09 December Saturday

കോടിയേരിക്ക്‌ 
ഓർമപ്പൂക്കൾ

സ്വന്തം ലേഖകൻUpdated: Monday Oct 2, 2023

കണ്ണൂർ
നിസ്വവർഗത്തിന്‌ പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും രാഷ്‌ട്രീയപാഠങ്ങൾ പകർന്നുനൽകിയ ജനനായകൻ കോടിയേരി ബാലകൃഷ്‌ണന്‌ ജനലക്ഷങ്ങളുടെ സ്‌മരണാഞ്ജലി. സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്‌ബ്യൂറോ അംഗവുമായിരുന്ന കോടിയേരിയുടെ വേർപാടിന്റെ ഒന്നാം വാർഷികദിനം നാട്‌ സമുചിതം ആചരിച്ചു.

കനത്ത മഴയെ കൂസാതെയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി പയ്യാമ്പലത്തെ സ്‌മൃതിമണ്ഡപം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനാച്ഛാദനം ചെയ്‌തു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ എംഎൽഎ, സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ്‌ റിയാസ്‌, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കോടിയേരിയുടെ ഭാര്യ വിനോദിനി എന്നിവർ പുഷ്‌പചക്രമർപ്പിച്ചു. അനുസ്‌മരണയോഗത്തിൽ പി കെ ശ്രീമതി അധ്യക്ഷയായി. എം വി ഗോവിന്ദൻ, കെ കെ ശൈലജ എന്നിവർ സംസാരിച്ചു. എം വി ജയരാജൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ജയരാജൻ, പി ശശി, ടി വി രാജേഷ്‌, വി ശിവദാസൻ എം പി, വൽസൻ പനോളി, എൻ ചന്ദ്രൻ, കോൺഗ്രസ്‌ –-എസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, കോടിയേരിയുടെ മക്കൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

തലശേരിയിലും തളിപ്പറമ്പിലും ചുവപ്പ്‌വളന്റിയർ മാർച്ചും അനുസ്‌മരണ സമ്മേളനവും നടന്നു. തലശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയനും തളിപ്പറമ്പിൽ പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും  ഉദ്‌ഘാടനംചെയ്‌തു.

തിരുവനന്തപുരത്ത്‌ എ കെ ജി സെന്ററിൽ കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പതാക ഉയർത്തി. ദേശാഭിമാനി ചീഫ്‌ എഡിറ്റർകൂടിയായിരുന്ന കോടിയേരിയുടെ ഛായാചിത്രം ദേശാഭിമാനി ആസ്ഥാനത്ത്‌ ജനറൽ മാനേജർ കെ ജെ തോമസ്‌ അനാച്ഛാദനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top