29 March Friday

കൊക്കൂണിന്‌ കൊടിയിറക്കം: സൈബർ കുറ്റങ്ങൾക്കെതിരെ ഒന്നിച്ച്‌ പോരാടും

സ്വന്തം ലേഖകൻUpdated: Sunday Sep 25, 2022

കൊക്കൂൺ സൈബർ കോൺഫറൻസിന്റെ സമാപനച്ചടങ്ങിൽ സൈബർ ഡോം ഓഫീസ് ഇൻ മെറ്റാവേഴ്സ് പദ്ധതി നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്നു. ഡിജിപി അനിൽകാന്ത്, എഡിജിപി എ പത്മകുമാർ, മേയർ എം അനിൽകുമാർ, വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം, ഹൈബി ഈഡൻ എംപി എന്നിവർ സമീപം

കൊച്ചി> ലോകത്താകമാനമുള്ള സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ഒരുമിച്ച് പോരാടുമെന്ന സന്ദേശത്തോടെ കേരള പൊലീസിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ രണ്ടുദിവസമായി നടന്ന കൊക്കൂൺ രാജ്യാന്തര സൈബർ സുരക്ഷാ സമ്മേളനത്തിന്‌ കൊടിയിറക്കം. ലോകമാകെ ബാധിച്ച സൈബർ ഭീഷണികൾക്കെതിരെ രാജ്യാന്തരതലത്തിൽത്തന്നെ പ്രതിരോധം ഒരുക്കുന്നതിനാണ്‌ കൊക്കൂൺ ലക്ഷ്യമിട്ടത്‌.

സമാപനസമ്മേളനം നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. കൊച്ചി മേയർ എം അനിൽകുമാർ അധ്യക്ഷനായി. ഹൈബി ഈഡൻ എംപി, ഡിജിപി അനിൽകാന്ത്, എഡിജിപി ഹെഡ്ക്വാർട്ടേഴ്സ് കെ പത്മകുമാർ, സൈബർ ഡോം നോഡൽ ഓഫീസർ പി പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം സ്വാ​ഗതവും സൈബർ സുരക്ഷാ സംഘടനയായ ഇസ്രയുടെ പ്രസിഡന്റ് മനു സഖറിയ നന്ദിയും പറഞ്ഞു.
ആയിരത്തഞ്ഞൂറോളം പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുത്തത്.

ആഗോളതലത്തിൽ ചർ‌ച്ച ചെയ്യപ്പെടുന്ന വിവിധ സൈബർ വിഷയങ്ങളിൽ വിദ​ഗ്ധർ സംസാരിച്ചു. വിവിധ സൈബർ സെക്യൂരിറ്റി കമ്പനികളുടെ സ്റ്റാളുകൾ, ഹാക്കിങ്‌ ചലഞ്ചായ ഡോം സിടിഎഫ്, ഹാക്കിങ്‌ വില്ലേജ് തുടങ്ങിയവും സമ്മേളനത്തിന്‌ മാറ്റുകൂട്ടി.

സാങ്കേതികവിദ്യയും സൈബർ കുറ്റകൃത്യങ്ങളും സമാന്തരമായി വളരുന്നു: മമ്മൂട്ടി


കൊച്ചി
സാങ്കേതികവിദ്യയും സൈബർ കുറ്റകൃത്യങ്ങളും സമാന്തരമായി വളരുകയാണെന്ന്‌ നടൻ മമ്മൂട്ടി. ഈ ഘട്ടത്തിൽ പൊലീസിന് വളരെയേറെ ഉത്തരവാദിത്വമുണ്ട്‌. സൈബർ ക്രിമിനലുകളെ കൈകാര്യം ചെയ്യുന്നതിനുള്ള പരിമിതികൾ മറികടക്കാൻ ഇത്തരം സമ്മേളനങ്ങൾ സഹായകമാകും.
ലോകം മുഴുവൻ സൈബർ കുറ്റകൃത്യങ്ങൾ കാരണം ബുദ്ധിമുട്ടുകയാണ്.

സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവർക്കും അവബോധം ആവശ്യമാണ്. ലോകം വെർച്വലിലേക്ക് മാറുന്ന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ ഘട്ടത്തിൽ കേരള പൊലീസിന്റെ സൈബർ ഡോം സോഷ്യൽ മീഡിയയുടെ അടുത്തഘട്ടമായ മെറ്റാവേഴ്സിലേക്ക് എത്തുന്നത്‌ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും മമ്മൂട്ടി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top