29 March Friday

റെഡ് സെല്യൂട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

ചെന്നൈ/തിരുവനന്തപുരം> സമരതീക്ഷ്‌ണവും സൗമ്യദീപ്തവുമായ ജീവിതംകൊണ്ട്‌ മനസ്സുകളെ കീഴടക്കിയ പ്രിയ നേതാവിന്‌ ഇനി ജനകോടികളുടെ ഹൃദയത്തിൽ അമരത്വം. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ (69) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ശനി രാത്രി എട്ടിന്‌ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.

ഞായർ പകൽ 11ന് എയർ ആംബുലൻസിൽ കണ്ണൂരിലെത്തിക്കുന്ന മൃതദേഹം തലശേരി ടൗൺഹാളിൽ പൊതുദർശനത്തിന്‌ വയ്‌ക്കും. തുടർന്ന്‌ കോടിയേരി മാടപ്പീടികയിലെ വസതിയിൽ തിങ്കൾ രാവിലെ 10 വരെ പൊതുദർശനം. രാവിലെ 11 മുതൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലെ പൊതുദർശനത്തിനുശേഷം പകൽ മൂന്നിന്‌ പയ്യാമ്പലത്ത്‌ സംസ്‌കരിക്കും. ആദരസൂചകമായി  തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ തിങ്കളാഴ്‌ച ഹർത്താൽ ആചരിക്കും.  

     അന്ത്യസമയത്ത്‌ ഭാര്യ വിനോദിനിയും മക്കളായ ബിനോയ്‌ കോടിയേരിയും ബിനീഷ്‌ കോടിയേരിയും ഒപ്പമുണ്ടായിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രാത്രി ചെന്നൈയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര ഉപേക്ഷിച്ചു. തിങ്കൾ രാവിലെ കണ്ണൂരിലെത്തും. തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അപ്പോളോ ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

   പാർടി സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം ആഗസ്‌ത്‌ അവസാനമാണ്‌ സ്ഥാനമൊഴിഞ്ഞ്‌ ചികിത്സയ്‌ക്കായി ചെന്നൈയിലേക്ക്‌ തിരിച്ചത്‌. കണ്ണൂർ ജില്ലയിലെ തലശേരിയിൽ കുഞ്ഞുണ്ണി കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16ന്‌ ആയിരുന്നു കോടിയേരിയുടെ  ജനനം. വിദ്യാർഥിയായിരുന്നപ്പോൾത്തന്നെ രാഷ്ട്രീയത്തിൽ സജീവമായി. എസ്‌എഫ്‌ഐ  സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ്‌ സെക്രട്ടറി, ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌, സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത്‌ പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായി. മിസ തടവുകാരനായി 16 മാസം ജയിലിൽ കഴിഞ്ഞു.

1982ലും 1987ലും 2001ലും തലശേരിയിൽനിന്ന്‌ നിയമസഭയിലെത്തി. 2001–-06, 2011–- 16ലും പ്രതിപക്ഷ ഉപനേതാവായും 2006–-11ൽ ആഭ്യന്തര, ടൂറിസം മന്ത്രിയായും പ്രവർത്തിച്ചു. 1988ൽ പാർടി സംസ്ഥാന കമ്മിറ്റി അംഗവും 1995ൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവുമായി. 2002ൽ കേന്ദ്ര കമ്മിറ്റിയിലേക്കും 2008ൽ പൊളിറ്റ്‌ ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2015ൽ ആലപ്പുഴ  സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയായി. 2016ൽ വൻ ഭൂരിപക്ഷത്തോടെ എൽഡിഎഫിന്‌ അധികാരം ലഭിച്ച തെരഞ്ഞെടുപ്പിൽ അമരക്കാരനായി. 2018ൽ തൃശൂർ സമ്മേളനത്തിലും സെക്രട്ടറിയായി തുടർന്നു. 2020 നവംബർമുതൽ ഒരുവർഷം ചികിത്സയ്‌ക്കായി ചുമതലയൊഴിഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽ മുന്നണിയുടെ വിജയത്തിനായി അനാരോഗ്യം വകവയ്‌ക്കാതെ അക്ഷീണം പ്രവർത്തിച്ചു. 2022 മാർച്ചിൽ എറണാകുളം സമ്മേളനത്തിൽ മൂന്നാം തവണയും സെക്രട്ടറിയായി. ദേശാഭിമാനി ചീഫ്‌ എഡിറ്ററായും പ്രവർത്തിച്ചു.

സിപിഐ എം നേതാവും തലശേരി എംഎൽഎയുമായിരുന്ന എം വി രാജഗോപാലിന്റെ മകൾ എസ്‌ ആർ വിനോദിനിയാണ്‌ ഭാര്യ. മക്കൾ: ബിനോയ്‌ കോടിയേരി, അഡ്വ. ബിനീഷ്‌ കോടിയേരി. മരുമക്കൾ: ഡോ. അഖില, റിനീറ്റ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top