20 August Saturday

പുരോഗമന കേരളത്തിന്റെ ഹൃദയത്തിൽ ഇടംനേടിയ ധീരവിപ്ലവകാരി: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

തിരുവനന്തപുരം> പുരോഗമന കേരളത്തിന്റെ ഹൃദയത്തിൽ ഇടംനേടിയ ധീരവിപ്ലവകാരിയായ മാതൃകാ നേതാവാണ് ടി ശിവദാസമേനോൻ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മികച്ച ഭരണാധികാരി, ഉത്തമ കമ്മ്യൂണിസ്റ്റ്, ഉജ്ജ്വലവാഗ്മി, അടിപതറാത്ത സമരപോരാളി- ഇപ്രകാരം സ്വജീവിതം കൊണ്ട് മേനോൻ ആർജ്ജിച്ച വിശേഷണങ്ങൾ നിരവധിയാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി.  

സംസ്ഥാനത്ത് അധ്യാപകപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ത്യാഗോജ്ജ്വലമായ പങ്കാണ് വഹിച്ചത്. അധ്യാപക നേതാവായിരിക്കുമ്പോഴും പിന്നീട് സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയായപ്പോഴും അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായി. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, മന്ത്രി, എംഎൽഎ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രവർത്തിക്കുമ്പോൾ കൂടുതൽ അടുപ്പത്തോടെ ഞങ്ങൾ തമ്മിൽ സംഘടനാപ്രവർത്തനങ്ങളിൽ സഹകരിച്ചു. ഏറ്റവും അടുപ്പമുളള സാഹോദര്യബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ.

ഒരു മാസം മുമ്പ് അദ്ദേഹത്തെ കാണുകയും ദീർഘനേരം സംസാരിക്കുകയും ചെയ്‌തു. ഇത്ര പെട്ടെന്ന് വേർപിരിയൽ ഉണ്ടാകുമെന്ന് കരുതിയില്ല. നിയമസഭയ്‌ക്ക് അകത്തും പുറത്തും മേനോൻ സൃഷ്ടിച്ച വിപ്ലവാവേശത്തിന്റെ അലകൾ എക്കാലവും ഓർമ്മിക്കപ്പെടും. രണ്ട് തവണ മന്ത്രിയും മൂന്ന് തവണ എംഎൽഎയുമായ ശിവദാസമേനോനെ യുഡിഎഫ് ഭരണത്തിൽ തെരുവിൽ പൊലീസ് തല തല്ലിപ്പൊളിച്ചു. അത്തരം മർദ്ദനങ്ങൾ കൊണ്ട് ആ കമ്മ്യൂണിസ്റ്റ്‌നേതാവിന്റെ വീറ് കെടുത്താൻ വലതുപക്ഷ ഭരണത്തിന് കഴിഞ്ഞിരുന്നില്ല. യുഡിഎഫ് ഭരണകാലത്തുതന്നെ യൂണിവേഴ്‌സിറ്റി കോളേജിൽ പൊലീസ് വിദ്യാർത്ഥിവേട്ട നടത്തിയപ്പോൾ മേനോനും ഞാനും അവിടേക്ക് ഞൊടിയിടയിൽ എത്തിയിരുന്നു. പൊലീസ് അതിക്രമത്തിൽ നിന്ന് വിദ്യാർത്ഥികളെ രക്ഷിക്കുന്നതിന് മേനോൻ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്.

നായനാർ മന്ത്രിസഭയിൽ രണ്ടുതവണ മന്ത്രിയായിരുന്ന അദ്ദേഹം കേരളത്തെ കൂടുതൽ ആധുനികവത്ക്കരിക്കുന്നതിനും ജനാധിപത്യവത്ക്കരിക്കുന്നതിനും മഹത്തായ സംഭാവനയാണ് നൽകിയത്. ധനം, വൈദ്യുതി, എക്‌സൈസ്, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളെ സമർത്ഥമായി ഉപയോഗിച്ച്  ജനക്ഷേമത്തിനും സാമൂഹ്യമാറ്റത്തിനും മികച്ച പദ്ധതികൾ നടപ്പാക്കി. വിരുദ്ധ സാഹചര്യങ്ങളോട് പോരാടി ലക്ഷ്യസ്ഥാനത്തെത്തുക എന്നത് പ്രായേണ ദുഷ്‌ക്കരമായ കാര്യമാണ്. വിശേഷിച്ച് തൊട്ടാൽ പൊളളുന്ന കാര്യങ്ങളാകുമ്പോൾ.

പക്ഷേ, പ്രതികൂല സാഹചര്യങ്ങളെ സ്വതസിദ്ധമായ നയചാതുരിയും നർമബോധവും ദൃഢമായ കമ്മ്യൂണിസ്റ്റ് ആശയബോധവും കൊണ്ട് സമർത്ഥമായി മുറിച്ചുകടന്നു. ഇത് എക്കാലത്തെയും നല്ല കമ്മ്യൂണിസ്റ്റ് മാതൃകയാണ്. മതനിരപേക്ഷത സംരക്ഷിക്കുന്നതിന് ശത്രുവർഗ്ഗത്തോട് വിട്ടുവീഴ്‌ചയില്ലാത്ത സമീപനം സ്വീകരിക്കുകയും മാനവീയതയ്‌ക്കുവേണ്ടി എല്ലാവരെയും ഒന്നിപ്പിക്കുന്നതിനുളള ആശയധാര പടർത്തുകയും ചെയ്‌തു. അതിനുവേണ്ടി ഗുരുവായൂരമ്പലത്തിലെ ശ്രീകോവിൽ രക്ഷിക്കാൻ തീപിടിത്തത്തിന് മധ്യേ ജാതി നോക്കാതെ ജനങ്ങൾ ഒന്നിച്ചതടക്കമുളള ഉദാഹരണങ്ങൾ നിരത്തുമായിരുന്നു.

നിയമസഭയെ പാഠശാലയാക്കി മാറ്റിയ ധനമന്ത്രിയായിരുന്നു അദ്ദേഹം. കെ എം മാണി ഉൾപ്പെടെയുളള അന്നത്തെ പ്രതിപക്ഷനിരയിലെ നേതാക്കളുമായി നടത്തിയ ആശയസംവാദം ഓർക്കപ്പെടുന്ന ചരിത്രരേഖയാണ്. വിഭാഗീയതയില്ലാത്ത പാർടിയുണ്ടെങ്കിലേ സമൂഹത്തിൽ കമ്മ്യൂണിസ്റ്റ് മുന്നേറ്റമുണ്ടാക്കാനാകൂ എന്ന തിരിച്ചറിവോടെ വിഭാഗീയതയ്‌ക്കെതിരെ അടിപതറാത്ത നിലപാട് സ്വീകരിച്ച നേതാവായിരുന്നു അദ്ദേഹം. കേരളത്തെ പുരോഗമനചിന്തയുടെ മുന്നിലെത്തിക്കാൻ ബൗദ്ധികമായും സംഘടനാപരമായും പോരാടിയ തളർച്ചയില്ലാത്ത വിപ്ലവകാരിയായിരുന്നു.

പുതിയ കേരളത്തിന്റെ ചരിത്രത്തിൽ വേർതിരിക്കാനാവാത്ത, പതിഞ്ഞുനിൽക്കുന്ന വിപ്ലവവ്യക്തിത്വമായ മേനോൻ പാർടിക്കുവേണ്ടി സമർപ്പിച്ച നിസ്വാർത്ഥജീവിതത്തിന്റെ ഉടമയായിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുകയും അനുശോചിക്കുകയും ചെയ്യുന്നതായി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top