28 March Thursday

വക്രീകരണത്തിന്റെ കാലത്ത്‌ ശരിയായ ചരിത്രം പഠിപ്പിക്കണം: കോടിയേരി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021


തിരുവനന്തപുരം
ചരിത്രത്തെ വളച്ചൊടിക്കുന്ന ഈ കാലത്ത്‌ യഥാർഥ ചരിത്രം പഠിപ്പിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കേന്ദ്രമന്ത്രിമാരടക്കം ചരിത്രത്തെ വക്രീകരിച്ച്‌ ദുർവ്യാഖ്യാനിക്കുന്നു. സവർക്കർ മാപ്പ്‌ എഴുതിക്കൊടുത്തത്‌ ഗാന്ധിജിയുടെ നിർദേശപ്രകാരമാണെന്നും അലക്‌സാണ്ടറെ ചന്ദ്രഗുപ്‌ത മൗര്യൻ കീഴടക്കിയെന്നുംവരെ കള്ളം പ്രചരിപ്പിക്കുന്നു. കമ്യൂണിസ്റ്റ്‌ പാർടിയുടെ ചരിത്രവും തെറ്റായി പ്രചരിപ്പിക്കുന്നെന്നും കോടിയേരി പറഞ്ഞു. കണ്ണൂർ നായനാർ അക്കാദമിയിൽ ആരംഭിക്കുന്ന ഡിജിറ്റൽ മ്യൂസിയത്തിലേക്ക്‌ നായനാർ ഉപയോഗിച്ച റേഡിയോയും ഡയറിയും മകൻ കൃഷ്‌ണകുമാറിൽനിന്ന്‌ സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു കോടിയേരി.

മ്യൂസിയം ഒന്നാംഘട്ടം മാർച്ചിൽ പൂർത്തിയാക്കുമെന്ന്‌ കോടിയേരി പറഞ്ഞു. കമ്യൂണിസ്റ്റ്‌ പാർടിയുടെ ചരിത്രം പുതിയ തലമുറയ്‌ക്കും ഗവേഷകർക്കും പഠിക്കാനുള്ള സംവിധാനവും ഒരുക്കുമെന്നും കോടിയേരി പറഞ്ഞു. മ്യൂസിയം രൂപകൽപ്പന ചെയ്യുന്ന സംഘത്തിലെ അംഗവും സംവിധായകനുമായ ശങ്കർ രാമകൃഷ്‌ണൻ പങ്കെടുത്തു. മ്യൂസിയത്തിലേക്ക്‌ നായനാർ ഉപയോഗിച്ച സാധനങ്ങൾ നൽകണമെന്ന്‌ അഭ്യർഥിച്ചുള്ള ടീസറിന്റെ  പ്രകാശനവും കോടിയേരി നിർവഹിച്ചു.

നായനാരുമായി ബന്ധപ്പെട്ട 
വസ്‌തുക്കൾ കൈമാറണം
മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവുമായിരുന്ന ഇ കെ നായനാർ എഴുതിയ കത്തുകൾ, കുറിപ്പുകൾ, ഫോട്ടോകൾ, ഒപ്പിട്ട്‌ നൽകിയ പുസ്‌തകങ്ങൾ തുടങ്ങിയവ കൈവശമുള്ളവർ നായനാർ മ്യൂസിയത്തിലേക്ക്‌ സംഭാവന ചെയ്യണമെന്ന്‌ കോടിയേരി ബാലകൃഷ്‌ണൻ അഭ്യർഥിച്ചു.
എത്ര ചെറിയ വസ്‌തുവായാലും നായനാരുമായി ബന്ധപ്പെട്ടതെങ്കിൽ നൽകാം. ഇവ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. നായനാർ അവസാന കാലത്ത്‌ താമസിച്ച എ കെ ജി ഫ്ലാറ്റിലെ സാധനങ്ങൾ മ്യൂസിയത്തിന്‌ കൈമാറുമെന്നും കോടിയേരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top