരിസരവുമാണ്‌.

പഴയ ചിന്നക്കടയിൽ ക്ലോക്ക്‌ടവറിനു സമീപത്തെ ആശാൻ ടീ ഷോപ്പിനോടു ചേർന്നുള്ള പീടികകളുടെ മുകളിലുണ്ടായിരുന്ന ക്വയിലോൺ ഫാക്ടറി വർക്കേഴ്‌സ്‌ യൂണിയൻ ഓഫീസിന്റെ വരാന്തയിൽ ഇരിക്കവെ വീഥിയിൽ കണ്ടൊരു കാഴ്‌ചയാണ്‌ കേശവദേവിന്റെ മനസ്സിൽ നോവലിന്‌ വിത്തുപാകിയത്‌. റിക്ഷതട്ടി പെൺകുട്ടി ഓടയിൽ വീഴുന്നതും അവളുടെ കൈയിലുണ്ടായിരുന്ന പൊതികൾ നശിക്കുന്നതും റിക്ഷാക്കാരൻ തന്നെ അവളെ പൊക്കിയെടുക്കുന്നതുമാണ്‌ സംഭവം. ഇതാണ്‌ നോവലിന്റെ ഇതിവൃത്തവും. ഇതേക്കുറിച്ച്‌ പി കേശവദേവ്‌ തന്നെ വിവരിച്ചിട്ടുണ്ട്‌.
 
ഓടയിൽനിന്ന്‌ സംവിധാനം ചെയ്‌തത്‌ കെ എസ്‌ സേതുമാധവനും നിർമാണം പി രാമസ്വാമിയും ആയിരുന്നു. 1965 മാർച്ച്‌ അഞ്ചിന്‌ റിലീസായ സിനിമയിൽ സത്യൻ, പ്രേംനസീർ, കെ ആർ വിജയ, കവിയൂർ പൊന്നമ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളായി. സംഗീതം നൽകിയത്‌ കൊല്ലത്തിന്റെ സ്വന്തം ദേവരാജൻ മാഷ്‌  (പരവൂർ സ്വദേശി) ആയിരുന്നു. സുരേഷ്‌ഗോപി ബാലതാരമായി ആദ്യമായി അഭിനയിച്ചതും ഈ സിനിമയിലാണ്‌. റിക്ഷാക്കാർ അണിനിരക്കുന്ന പാട്ടുസീനിലും മറ്റും കൊല്ലത്തെ നിരവധിപേർക്ക്‌ മുഖംകാണിക്കാൻ അവസരംലഭിച്ചു. ഒ മാധവൻ നയിച്ച കാളിദാസകലാകേന്ദ്രത്തിലെ കലാപ്രതിഭകൾക്കും സിനിമയിൽ അവസരംലഭിച്ചു. സിനിമയിൽ റിക്ഷാക്കാരന്റെ വേഷമണിഞ്ഞ സത്യനെ റിക്ഷ വലിച്ചുകൊണ്ടുപോകാൻ പരിശീലിപ്പിച്ചത്‌ മുണ്ടയ്‌ക്കൽ സ്വദേശി നാണു ആയിരുന്നു. തിരുവിതാംകൂർ രാജഭരണകാലത്ത്‌ ആശ്രാമം മൈതാനിയിൽ സ്ഥാപിച്ച ലോക്കപ്പും സിനിമയ്‌ക്ക്‌ ഉപകരിച്ചു. ലോക്കപ്പ്‌ കാലയവനികയിൽ മറഞ്ഞുപോയി. പി കേശവദേവിന്റെ ഓടയിൽനിന്ന്‌ എന്ന നോവൽ 1962- 63 കാലത്ത്‌ എസ്‌എസ്‌എൽസി മലയാളം പാഠപുസ്‌തകത്തിന്റെ ഉപപാഠപുസ്‌തകമായിരുന്നു. വിദ്യാഭ്യാസ വകുപ്പുകൂടി കൈകാര്യംചെയ്‌ത മുഖ്യമന്ത്രി ആർ ശങ്കറാണ്‌ ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്‌.
 
കഥ ഇങ്ങനെ  

‘ഓടയിൽനിന്ന്‌’ എന്ന കഥ പിറവികൊണ്ടതിനെപ്പറ്റി കേശവദേവ്‌ പറഞ്ഞിട്ടുള്ളത്‌ : തന്റെ ചെറുകഥകൾ കൂട്ടിച്ചേർത്തുള്ള പുസ്‌തകം വിൽക്കാനാണ്‌ കൊല്ലത്തെത്തിയത്‌. പുസ്‌തകം ആർക്കൊക്കെയോ കൊടുത്തു. കാശൊന്നും കിട്ടിയില്ല. തുടർന്ന്‌ ചിന്നക്കടയിലെ ക്വയിലോൺ ഫാക്ടറി വർക്കേഴ്‌സ്‌ യൂണിയൻ ഓഫീസിൽ കയറിച്ചെന്നു. അന്ന്‌ രാവിലെയും ഉച്ചയ്‌ക്കും ഓരോ ഗ്ലാസ്‌ ചായ മാത്രമായിരുന്നു ആഹാരം. രാത്രിയിൽ തലചായ്‌ക്കാൻ ഒരിടം എന്ന ലക്ഷ്യത്തോടെയാണ്‌ യൂണിയൻ ഓഫീസിൽ കയറിച്ചെന്നത്‌. ഓഫീസിൽ ഒരു പ്രവർത്തകൻ ഉണ്ടായിരുന്നു. ഓഫീസിനുള്ളിൽനിന്ന്‌ ഒരു ബെഞ്ചെടുത്ത്‌ വരാന്തയിൽകൊണ്ടിട്ട്‌ അതിലിരുന്ന്‌ ചിന്നക്കടയുടെ സായാഹ്നം വീക്ഷിച്ചു. ചിന്നക്കട നിറയെ റിക്ഷകളും കാളവണ്ടിയും ബസുകളും ലോറികളും കാറുകളും യാത്രക്കാരും. തൊട്ടടുത്തായി റെയിൽവേ സ്റ്റേഷനും.

അപ്പോഴാണ്‌ റോഡരുകിൽ കിടന്ന റിക്ഷയും അതിനുള്ളിൽ റിക്ഷാക്കാരനെയും കണ്ടത്‌. റിക്ഷയുടെ പിന്നിലായി ഒരുപെൺകുട്ടിയും ഉണ്ടായിരുന്നു. തുടർന്നുകണ്ടത്‌ റിക്ഷ ഒന്നു പിറകോട്ടെടുത്ത്‌ മുന്നോട്ടുപോകുന്നതും റിക്ഷതട്ടി പെൺകുട്ടി നിലവിളിച്ചുകൊണ്ട്‌ ഓടയിലേക്ക്‌ വീഴുന്നതുമാണ്‌. ഒപ്പം അവളുടെ കൈയിൽ സൂക്ഷിച്ചിരുന്ന പൊതിയിൽനിന്ന്‌ വീട്ടിലേക്കാവശ്യമായ ഉപ്പും മുളകും മണ്ണെണ്ണയും മറ്റും ചിതറിവീണു. റിക്ഷാക്കാരൻ ഓടിവന്ന്‌ പെൺകുട്ടിയെ ഓടയിൽനിന്നു പൊക്കിയെടുത്തു. അവളുടെ ദേഹത്തുപറ്റിയ അഴുക്കുവെള്ളം തുടച്ചുകളഞ്ഞു. അമ്മ തല്ലുമെന്നു പറഞ്ഞ്‌ പെൺകുട്ടി പിന്നെയും കരഞ്ഞു. റിക്ഷാക്കാരൻ വീട്ടുസാധനങ്ങൾ വാങ്ങാൻ എളിയിൽനിന്ന്‌ കാശെടുത്തുകൊടുത്തു. തുടർന്ന്‌ റിക്ഷയും വലിച്ചുകൊണ്ട്‌ അയാൾ പോയി. പെൺകുട്ടിയും വീട്ടിലേക്ക്‌ പോയിരുന്നു.

വരാന്തയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന ഞാൻ റിക്ഷാക്കാരന്റെ സ്ഥാനത്ത്‌ എന്നെത്തന്നെ സങ്കൽപ്പിച്ചു. ബാല്യംതൊട്ടുള്ള എന്റെ വളർച്ച ആ റിക്ഷാക്കാരന്‌ സമ്മാനിച്ചു. റിക്ഷാക്കാരന്‌ പപ്പു എന്ന്‌ പേരിട്ടു. പെൺകുട്ടിക്ക്‌ ലക്ഷ്മിയെന്നും. രാത്രിയിലെത്തിയ യൂണിയൻ സെക്രട്ടറി ടി കെ ദിവാകരൻ വാങ്ങിനൽകിയ മണിപ്പുട്ടും ഇറച്ചിച്ചാറും ചായയും കഴിച്ചശേഷം യൂണിയൻ ഓഫീസിൽ തിരികെവന്നു. അപ്പോഴും മനസ്സ്‌ നിറയെ ആ സംഭവമായിരുന്നു. പപ്പുവിന്റെ അന്ത്യം ഭാവനയിൽകണ്ടു. പുലർച്ചെ ബഞ്ചിൽ കിടന്നുറങ്ങി. അടുത്ത ദിവസം രാവിലെ യൂണിയൻ ഓഫീസിന്റെ മുറിയിലിരുന്ന്‌ ഞാനൊരു നോവലെഴുതിത്തുടങ്ങി. അതാണ്‌ എന്റെ ‘ഓടയിൽനിന്ന്‌’.
 
ഷൂട്ടിങ് കാണാൻ 
അച്ഛന്റെ കൈയുംപിടിച്ച്‌...
 
‘ഓടയിൽനിന്ന്‌ സിനിമയുടെ ഷൂട്ടിങ് കാണാൻ ചെറിയ കുട്ടിയായിരിക്കെ അച്ഛന്റെ കൈയുംപിടിച്ച്‌ ചിന്നക്കടയിലും ആശ്രാമത്തും പോയ നേരിയൊരു ഓർമ എനിക്കുണ്ട്‌. അച്ഛന്റെ കാളിദാസ കലാകേന്ദ്രത്തിലെ കലാകാരന്മാർക്ക്‌ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന്‌ നിർമാതാവും സംവിധായകനും അറിയിക്കുകയുംചെയ്തിരുന്നു–- നാടകാചാര്യൻ ഒ മാധവന്റെ മകനും നടനുമായ എം മുകേഷ്‌ എംഎൽഎ ഓർത്തെടുത്തു. കുലപതി സിനിമയിലെ കഥാപാത്രമായ കവിയൂർ പൊന്നമ്മ കാളിദാസ കലാകേന്ദ്രത്തിന്റെ പ്രധാന നടിയായിരുന്നു. കാലായ്‌ക്കൽ കുമാരൻ, സി ഒ ആന്റോ, വർഗീസ്‌ തിട്ടയിൽ തുടങ്ങിയ നാടകനടന്മാരും ഈ സിനിമയുടെ ഭാഗമായി എന്നാണ്‌ ഓർമ.
 
ഇന്നുമെന്റെ മനസ്സിലുണ്ട്‌ ആ ഷൂട്ടിങ്
 
ആശ്രാമത്തെ ഗസ്റ്റ്‌ഹൗസിൽനിന്ന്‌ നടൻ സത്യൻ റിക്ഷ വലിച്ചുകൊണ്ടുവരുന്ന രംഗം ഇന്നുമെന്റെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. കൊല്ലം എസ്‌എൻ കോളേജിൽ പ്രീഡിഗ്രി വിദ്യാർഥിയായിരിക്കെയാണ്‌ ചിത്രീകരണം കാണാൻ പോയത്‌–- കൊല്ലത്തെ മുൻ കൗൺസിലർ എസ്‌ സുരേഷ്‌ബാബു ഓർക്കുന്നു. റിക്ഷാക്കാർ അണിനിരന്ന ഗാനരംഗം ചിന്നക്കടയിലാണ്‌ കണ്ടത്‌. ഓടയിൽനിന്ന്‌ കഥ രചിച്ച പി കേശവദേവിനെ 1972ൽ എസ്‌ എൻ കോളേജ്‌ യൂണിയൻ ആദരിച്ചിരുന്നു. 
 
കഥ തുടരുന്നു 
കളിയരങ്ങിൽ
 
കൊല്ലം > കോഴിക്കോട്‌ സാമൂതിരി വംശത്തിലെ മാനവേദൻ നമ്പൂതിരിപ്പാട്‌ ‘കൃഷ്‌ണഗീതി’ എന്നൊരു സംസ്‌കൃത കൃതിക്ക്‌ രൂപം നൽകി. ശ്രീകൃഷ്‌ണന്റെ അവതാരം മുതൽ സ്വർഗാരോഹണംവരെ എട്ടു ഭാഗങ്ങളുള്ള കഥകളാക്കി ‘കൃഷ്‌ണനാട്ടം’ എന്ന പേരിൽ അരങ്ങിൽ ആടിപ്പിക്കുകയും ചെയ്തുപോന്നു. കൊട്ടാരക്കര കിഴക്കേ കോവിലകത്ത്‌ നടന്ന ചടങ്ങിലേക്ക്‌ കൃഷ്‌ണനാട്ടക്കാരെ അയച്ചുതരണമെന്ന്‌ മാനവേദൻ നമ്പൂതിരിപ്പാടിനോട്‌ കൊട്ടാരക്കര തമ്പുരാൻ അഭ്യർഥിച്ചു. എന്നാൽ, കൃഷ്‌ണനാട്ടം ആസ്വദിക്കാൻ തക്ക സംസ്‌കാരമുള്ളവർ തെക്കൻദേശത്ത്‌ ഇല്ലെന്നായിരുന്നു പരിഹാസം. ആ വാശിയിൽ കൊട്ടാരക്കര തമ്പുരാൻ കൃഷ്‌ണനാട്ടത്തിന്‌ ബദലായി രാമനാട്ടം എന്നൊരു നൂതനകല അവതരിപ്പിച്ചു. 1555-നും 1605-നുമിടയിലാണിത്. രാമനാട്ടം വികസിച്ചാണ്‌ കഥകളി ആയത്‌.
 
രസങ്ങളുടെ ഭാവപ്പകർച്ചയിൽ കേരളത്തെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തിയ കഥകളിയുടെ പിറവിക്ക്‌ മാതൃത്വം പേറിയത്‌ കൊല്ലത്തിന്റെ മണ്ണാണ്‌. നടനകലാസമ്രാട്ട്‌ കൊട്ടാരക്കര തമ്പുരാൻ കഥകളി ചരിത്രത്തിന്റെ അങ്ങേത്തലയ്‌ക്കൽ അവിസ്‌മരണീയമായ സ്ഥാനം അലങ്കരിക്കുന്നു. അഭിമാനക്ഷതമെന്ന വേദനയിൽ ഉരുകി അദ്ദേഹം ജന്മം നൽകിയ വിശ്വോത്തരകല നാട്യഭംഗിയും സംഗീതമേന്മയും വേഷഭംഗിയുടെ അഭൗമസാന്നിധ്യവുംകൊണ്ട്‌ കലാസ്വാദകരുടെ ആരാധനാരൂപമായി. സഞ്ചാരപഥത്തിൽ പലവട്ടം നിർണായക പരിണാമങ്ങൾക്കു വിധേയമായ കഥകളിയുടെ ചരിത്രവഴിയിൽ ഒടുവിലത്തെ ഏടും കൊല്ലത്തുനിന്നു തന്നെ. കലാമണ്ഡലത്തിൽ കഥകളിക്ക്‌ പ്രവേശനം നേടുന്ന ആദ്യ മുസ്ലിം പെൺകുട്ടിയായി ചരിത്രമുദ്രചാർത്തിയത്‌ അഞ്ചൽ സ്വദേശി സാബ്രി എന്ന എട്ടാം ക്ലാസ്സുകാരി.
 
കൊട്ടാരക്കര തമ്പുരാൻ

കൊട്ടാരക്കര തമ്പുരാൻ


 
തമ്പുരാൻ മുതൽ 
കലാമണ്ഡലം വരെ
 
രാമനാട്ടം ആടുന്നതിനായി കൊട്ടാരക്കര തമ്പുരാൻ രാമായണത്തെ എട്ടുദിവസത്തെ കഥകളിക്ക്‌ പാകമാകുന്ന തരത്തിൽ എട്ടു പ്രബന്ധങ്ങളാക്കി. പുത്രകാമേഷ്‌ടി, സീതാസ്വയംവരം, വിച്ഛിന്നാഭിഷേകം, ഖരവധം, ബാലിവധം, തോരണയുദ്ധം, സേതുബന്ധനം, യുദ്ധം എന്നിവയാണത്‌. 
 
വെട്ടത്ത്‌ രാജാവാണ്‌ കഥകളിയിൽ പരിഷ്‌കാരത്തിനു തുടക്കമിട്ടത്‌. ആംഗ്യാഭിനയത്തിന്‌ പ്രാധാന്യം കൊടുത്ത്‌ പാട്ടുകൾക്ക്‌ നിർണായക സ്ഥാനം നൽകി. രംഗാവതരണത്തിന്‌ കൂടുതൽ ശാസ്‌ത്രീയ അടിത്തറ നൽകിയത്‌ കോട്ടയത്ത്‌ തമ്പുരാനാണ്‌. വഞ്ചിരാജ കുടുംബവും കൊച്ചി രാജകുടുംബവും കഥകളിയുടെ വളർച്ചയ്‌ക്ക്‌ നിർണായക സംഭാവന നൽകി. മഹാകവി വള്ളത്തോളിന്റെ ഉദ്യമത്തിൽ കലാമണ്ഡലം ചെറുതുരുത്തിയിൽ സ്ഥാപിച്ചതോടെ കഥകളി രീതികൾക്ക്‌ പൊതുവേ അടുക്കും ചിട്ടയും വന്നുതുടങ്ങി. 
 
പൂർവരൂപം കൊല്ലത്ത്‌
 
കൊട്ടാരക്കരയിൽ രാമനാട്ടം കഥകളി രൂപമെടുക്കുന്നതിനു മുമ്പ്‌ അതിന്റെ പൂർവരൂപം കൊല്ലത്ത്‌ അരങ്ങേറിയിരുന്നുവത്രേ. കൊല്ലം രാജാവിന്റെ കാലത്ത്‌ മുളങ്കാടകം ക്ഷേത്രത്തിൽ രാമനാട്ടം കഥകളി അവതരിപ്പിച്ചു. അചിരേണ ആശ്രാമം, ആനന്ദവല്ലീശ്വരം, വള്ളിക്കീഴ്‌, ശക്തികുളങ്ങര, കടവൂർ മുതലായ ക്ഷേത്രങ്ങളിലും പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലും മറ്റും കഥകളി പതിവായി. ആശ്രാമം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ വഴിപാടായി കഥകളി. രണ്ടും മൂന്നു നാലും വേദികളിൽ കഥകളി അരങ്ങേറുന്നത്‌ ആശ്രാമം ക്ഷേത്രത്തിലെ പ്രത്യേകതയാണ്‌. കേരളത്തിൽ കഥകളിക്ക്‌ ഏറെ പ്രാധാന്യം നൽകുന്ന ക്ഷേത്രങ്ങളിലൊന്നാണ്‌ മണ്ണൂർക്കാവ്‌. ഓരോ വർഷവും എഴുപതിലധികം കഥകളി അരങ്ങേറുന്നു. 
 
പത്തൊമ്പതാം നൂറ്റാണ്ടിൽ കൊല്ലത്തെ ചില പ്രമുഖ വ്യക്തികൾ കളിയോഗങ്ങൾ തുടങ്ങി. ധനിക കുടുംബങ്ങളിലെല്ലാം കഥകളി നടത്തുന്നത്‌ സർവസാധാരണമായി. ഒരുകൂട്ടം കഥകളി നടന്മാരെ കേരളത്തിന്‌ സംഭാവന ചെയ്‌ത ഗ്രാമമാണ്‌ ചടയമംഗലത്തിന്‌ സമീപത്തെ അർക്കന്നൂർ. 200 വർഷം മുമ്പുതന്നെ അർക്കന്നൂരിൽ കഥകളിക്ക്‌ കളിവിളക്ക്‌ തെളിഞ്ഞിരുന്നുവെന്ന്‌ പറയുന്നു. പുരാതനമായ നെടുമൺ മഠമായിരുന്നു കഥകളിയുടെ കേളീഗ്രഹം.
 
നമ്മുടെ നാട്... കൊല്ലം നാട്...
 
കൊല്ലം > നമ്മുടെ നാട്... നമ്മുടെ ഭൂമി... നമ്മുടെ നാട്... കൊല്ലം നാട്... നമ്മുടെ നാടിൻ ​ഗരിമയുണർത്താൻ, ചരിതമുയർത്താൻ... കൊല്ലം മഹോത്സവം...എൻ എസ് പഠന​ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന കൊല്ലം മഹോത്സവത്തിന്റെ പ്രചാരണാർഥമുള്ള തീം സോങ് "ദേശിം​ഗ ​ഗീതം' പുറത്തിറക്കി. പോളയത്തോട് സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിലെ എൻ എസ് സ്മാരക ഹാളിൽ ദേശാഭിമാനി ചീഫ്എഡിറ്റർ പുത്തലത്ത് ദിനേശൻ എൻ എസ് പഠന​ഗവേഷണ കേന്ദ്രം കൺവീനർ എസ് സുദേവന് കൈമാറി പ്രകാശിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ സംഘാടക സമിതി ചെയർമാൻ കെ വരദരാജൻ, കെ രാജഗോപാൽ, പി രാജേന്ദ്രൻ, കെ സോമപ്രസാദ്, സൂസൻകോടി, ചിന്താ ജെറോം, മേയർ പ്രസന്ന ഏണസ്റ്റ്, ഡോ. കെ കെ അപ്പുക്കുട്ടൻ, ഡോ. എം ശ്രീകുമാർ, ഡോ. സുനിൽകുമാർ, പ്രൊഫ. പി ഒ ജെ ലബ്ബ എന്നിവർ പങ്കെടുത്തു. 
കൊല്ലം മഹോത്സവത്തിന്റെ തീം സോങ് ദേശാഭിമാനി ചീഫ്എഡിറ്റർ പുത്തലത്ത് ദിനേശൻ എൻ എസ് പഠന​ഗവേഷണ കേന്ദ്രം കൺവീനർ എസ് സുദേവന് കൈമാറി പ്രകാശിപ്പിക്കുന്നു

കൊല്ലം മഹോത്സവത്തിന്റെ തീം സോങ് ദേശാഭിമാനി ചീഫ്എഡിറ്റർ പുത്തലത്ത് ദിനേശൻ എൻ എസ് പഠന​ഗവേഷണ കേന്ദ്രം കൺവീനർ എസ് സുദേവന് കൈമാറി പ്രകാശിപ്പിക്കുന്നു


 
അഷ്ടമുടിക്കായലും അറബിക്കടലും ശാസ്താംകോട്ട തടാകവും കല്ലടയാറും പെരിനാടും കല്ലയും മാലയും സമരവും, കടയ്ക്കൽ, ശൂരനാട് വിപ്ലവങ്ങളുമെല്ലാമായി കൊല്ലത്തിന്റെ  പ്രകൃതിയും ചരിത്രവും സമരവീര്യവും നിറഞ്ഞുനിൽക്കുന്നതാണ് ​ഗാനം. വരികളെഴുതി സംഗീതം നൽകിയത് വി കെ ഷാജിയാണ്. അനഘ ബിജു, ബിജു അനന്തകൃഷ്ണൻ എന്നിവരാണ് പാടിയത്.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top