09 December Saturday

വർ​ഗീയ രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി ചെറുക്കണം: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023

കൊല്ല> പുതിയ കൊല്ലവും കേരളവും ഇന്ത്യയും ലോകവും  ഉണ്ടാകാൻ വർ​ഗീയ രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ടെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി പറഞ്ഞു. എൻ എസ് പഠന​ഗവേഷണകേന്ദ്രം കൊല്ലം എസ്എൻകോളേജിൽ രണ്ടുദിവസമായി സംഘടിപ്പിക്കുന്ന കൊല്ലം മഹോത്സവം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്റെ വ്യക്തിജീവിതത്തിലെ വിഷയമാണ് മതം. അത് രാഷ്ട്രീയമായി ദുരുപയോ​ഗപ്പെടുത്തുന്നതാണ് വർ​ഗീയത. നാടിന്റെ വികസനത്തിനുതകുന്ന കാര്യങ്ങൾ ​ഗൗരവമായി ചർച്ച ചെയ്യാൻ കഴിയണമെങ്കിൽ രാഷ്ട്രീയത്തിൽ വർ​ഗീയത ആധിപത്യം സ്ഥാപിച്ചുകൂടാ. മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യനെ ഭിന്നിപ്പിക്കുന്ന  സമീപനം സമൂഹത്തിലുണ്ടായാൽ  ഒരുമിച്ച് നിന്ന് ഒരുജോലിയും ചെയ്യാനാകില്ല. സമൂഹം ഭിന്നിച്ചുപോകുമ്പോൾ  വികസന ആശയം ചർച്ച ചെയ്ത് വികസിപ്പിച്ച് നാടിന്റെ അം​ഗീകാരത്തോടെ നടപ്പാക്കാൻ പറ്റില്ല. വ്യക്തിയിൽ  വിഷം ബാധിച്ചാൽ ആ വ്യക്തി മരിക്കുന്നതുപോലെ സമൂഹത്തിൽ വർ​ഗീയ വിഷം ബാധിച്ചാൽ ആ സമൂഹവും മരിക്കും. ഈ ആപത്തിനെതിരെ രാഷ്ട്രീയ കക്ഷി വ്യത്യാസത്തിന് അതീതമായി യോ​ജിക്കാൻ കഴിയണം.

ചരിത്രത്തിൽ നിന്ന് എന്തായിരുന്നു കൊല്ലവും കേരളവും ഇന്ത്യയും എന്ന് മനസിലാക്കി അതിൽ നിന്ന് നല്ല മാതൃകകൾ സ്വീകരിച്ചാൽ പുതിയ കൊല്ലവും കേരളവും ഇന്ത്യയും  ലോകവും രൂപപ്പെടുത്താൻ ചെറുതും വലതുമായി ഇടപെടലുകൾ നടത്താൻ കഴിയും.  ജനങ്ങളെ വിശ്വാസത്തിലെടുത്ത് സൃഷ്ടിപരമായ ഇടപെടലുകൾ വ്യവസായം അടക്കം എല്ലാ മേഖലകളിലും വേണം.  ത്രിതല പഞ്ചായത്തുകളും സംസ്ഥാന സർക്കാരും പിന്തുണ നൽകണം.  കൃഷിയിൽ മികച്ച മാതൃകകൾ കൊല്ലത്തിന് സൃഷ്ടിക്കാനാകാണം. ഒരിഞ്ച് ഭൂമി പോലും തരിശ്ശിടാത്ത ജില്ലയായി മാറണം. പുതിയ തലമുറയിൽപ്പെട്ട വിദ്യാർഥികളെ പുസ്തകങ്ങളുമായി അടുപ്പിക്കാനാകണം. ക്ലാസ് ലൈബ്രറികൾ ഉറപ്പാക്കണം. ​ഗ്രന്ഥശാലകളെ ശക്തിപ്പെടുത്തണം. നല്ല ഭാവിക്കായി ശാസ്ത്രത്തോട് അടുത്ത് നിൽക്കുന്ന തലമുറയെ സഷ്ടിക്കേണ്ടതുണ്ടെന്നും എം എ ബേബി പറഞ്ഞു.

സംഘാടകസമിതി ചെയർമാൻ കെ വരദരാജൻ അധ്യക്ഷനായി. എൻ എസ് പഠന​ഗവേഷണകേന്ദ്രം കൺവീനർ എസ് സുദേവൻ സ്വാ​ഗതം പറഞ്ഞു. ധനമന്ത്രി കെ എൻ ബാല​ഗോപാൽ, ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്, ഒളിമ്പ്യൻ ടി സി യോഹന്നാൻ എന്നിവർ സംസാരിച്ചു. മുതിർന്ന സിപിഐ എം നേതാവ് പി കെ ​ഗുരുദാസൻ, മേയർ പ്രസന്ന ഏണസ്റ്റ്, എം നൗഷാദ് എംഎൽഎ,  എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ എസ് വി മനോജ്,  കൊല്ലം മഹോത്സവം ഡയറക്ടർ ഡോ ആർ സുനിൽകുമാർ എന്നിവർ പങ്കെടുത്തു. അക്കാദമിക്ക് കമ്മിറ്റി കൺവീനർ ഡോ എം ശ്രീകുമാർ നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top