19 April Friday
ഇന്ന്‌ ലോക പൈതൃകദിനം

കൊടുങ്ങല്ലൂരിലുയരും ക്ഷേത്രമ്യൂസിയം; 
ദക്ഷിണേന്ത്യയിൽ ആദ്യം

സി എ പ്രേമചന്ദ്രൻUpdated: Sunday Apr 18, 2021

മുസിരിസ്‌ പദ്ധതിയുടെ ഭാഗമായി നവീകരിച്ച ഭണ്ഡാരപ്പുര

തൃശൂർ > കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ ഉയരും, ‌ ദക്ഷിണേന്ത്യയിലെ  ആദ്യക്ഷേത്രമ്യൂസിയം.  മുസിരിസ്‌ പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി 3.23 കോടി രൂപ ചെലവഴിച്ചാണ്‌ ക്ഷേത്ര മ്യൂസിയം യാഥാർഥ്യമാവുക. ക്ഷേത്രകലകളും ആചാരാനുഷ്‌ഠാനുങ്ങളും ഉൾക്കൊള്ളിച്ചാണ്‌ മ്യൂസിയം നിർമിക്കുന്നത്‌. മുസിരിസ് പൈതൃക പദ്ധതിയിൽ  ദേവാലയങ്ങളുടെ പുനരുദ്ധാരണത്തിനൊപ്പം ചരിത്രസ്‌മാരകങ്ങളുടെ പുനർനിർമിതിയുമുണ്ട്‌.  
ക്ഷേത്രത്തിലെ കച്ചേരിപ്പുരയുടെ തനിമ നിലനിർത്തി കേരളീയവാസ്‌തുശിൽപ്പകലാ മാതൃകയിലാണ്‌  മ്യൂസിയം നിർമാണം.
 
ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളുടെ ചരിത്രവും ആചാരവും ആരാധനാസമ്പ്രദായങ്ങളും ഐതിഹ്യങ്ങളും ചിത്രങ്ങളുമെല്ലാം ഡിജിറ്റൽ സംവിധാനത്തോടെ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. ക്ഷേത്രകലകളെക്കുറിച്ചറിയാൻ പ്രത്യേക സംവിധാനവും ഉണ്ടാകും. കൊടുങ്ങല്ലൂർ ക്ഷേത്രചരിത്രം, ഭരണി ഉത്സവം, താലപ്പൊലി,   ഓഡിയോ വിഷ്വൽ റൂം, കഥപറയുന്ന ഗ്യാലറി തുടങ്ങി    പുരാതനക്ഷേത്രങ്ങളെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനുമുള്ള സൗകര്യങ്ങളും മ്യൂസിയത്തിലുണ്ടാകും.  മ്യൂസിയത്തിൽ സൂക്ഷിക്കാനുള്ള രേഖകളുടെ ഡാറ്റാശേഖരണവും വീഡിയോ ചിത്രീകരണവുമെല്ലാം പുരോഗമിക്കുകയാണ്‌. മ്യൂസിയം നിർമാണം ഉടൻ ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഇൻകൽ കമ്പനിക്കാണ്‌ നിർമാണച്ചുമതലയെന്ന്‌ മുസിരിസ്‌ എംഡി പി എം നൗഷാദ്‌ പറഞ്ഞു.
 
ക്ഷേത്രം പൗരാണിക ഊട്ടുപുര, ഭണ്ഡാരപ്പുര എന്നിവ നവീകരിച്ച്‌ ക്ഷേത്രത്തെ ഏൽപ്പിക്കും‌.  ഇതിൽ ഭണ്ഡാരപ്പുര നിർമാണം പൂർത്തിയായി. കച്ചേരിപ്പുര വിട്ടുനൽകുന്നതിന്‌ പകരം ക്ഷേത്രത്തിൽ   1.88 കോടി ചെലവിൽ അക്കമഡേഷൻ ബ്ലോക്കും ഉയരും.  മീറ്റിങ് ഹാളുകൾ, താമസ സൗകര്യം, ഭണ്ഡാരം എണ്ണുന്നതിനുള്ള മുറി, സ്റ്റോർ മുറി,  സ്‌ട്രോങ് റൂം എന്നിവയെല്ലാം പുതുതായി നിർമിക്കും. മുസിരിസ് പൈതൃക പദ്ധതിയിൽ  ചേരമാൻ പള്ളി,  ചേന്ദമംഗലം ഹോളി ക്രോസ് ചർച്ച്  എന്നിവയുടെ  പുനരുദ്ധാരണവും അവസാനഘട്ടത്തിലാണ്‌.  കനാൽ ഹൗസ്, പതിനെട്ടരയാളം കോവിലകം പണി നടന്നുവരികയാണ്‌.  മുനയ്ക്കൽ ബീച്ച് സൗന്ദര്യവൽക്കരണം , ബൈപ്പാസ് സൗന്ദര്യവൽക്കരണം, ഗോതുരുത്ത് ചവിട്ട് നാടക മ്യൂസിയം എന്നി  വിവിധ പദ്ധതികളാണ്  പൂർത്തീകരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top