25 April Thursday

യുഡിഎഫ് കൂടുതൽ ദുർബലമാകുന്നു; മാറ്റങ്ങൾ എൽഡിഎഫിനെ ശക്തിപ്പെടുത്തും: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

കൊച്ചി> യുഡിഎഫ് സംഘടനാപരമായും രാഷ്ട്രീയപരമായും കെട്ടുറപ്പ് തകർന്നു എന്ന്‌ വ്യക്തമാക്കുന്നതാണ്‌ ആ മുന്നണിയിലെ ഒടുവിലത്തെ സംഭവവികാസങ്ങളെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കേരള കോൺഗ്രസ്‌ ഇല്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകും. രാഷ്ട്രീയരംഗത്തു വരുന്ന ഈ മാറ്റങ്ങൾ എൽഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവരുമായി കൂട്ടുകൂടാൻ കോൺഗ്രസ്‌ നേതൃത്വം തീരുമാനിച്ചിട്ടുള്ളതെന്ന്‌ പുന്നപ്രവയലാർ സമരനായകനായ പികെ ചന്ദ്രാനന്ദനെ അനുസ്‌മരിച്ച്‌ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി ചൂണ്ടിക്കാട്ടി.

‘‘കേരള രാഷ്ട്രീയത്തിൽ പലതരത്തിലുള്ള സംഭവ വികാസങ്ങളും ഉരുത്തിരിഞ്ഞുവരികയാണ്. യുഡിഎഫിൽ ദീർഘകാലമായി ഘടക കക്ഷിയായി തുടരുന്ന മാണി കേരള കോൺഗ്രസിനെ യുഡിഎഫിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കേരള കോൺഗ്രസിലെ ജോസ് കെ മാണി, പി ജെ ജോസഫ് തമ്മിലുള്ള തർക്കങ്ങൾ ഇടപെട്ട് പരിഹരിക്കുന്നതിൽ കോൺഗ്രസ്‌ നേതൃത്വം പരാജയപ്പെട്ടുവെന്നതാണ് ഒടുവിലത്തെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. യുഡിഎഫ് സംഘടനാപരമായും രാഷ്ട്രീയപരമായും കെട്ടുറപ്പ് തകർന്നു എന്നതാണ്‌ ഇത് വ്യക്തമാക്കുന്നത്. കേന്ദ്രീകൃതമായ ഒരു നേതൃത്വം യുഡിഎഫിന് ഇല്ലാതെയായി. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ സംഭവം. ഇത് യുഡിഎഫിന്റെ തകർച്ചയ്ക്ക് വേഗത കൂട്ടും.

യുഡിഎഫിൽ ബഹുജന പിന്തുണയുള്ള പാർടികളിലൊന്നാണ് കേരള കോൺഗ്രസ്‌. കേരള കോൺഗ്രസ്‌ ഇല്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ ഉണ്ടായിരുന്ന എൽജെഡി യുഡിഎഫ് വിട്ട് ഇപ്പോൾ എൽഡിഎഫിലാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയരംഗത്തു വരുന്ന ഈ മാറ്റങ്ങൾ എൽഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവരുമായി കൂട്ടുകൂടാൻ കോൺഗ്രസ്‌ നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. എൽഡിഎഫ് സർക്കാർ കൂടുതൽ ബഹുജനപിന്തുണ നേടി മുന്നോട്ടുപോകുകയാണ്. ആസന്നമായ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം പ്രതിഫലിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടുന്ന ഈ ഘട്ടത്തിൽ പി കെ സിയുടെ സ്മരണ നമുക്ക് ആവേശം പകരുന്നതാണ്.’’‐ലേഖനത്തിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top