19 April Friday

വർഗീയ പ്രീണനം നടത്തുന്ന രാഹുൽഗാന്ധിയെ തള്ളിപ്പറയാൻ കോൺഗ്രസ്‌ തയ്യാറുണ്ടോ: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

കണ്ണൂർ> കേരളത്തിൽ കോൺഗ്രസിന്‌ വ്യത്യസ്‌ത നേതൃനിര ഉണ്ടായിരുന്നത്‌ മതനിരപേക്ഷതക്ക്‌  വേണ്ടിയാണെന്ന അവകാശവാദത്തിൽ നിന്നും ഇപ്പോൾ  അവർ പിൻമാറാൻ എന്താണ്‌ കാരണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ . ദേശീയ നേതൃത്വത്തിന്റെ ഹിന്ദുത്വ അജണ്ടയുള്ള  നിലപാടാണോ അതിന്‌ കാരണമെന്ന് വ്യക്‌തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കണ്ണൂരിൽ സിപിഐ എം പാർടി കോൺഗ്രസ്‌ സ്വാഗതസംഘം ഓഫീസ്‌ ഉദ്‌ഘാടനം ചെയ്‌തശേഷം മാധ്യമങ്ങളെ കാണുകയായിരു്ന്നു കോടിയേരി.

കോൺഗ്രസ്‌ നേതൃത്വത്തിൽ ആര്‌ വരണമെന്ന്‌ തീരുമാനിക്കേണ്ടത്‌ അവരാണ്‌. പക്ഷെ, അവർ എക്കാലത്തും അവകാശപ്പെട്ടത്‌ മതേതരത്വം നിലനിർത്താനാണ്‌ വ്യത്യസ്‌ത നേതൃ നിര എന്നാണ്‌. അതിലാണിപ്പോൾ മാറ്റം വരുത്തിയത്‌. അത്‌ ചൂണ്ടിക്കാട്ടിയതിനെ വിമർശിക്കുന്ന ഇവിടുത്തെ കോൺഗ്രസ്‌ നേതാക്കൾ രാഹുൽഗാന്ധിയെ തളളിപ്പറയാൻ തയ്യാറുണ്ടോ എന്നും കോടിയേരി ചോദിച്ചു.

ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമെന്നാണ്‌ രാഹുൽഗാന്ധി പറഞ്ഞത്‌. ഹിന്ദുക്കളാണ്‌ രാജ്യം ഭരിക്കേണ്ടതെന്നും പറയുന്നു. ഹിന്ദു രാഷ്‌ട്രമെന്ന്‌ ആർഎസ്‌എസും ഹിന്ദുരാജ്യമെന്ന്‌ രാഹുൽഗാന്ധിയും. രാഹുൽഗാന്ധിയുടെ ഈ ജയ്‌പൂർ പ്രസംഗത്തെ തള്ളിപ്പറയാൻ ഇവിടുത്തെ നേതാക്കൾക്ക്‌ ചങ്കൂറ്റമുണ്ടോ?

ഈ നയത്തിന്റെ ഭാഗമായല്ലെ കോൺഗ്രസ്‌ ദേശീയ നേതൃത്വത്തിൽ നിന്നും ന്യൂനപക്ഷത്തെ ഒതുക്കിയത്‌. ഗുലാംനബി ആസാദും സൽമാൻ ഖുർഷിദും  കെ വി തോമസും ഒതുക്കപ്പെട്ടത്‌ ഈ നിലപാടല്ലെ? ഇത്‌ കോൺൺഗ്രസിനകത്ത്‌ ആകെ ചർച്ചയാവുകയാണ്‌.  അതാണ്‌ ചൂണ്ടിക്കാട്ടിയത്‌.

കേരളത്തിലും ഇങ്ങനെ ന്യൂനപക്ഷങ്ങളെ ഒതുക്കുന്നതാണോ എന്നതാണ്‌ ചോദ്യം. 1982ൽ  കെ കരുണകാരൻ മുഖ്യമന്ത്രിയാപ്പോൾ വന്ദ്യവയോധികനായ എ എൽ ജേക്കബ്ബിനെയാണ്‌ കെപിസിസി പ്രസിഡന്റാക്കിയത്‌. എ കെ ആന്റണി മുഖ്യമന്ത്രിയായപ്പോൾ കെ മുരളീധരനെ പ്രസിഡന്റാക്കി. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റായി. ആ കീഴ്‌വഴക്കം ലംഘിക്കാൻ കാരണം എന്താണെന്നും കോടിയേരി ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top