01 December Thursday

കരുത്ത്‌ കൊടിയേറ്റിയ കോടിയേരി

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

എറണാകുളത്തു നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിലെ റെഡ് വളന്റിയർമാർ കോടിയേരി ബാലകൃഷ്ണൻ, സീതാറാം യെച്ചൂരി, പി രാജീവ്, 
സി എൻ മോഹനൻ എന്നിവർക്കൊപ്പം

കൊച്ചി> എല്ലാ അർഥത്തിലും കരുത്തിന്റെ കൊടിയേറ്റമായിരുന്നു അത്‌. ഒന്നാം പിണറായി വിജയൻ സർക്കാരിനെ ജനഹൃദയങ്ങളിൽ പ്രതിഷ്‌‌ഠിച്ച്‌ നേടിയെടുത്ത തുടർഭരണത്തിന്റെ തിളക്കം ഒരുഭാഗത്ത്‌. എതിരാളികൾ നിരന്തരം എഴുതിപ്പിടിപ്പിച്ച ആക്ഷേപങ്ങളെയെല്ലാം കാറ്റിൽപ്പറത്തി കഴിഞ്ഞ മാർച്ചിൽ കൊച്ചിയിൽ സമാപിച്ച സിപിഐ എം സംസ്ഥാന സമ്മേളനം മറുഭാഗത്ത്‌. പാർടി സെക്രട്ടറിസ്ഥാനത്ത്‌ കോടിയേരിയുടെ മൂന്നാംവട്ടം എന്തുകൊണ്ടും സമാനതകളില്ലാത്തതായി മാറുകയായിരുന്നു. പാർടിക്കും സർക്കാരിനും വഴികാട്ടുന്ന  കരുത്തിന്റെ കൊടിയേറ്റത്തിനാണ്‌ അന്ന്‌ കൊച്ചി സാക്ഷിയായത്‌.

മൂന്നുപതിറ്റാണ്ടിന്റെ ഇടവേളയ്‌ക്കുശേഷമാണ്‌ പാർടി സംസ്ഥാന സമ്മേളനത്തിന്‌ കൊച്ചി വേദിയായത്‌. കോവിഡ്‌  തീക്ഷ്‌ണത കുറഞ്ഞ സമയം. സമ്മേളനവേദി ബോൾഗാട്ടിയിൽനിന്ന്‌ മറൈൻഡ്രൈവിലെ വിശാലതയിലേക്ക്‌ മാറ്റാനുള്ള നിർദേശം കോടിയേരിയുടെതായിരുന്നു. പ്രതിനിധികൾക്കും സമ്മേളനത്തിന്‌ സാക്ഷിയാകാനെത്തുന്നവർക്കും അതാകും സൗകര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പിന്നെ കാര്യങ്ങളെല്ലാം അതിവേഗത്തിലായി. ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ മറൈൻഡ്രൈവിൽ കൂറ്റൻ പന്തലുകളുയർന്നു. സമ്മേളനത്തിന്‌ നാലു ദിവസം ബാക്കിനിൽക്കെ കോടിയേരി കൊച്ചിയിലെത്തി. ദിവസവും സമ്മേളനത്തിന്റെ സംഘാടനത്തിലാകെ കോടിയേരിയുടെ കണ്ണെത്തി. സംസ്ഥാന സമ്മേളനങ്ങളുടെ ചരിത്രത്തിൽ തിളക്കമാർന്ന അധ്യായമായി മാറി കൊച്ചിയാകെ ചുവന്നുതുടുത്ത ആ നാലുനാൾ.

ആദ്യവസാനം കോടിയേരി നിറഞ്ഞുനിന്ന സംസ്ഥാന സമ്മേളനത്തിന്‌ മാത്രമല്ല, രാഷ്‌ട്രീയ കേരളത്തിന്റെ സവിശേഷ ശ്രദ്ധയാകർഷിച്ച ഒരു തെരഞ്ഞെടുപ്പിനും അവസാനം സാക്ഷിയായത്‌ കൊച്ചിയാണ്‌. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുകാലത്ത്‌ എല്ലാ പ്രവർത്തനങ്ങൾക്കും മേൽനോട്ടംവഹിച്ച്‌ കോടിയേരി കൊച്ചിയിൽത്തന്നെയുണ്ടായിരുന്നു. അമേരിക്കയിലെ ബോസ്‌റ്റണിൽ ആദ്യഘട്ട ചികിത്സകഴിഞ്ഞ സമയമായിരുന്നു. കോടിയേരി വിശ്രമിക്ക്‌, തെരഞ്ഞെടുപ്പുരംഗത്ത്‌ മറ്റുള്ളവരെല്ലാം ഉണ്ടാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉപദേശിച്ചിരുന്നു. അത്‌ സമ്മതിച്ച കോടിയേരി പക്ഷേ, ഉപതെരഞ്ഞെടുപ്പിന്‌ രണ്ടാഴ്‌ചമുമ്പേ കൊച്ചിയിലെത്തിയെന്ന്‌ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഓർക്കുന്നു. രോഗാവസ്ഥയുടെ ക്ഷീണമുണ്ടായിരുന്നിട്ടും അതൊന്നും വകവയ്‌ക്കാതെ  തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളിൽ മുഴുകി. ദിവസവും രാവിലെ താമസസ്ഥലത്തുനിന്ന്‌ പാർടി ആസ്ഥാനത്തോ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസിലോ എത്തും. എല്ലാ പ്രവർത്തനങ്ങളും നേരിട്ട്‌ പരിശോധിക്കും. ആവശ്യമായ നിർദേശങ്ങൾ നൽകും. ഇതിനിടെ തൃക്കാക്കര മണ്ഡലത്തിലെ പാർടി ലോക്കൽ കമ്മിറ്റികൾ വിളിക്കണമെന്ന്‌ പറഞ്ഞു. കോടിയേരിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത്‌ യോഗങ്ങൾ ലെനിൻ സെന്ററിൽ ചേരാമെന്ന്‌ പറഞ്ഞിട്ടും  സമ്മതിച്ചില്ല. ഓരോ ലോക്കൽ കമ്മിറ്റിയിലും നേരിട്ട്‌ പോകണമെന്ന്‌ അദ്ദേഹം ശഠിച്ചു. അങ്ങനെ മുഴുവൻ കമ്മിറ്റികളിലും നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തി.

ജന്മനാടെന്നപോലെയാണ്‌ എറണാകുളം ജില്ലയെ അദ്ദേഹം പരിഗണിച്ചിരുന്നത്.  പ്രധാന പ്രവർത്തകരെയാകെ നേരിട്ടറിയാമായിരുന്നു. പാർടി കമ്മിറ്റികൾ പുനക്രമീകരിക്കുന്നതിൽ ഉൾപ്പെടെ കോടിയേരിയുടെ ഉപദേശ നിർദേശങ്ങളുണ്ടായിരുന്നു. എല്ലാ പ്രധാന ക്യാമ്പയിനുകളുടെ സമയത്തും ജില്ലയിൽ അതിന്‌ നേതൃത്വം നൽകാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു–- സി എൻ മോഹനൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top