29 March Friday

ജോസ് കെ മാണി വിഭാഗം രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ ശേഷം പാര്‍ട്ടി സമീപനം സ്വീകരിക്കും: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

തിരുവനന്തപുരം> യുഡിഎഫിലെ തമ്മിലടി അവരുടെ  സഹജമായ സ്വഭാവമാണെന്നും ചെന്നിത്തലയും ഘടകകക്ഷികളും ഹെഡ്മാസ്റ്ററും കുട്ടികളും കളിക്കുകയാണോ എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഐക്യ ജനാധിപത്യ മുന്നണി ഇന്ന് വലിയ പ്രതിസന്ധിയിലാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് വിചാരിച്ച യുഡിഎഫ് പരാജിതരായി.

യുഡിഎഫിന്റെ കൂടെയുണ്ടായിരുന്ന എല്‍ജെഡി ഇപ്പോള്‍ എല്‍ഡിഎഫിന്റെ ഭാഗമാണ്. കേരള കോണ്‍ഗ്രസിനെ പുറത്താക്കി എന്ന് പറയുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ പുറത്താക്കിയിട്ടില്ലെന്ന് പറയുന്നു. ഇത് ജോസ് കെ മാണി വിഭാഗത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ശ്രമത്തിനുവേണ്ടിയായിരുന്നു. എന്നാല്‍, തങ്ങളുടെ വരുതിയില്‍ നില്‍ക്കുമെന്നതില്‍ നിന്നും വ്യത്യസ്തമായ നിലയിലാണ് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത്.

 ക്ലാസില്‍ നിന്നും പുറത്താക്കി,  സ്‌കൂളില്‍ നിന്നും പുറത്താക്കിയില്ല എന്നാണ് പറയുന്നത്. ജോസഫും മാണിയും കൂടി ഉള്‍ക്കൊള്ളുന്ന കേരള കോണ്‍ഗ്രസ് തന്നെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് വിട്ട്  കുറച്ചുകാലം നിന്നിരുന്നു. അന്ന് കേരള കോണ്‍ഗ്രസിനെ അനുനയിപ്പിച്ചത് ചെങ്ങന്നൂരില്‍ യുഡിഎഫിന് ജയിക്കാനായിരുന്നില്ലെ. പക്ഷെ ചെങ്ങന്നൂരില്‍ എല്ലാവരുമുണ്ടായിട്ടും പരാജയപ്പെട്ടില്ലെ. അന്നുണ്ടാക്കിയ വ്യവസ്ഥയുടെ ഭാഗമായിരുന്നില്ലെ  പിജെ കുര്യന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തത്.

തമ്മിലടിക്കുക, പുറത്താക്കുക, വീണ്ടും യോജിക്കുക എന്നതൊക്കെ യുഡിഎഫില്‍ സഹജമായി നടക്കുന്ന കാര്യമാണ്. യുഡിഎഫിന്റെ തകര്‍ച്ചക്ക് ഇത് വേഗത കൂട്ടും. ജോസ് കെ മാണിയെ പുറത്താക്കിയത് ഐക്യജനാധിപത്യ മുന്നണിയെ ശിഥിലമാക്കും.  ജോസ് കെ മാണി വിഭാഗവുമായി എല്‍ഡിഎഫ് ചര്‍ച്ച നടത്തിയിട്ടില്ല. എല്‍ഡിഎഫില്‍ ചേരണമെന്ന് ജോസ് കെ മാണി വിഭാഗം അഭിപ്രായം  പ്രകടിപ്പിച്ചിട്ടുമില്ല.

അവരുടെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല, എന്ത് രാഷ്ട്രീയ നിലപാടാണ് അവരെടുക്കുന്നത് എന്ന് നോക്കിയായിരിക്കും അവരോടുള്ള സിപിഐ എം സമീപനം. അവരുടെ നിലപാട് വ്യക്തമാകണം. അതിനുശേഷമാണ് പാര്‍ട്ടിയും എല്‍ഡിഎഫും തീരുമാനമെടുക്കുക. 

അതേസമയം, യുഡിഎഫ് ഇന്ന് പ്രതിസന്ധിയിലാണ്. ഇതില്‍ നിന്നും അവരെ രക്ഷിക്കേണ്ട കാര്യം സിപിഐ എമ്മിനില്ല. ഓരോ പാര്‍ട്ടിയുടേയും രാഷ്ട്രീയ നിലപാടാണ് സിപിഐ എമ്മിനെ സംബന്ധിച്ച് പ്രധാനം. അതിനനുസരിച്ചാണ് മുന്‍കാലത്തും നിലപാട് സ്വീകരിച്ചിട്ടുള്ളത്. 'ബിജെപിയെ പരാജയപ്പെടുത്തുക, യുഡിഎഫ് വര്‍ഗീയ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുക'; ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പാര്‍ട്ടികള്‍, വ്യക്തികള്‍ എന്നിവരുമായി സഹകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇടതുപക്ഷ മുന്നണിയുടെ ബഹുജന അടിത്തറ വിപുലീകരിച്ച് വരുന്ന തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടുക എന്നാണ് സിപിഐ എം തീരുമാനിച്ചിരിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top