24 April Wednesday

പ്രതിപക്ഷത്തിന്‌ വികസനം വേണ്ടെന്ന നിലപാട്: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

തിരുവനന്തപുരം > ഇടതുപക്ഷം ഭരിക്കുമ്പോൾ സംസ്ഥാനത്ത്‌ ഒരു പദ്ധതിയും പാടില്ലെന്നാണ്‌ കോൺഗ്രസ്‌ കരുതുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. എൽഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കിയാണ്‌ കഴിഞ്ഞ തവണ മുന്നേറിയത്‌. ഇത്‌ തടയാനാണ്‌ വികസന പദ്ധതികൾ തടസ്സപ്പെടുത്താൻ കോൺഗ്രസും ബിജെപിയും ഇപ്പോൾ ശ്രമിക്കുന്നത്‌. കേരള സെക്രട്ടറിയറ്റ്‌ എംപ്ലോയീസ്‌ അസോസിയേഷൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


 

സിൽവർ ലൈൻ പദ്ധതി ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ആവിഷ്‌കരിച്ചതാണ്‌. അന്ന്‌ നല്ല പദ്ധതി വരട്ടെ എന്ന നിലപാടാണ്‌ എൽഡിഎഫ്‌ സ്വീകരിച്ചത്‌. എന്നാൽ, അവരത്‌ ചെയ്‌തില്ല. തുടർന്ന്‌, എൽഡിഎഫ്‌ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. സ്വന്തം പദ്ധതിയെ ഇപ്പോൾ എതിർക്കുന്നതിന്റെ യുക്തി എന്തെന്ന്‌ കോൺഗ്രസ്‌ വ്യക്തമാക്കണം. ഇപ്പോൾ ഞങ്ങളല്ല ഭരിക്കുന്നത്‌, അതിനാൽ പദ്ധതി വേണ്ട എന്നാണ്‌ നിലപാട്‌. നേരത്തേ കേന്ദ്ര റെയിൽവേ മന്ത്രി പദ്ധതിക്ക്‌ അനുകൂല നിലപാടാണ്‌ സ്വീകരിച്ചത്‌. ഇപ്പോൾ നിലപാട്‌ മാറ്റി. പദ്ധതി കേരളത്തിൽ വേണ്ട എന്ന ബിജെപിയുടെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണത്‌. 

അഹമ്മദാബാദ്‌–-മുംബൈ ബുള്ളറ്റ്‌ ട്രെയിൻ പദ്ധതിക്ക്‌ കേന്ദ്രം അനുമതി നൽകി. എന്നാൽ, കേരളത്തിന്‌ അനുമതിയില്ല. ഇത്‌ കേരളത്തോട്‌ കാണിക്കുന്ന വിവേചനത്തിന്റെ തെളിവാണ്‌.  സംസ്ഥാനത്ത്‌ പ്രഖ്യാപിച്ച പദ്ധതികൾപോലും നടപ്പാക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കുന്നവരെ ഇളക്കിവിട്ട്‌ പ്രശ്‌നമുണ്ടാക്കാനാണ്‌ ശ്രമം. സ്ഥലം ഉടമകളുടെ എല്ലാ പ്രശ്‌നങ്ങളും സർക്കാർ പരിഹരിക്കും. അക്കാര്യത്തിൽ ഒരാശങ്കയും വേണ്ട. ഗതാഗതക്കുരുക്കില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള പദ്ധതിയാണ്‌ ഏറ്റെടുത്തിട്ടുള്ളത്‌. അതിനെ തകർക്കുന്ന കോൺഗ്രസ്‌- ബിജെപി നീക്കം ജനം തിരിച്ചറിയണം. പദ്ധതികൾ വേഗത്തിലാക്കാൻ  ജീവനക്കാരുടെ പിന്തുണ അനിവാര്യമാണെന്നും കോടിയേരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top