കൊടുങ്ങല്ലൂർ > ടൗൺ സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയിലെ സേഫ് ലോക്കറിൽനിന്ന് കാണാതായതായി പരാതി ലഭിച്ച സ്വർണം പരാതിക്കാരിയുടെ ബന്ധുവീട്ടിൽനിന്ന് കണ്ടെത്തി. 49 പവന്റെ ആഭരണങ്ങളാണ് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സ്വർണം വലപ്പാടുള്ള ബന്ധുവീട്ടിൽനിന്ന് കണ്ടെത്തിയതായി പരാതിക്കാരി പൊലീസിനെ അറിയിച്ചത്. ഇതോടെ ബാങ്കിനെതിരെ ബിജെപിയടക്കം നടത്തിയ കള്ള പ്രചാരണങ്ങൾ പൊളിഞ്ഞു.
അഴീക്കോട് സ്വദേശിയായ പോണത്ത് സുനിതയാണ് ലോക്കറിൽ വച്ചിരുന്ന സ്വർണം കാണാനില്ലെന്ന് കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയത്.
സുനിതയുടെയും അമ്മ സാവിത്രിയുടെയും ജോയിന്റ് അക്കൗണ്ടിലുള്ള സേഫ് ഡിപ്പോസിറ്റ് ലോക്കറിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ സാവിത്രി ബാങ്കിലെത്തി ഇടപാട് നടത്തിയിരുന്നു. സ്വർണം നഷ്ടപ്പെട്ടതായി പരാതിയുണ്ടായതോടെ അഴീക്കോട് ശാഖാ മാനേജരും സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.
ശാസ്‌ത്രീയമായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സ്വർണം കണ്ടെത്തിയതായി പരാതിക്കാരി അറിയിച്ചതെന്ന് ഡിവൈഎസ് പി സലീഷ് ശങ്കർ പറഞ്ഞു. പരാതിക്കാരിയെയും അമ്മയെയും പൊലീസ് ചോദ്യം ചെയ്‌ത് വിട്ടയക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..