25 April Thursday

സർക്കാർ കൂടുതൽ ജനപിന്തുണയാർജിക്കും: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

തിരുവനന്തപുരം> കൂടുതൽ ജനപിന്തുണ ആർജിക്കാനുള്ള പ്രവർത്തനങ്ങളുമായി എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുപോകുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ സർക്കാർ തുടങ്ങിവച്ച പദ്ധതികൾക്ക്‌  പ്രാധാന്യം നൽകണം. എല്ലാവർക്കും നീതി ഉറപ്പാക്കുക എന്നതിലായിരിക്കണം ശ്രദ്ധ.  മന്ത്രിമാരുടെയും മറ്റും പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്‌. സംസ്ഥാനത്ത്‌ ഉടനീളം മന്ത്രിമാർ സഞ്ചരിക്കണം. വന്നയുടൻ ആയതുകൊണ്ടും ഓൺലൈൻ സംവിധാനവും മറ്റും കൂടുതൽ സൗകര്യം നൽകിയതുകൊണ്ടുമുള്ള പ്രശ്നങ്ങളാണ്‌. അതെല്ലാം പരിഹരിച്ച്‌  കൂടുതൽ ഊർജസ്വലരാകും.

രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാർ ഉയർത്തുന്ന ബദൽ സാധാരണക്കാരുടെയും തൊഴിലാളികളുടെയും പ്രതീക്ഷയാണ്‌.  കേന്ദ്ര  വിവേചനമാണ്‌ വികസനത്തിന്‌ തടസ്സം. ആനുകൂല്യങ്ങൾ മാത്രമല്ല, അർഹമായ വായ്പ എടുക്കുന്നതിനും തടസ്സം നിൽക്കുന്നു.  വിഴിഞ്ഞം പദ്ധതിക്കടക്കം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്‌. ഇതിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. വികസനം സ്തംഭിപ്പിക്കാൻ പ്രതിപക്ഷം കേന്ദ്രത്തെ ഉപയോഗപ്പെടുത്തുകയാണ്‌. മുഖ്യമന്ത്രിക്കെതിരെ ആക്രമണം നടത്തുന്നു. മാധ്യമങ്ങൾ സർക്കാർ പ്രവർത്തനങ്ങളെ തമസ്കരിക്കുന്നതിനാൽ അവ ജനങ്ങളിലെത്തിക്കും.

ലോകായുക്ത ബിൽ സംബന്ധിച്ച്‌ സിപിഐയുമായി ചർച്ച ചെയ്യും. പൊലീസ്‌ വകുപ്പിനെതിരായ വിമർശം എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്‌. നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്‌. ക്രമസമാധാനം ഏറ്റവും ഭദ്രം കേരളത്തിലാണ്‌. കോഴിക്കോട്‌ മേയർ ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത്‌ തെറ്റാണെന്ന്‌ ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട്‌. അത്‌ അവരും അംഗീകരിച്ചിട്ടുണ്ട്‌. പ്രാദേശിക പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടാനും പാർടി ഘടകങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം. സ്വാതന്ത്ര്യദിനത്തോട്‌ അനുബന്ധിച്ച്‌ പാർടി ഓഫീസുകളിലടക്കം എല്ലായിടത്തും ദേശീയപതാക ഉയർത്തി ഭരണഘടനയുടെ ആമുഖം ചൊല്ലുമെന്നും കോടിയേരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top