17 December Wednesday

കോടിയേരിക്ക്‌ സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

കോടിയേരി ബാലകൃഷ്‌ണൻ ദിനാചരണത്തിന്റെ ഭാഗമായി ലെനിൻ സെന്ററിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പതാക ഉയർത്തുന്നു


കൊച്ചി
സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ ഒന്നാം ചരമവാർഷികം സമുചിതമായി ആചരിച്ചു. അതുല്യനായ സംഘാടകനും മികച്ച വാഗ്മിയും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയരംഗത്തെ സജീവസാന്നിധ്യവുമായിരുന്ന പ്രിയ നേതാവിന്റെ ഓർമദിന പരിപാടികളിൽ നാടാകെ പങ്കാളികളായി. സിപിഐ എം ഓഫീസുകൾ അലങ്കരിച്ച്‌ പാർടി പതാക ഉയർത്തി. നാടെങ്ങും അനുസ്‌മരണ സമ്മേളനങ്ങൾ, സെമിനാറുകൾ, വളന്റിയർ മാർച്ചോടുകൂടിയ ബഹുജന റാലികൾ എന്നിവ സംഘടിപ്പിച്ചു.

എ കെ ജി സെന്ററിൽ കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പതാക ഉയർത്തി. ദേശാഭിമാനി ചീഫ്‌ എഡിറ്റർകൂടിയായ കോടിയേരിയുടെ ഛായാചിത്രം ദേശാഭിമാനി ആസ്ഥാനത്ത്‌ ജനറൽ മാനേജർ കെ ജെ തോമസ്‌  അനാച്ഛാദനം ചെയ്‌തു. അനുസ്‌മരണ സമ്മേളനം അദ്ദേഹം ഉദ്‌ഘാടനംചെയ്‌തു. റസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരൻ അധ്യക്ഷനായി. ചീഫ്‌ ന്യൂസ്‌ എഡിറ്റർ മനോഹരൻ മോറായി, ലോക്കൽ സെക്രട്ടറി പി അനിൽകുമാർ എന്നിവർ സംസാരിച്ചു.

കലൂർ ലെനിൻ സെന്ററിൽ നടന്ന കോടിയേരി ദിനാചരണത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പതാക ഉയർത്തി അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം പി പത്രോസ്‌ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള കളമശേരി ബി ടി ആർ മന്ദിരത്തിൽ പതാക ഉയർത്തി. പറവൂർ ടൗണിൽ നടന്ന അനുസ്‌മരണ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ്‌ ശർമ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ് കോതമംഗലം മുനിസിപ്പൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസിനുമുന്നിൽ പതാക ഉയർത്തി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പുഷ്‌പ ദാസ്‌ വാഴക്കുളം നടക്കാവ്‌ സൗത്ത് ബ്രാഞ്ചിലും എം സി സുരേന്ദ്രൻ മരട് ഈസ്റ്റിലും ടി സി ഷിബു തൃപ്പൂണിത്തുറ ടൗണിലും സി ബി ദേവദർശനൻ പുത്തൻകുരിശ് ലോക്കൽ കമ്മിറ്റിയിലെ കുറ്റയിലും ആർ അനിൽകുമാർ കോതമംഗലം കുത്തുകുഴി വായനശാലപ്പടിയിലും പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി കെ പരീത് തൃക്കാക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റിയിൽ കോടിയേരി അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.
സിപിഐ എം ദേശാഭിമാനി കൊച്ചി ലോക്കൽ കമ്മിറ്റി കോടിയേരി ബാലകൃഷ്ണൻ ദിനം ആചരിച്ചു. ലോക്കൽ സെക്രട്ടറി എ ബി അജയഘോഷ് പതാക ഉയർത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top