09 December Saturday

ഓർമകൾ കടലിരമ്പമായി പയ്യാമ്പലത്ത്‌ ; സഖാവിന് അന്ത്യോപചാരം അർപ്പിച്ചത്‌ ജനലക്ഷങ്ങൾ

പ്രത്യേക ലേഖകൻUpdated: Monday Oct 3, 2022


കണ്ണൂർ
ഓർമകൾ കടലിരമ്പമായി പയ്യാമ്പലത്ത്‌ വീണ്ടും വീണ്ടും തിരയടിച്ചു. കണ്ണീരുറവപൊട്ടിയ മുദ്രാവാക്യങ്ങളിൽ കോടിയേരി നിറഞ്ഞുനിന്നു. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‌ അന്ത്യോപചാരം അർപ്പിച്ചത്‌ ജനലക്ഷങ്ങൾ. ചെന്നൈ അപ്പോളോ ആശുപത്രി മുതൽ കണ്ണൂർ പയ്യാമ്പലം വരെ   കോടിയേരിയെ അവസാനമായി ഒരു നോക്ക്‌ കാണാൻ പതിനായിരങ്ങളാണ്‌ കാത്തിരുന്നത്‌.  ഞായറാഴ്‌ച കണ്ണൂർ വിമാനത്താവളത്തിൽനിന്ന്‌ തലശേരി ടൗൺഹാൾവരെ നടന്ന വിലാപ യാത്രയിൽ വഴിനീളെ പ്രിയനേതാവിന്‌ വിടചൊല്ലാൻ കണ്ണീരണിഞ്ഞാണ്‌ ജനങ്ങളെത്തിയത്‌. തലശേരി ടൗൺഹാളിൽ ഞായറാഴ്‌ച രാത്രി വൈകുവോളം അണമുറിയാത്ത ജനപ്രവാഹമായിരുന്നു. കോടിയേരി ഈങ്ങയിൽപ്പീടികയിലെ വീട്ടിലും ജനമൊഴിഞ്ഞ നേരമുണ്ടായില്ല.

തിങ്കളാഴ്‌ച രാവിലെ പത്തോടെ സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലേക്ക്‌ പൊതുദർശനത്തിന്‌ മൃതദേഹം എടുക്കുംവരെ ആളുകളുടെ ഒഴുക്കായിരുന്നു. അഴീക്കോടൻ മന്ദിരത്തിൽ കേരളത്തിലെ രാഷ്‌ട്രീയ–- സാംസ്‌കാരിക നേതൃത്വം ഒന്നടങ്കം കോടിയേരിക്ക്‌ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.


 

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ പ്രകാശ്‌ കാരാട്ട്‌, മുഖ്യമന്ത്രി പിണറായി വിജയൻ, എം എ ബേബി, ജി രാമകൃഷ്‌ണൻ, എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, എ കെ ബാലൻ, കെ രാധാകൃഷ്‌ണൻ, വിജുകൃഷ്‌ണൻ, കെ എൻ ബാലഗോപാൽ,  പി സതീദേവി, സി എസ്‌ സുജാത, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ  ടി പി രാമകൃഷ്‌ണൻ, ആനാവൂർ നാഗപ്പൻ, എം സ്വരാജ്‌, ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, ജനറൽ മാനേജർ കെ ജെ തോമസ്, മുതിർന്ന  നേതാക്കളായ എസ്‌ രാമചന്ദ്രൻപിള്ള, പാലോളി മുഹമ്മദ്‌കുട്ടി, പി കരുണാകരൻ, എം എം മണി, ആനത്തലവട്ടം ആനന്ദൻ, പ്രതിപക്ഷ നേതാവ്‌  വി ഡി സതീശൻ, സ്‌പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ വി എൻ വാസവൻ, എം ബി രാജേഷ്‌, പി എ മുഹമ്മദ്‌ റിയാസ്‌,  വി ശിവൻകുട്ടി, ആർ ബിന്ദു,  റോഷി അഗസ്‌റ്റിൻ, എ കെ ശശീന്ദ്രൻ, ആന്റണി രാജു, അഹമ്മദ്‌ ദേവർകോവിൽ, എംപിമാരായ ബിനോയ് വിശ്വം,  എ എം   ആരിഫ്‌,  ഇ ടി മുഹമ്മദ്‌ ബഷീർ, രാജ്‌മോഹൻ ഉണ്ണിത്താൻ, എം കെ രാഘവൻ, എൻ കെ  പ്രേമചന്ദ്രൻ, ഡോ. വി ശിവദാസൻ,  എ എ റഹീം, ജോൺ ബ്രിട്ടാസ്‌, തോമസ്‌ ചാഴിക്കാടൻ,  അബ്ദുൾ വഹാബ്‌, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ, സി കെ പത്മനാഭൻ, എം ടി രമേശ്‌, എൽജെഡി സംസ്ഥാന പ്രസിഡന്റ്‌ എം വി ശ്രേയാംസ്‌കുമാർ, വർഗീസ്‌ ജോർജ്‌,  കെ പി മോഹനൻ, നീലലോഹിതദാസൻ നാടാർ,  കോൺഗ്രസ്‌ എസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാമചന്ദ്രൻ കടന്നപ്പള്ളി,  ഫ്രാൻസിസ്‌ ജോർജ്‌, അഡ്വ. എ ജെ  ജോസഫ്‌,  ഐഎൻഎൽ സംസ്ഥാന  ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ,  കഥാകൃത്ത്‌ ടി പത്മനാഭൻ,  നോവലിസ്‌റ്റ്‌ എം മുകുന്ദൻ,  സംവിധായകരായ ഷാജി എൻ കരുൺ, രഞ്ജിത്ത്‌, ചലച്ചിത്ര താരങ്ങളായ നിഖില വിമൽ,  മുകേഷ്‌, അനൂപ്‌ ചന്ദ്രൻ, വ്യവസായി എം എ യൂസഫലി, ഡിജിപി അനിൽകാന്ത്‌, മുൻ ഡിജിപി ജേക്കബ് പുന്നൂസ്‌, ഋഷിരാജ്‌ സിങ്‌,  മാതൃഭൂമി മാനേജിങ്‌  എഡിറ്റർ പി വി ചന്ദ്രൻ, ജെമിനി ശങ്കരൻ, യാക്കോബായ സുറിയാനി സഭാധിപൻ ഏലിയാസ്‌ മാർ താനാസിയോസ്‌ (പുത്തൻ കുരിശ്‌), പൗലോസ്‌ മാർ ഐറേനിയോസ് മെത്രാപൊലിത്ത (കോഴിക്കോട്‌),  ഫാദർ മാത്യൂ വാഴക്കുന്നം, പട്ടുവം കെ പി അബൂബക്കർ മുസ്ല്യാർ, പുന്നല ശ്രീകുമാർ, രക്തസാക്ഷി ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ, സിപിഐ എം  സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറിമാർ, നൂറോളം എംഎൽഎമാർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.


 

സ്‌മരണകളിലുണ്ട്‌ 
ആ വിലാപയാത്രയും
കോടിയേരിയുടെ മൃതദേഹം ചുമലിലേറ്റി നേതാക്കൾ പയ്യാമ്പലത്തേക്ക്‌ നീങ്ങിയ ഉള്ളുലയ്ക്കും കാഴ്‌ച കേരളം കണ്ണീരോടെയാണ്‌ കണ്ടത്.  അരനൂറ്റാണ്ട്‌ മുമ്പ്‌ പയ്യാമ്പലത്ത്‌ അഴീക്കോടൻ രാഘവനെയും രാഷ്ട്രീയകേരളം സമാനമായാണ്‌ ഏറ്റുവാങ്ങിയത്‌. 1972 സെപ്‌തംബർ 24നാണ്‌ ആ വിലാപയാത്ര നടന്നത്‌. (23നായിരുന്നു ക്രൂരമായ കൊലപാതകം) പയ്യാമ്പലത്തേക്ക്‌  എ കെ ജിയുടെ നേതൃത്വത്തിലാണ്‌ അഴീക്കോടനെ എത്തിച്ചത്‌. തൃശൂർ ചെട്ടിയങ്ങാടിയിൽ രാഷ്ട്രീയ എതിരാളികൾ വകവരുത്തിയ അഴീക്കോടന്റെ അവസാനയാത്ര,  കേരളം അതിനുമുമ്പ്‌ ദർശിക്കാത്തതരം യാത്രയായിരുന്നു. പ്രവർത്തകർ ഇരുകരയിലും തടിച്ചുകൂടിയ നിമിഷത്തിൽ എം വി രാഘവൻ, എം പി നാരായണൻ നമ്പ്യാർ തുടങ്ങിയവരും ശവമഞ്ചം താങ്ങാൻ ഒപ്പമുണ്ടായി.

1972 സെപ്‌തംബർ 24ന്‌ പയ്യാമ്പലം കടപ്പുറത്തേക്ക്‌ 
എ കെ ജിയുടെ നേതൃത്വത്തിൽ പ്രവർത്തകർ 
അഴീക്കോടന്റെ മൃതദേഹം ചുമന്ന്‌ എത്തിക്കുന്നു

1972 സെപ്‌തംബർ 24ന്‌ പയ്യാമ്പലം കടപ്പുറത്തേക്ക്‌ 
എ കെ ജിയുടെ നേതൃത്വത്തിൽ പ്രവർത്തകർ 
അഴീക്കോടന്റെ മൃതദേഹം ചുമന്ന്‌ എത്തിക്കുന്നു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top