27 April Saturday

കോടിയേരിയുടെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് പുറപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

കണ്ണൂര്‍> സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണ‌ന്റെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. ഭാര്യ വിനോദിനി, മകന്‍ ബിനീഷ്, മരുമകള്‍ റിനീറ്റ എന്നിവരും എയര്‍ ആംബുലന്‍സിലുണ്ട്. മൃതദേഹം ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തും.ഇതിനോടകം തന്നെ നേതാക്കളും റെഡ് വോളണ്ടിയര്‍മാരും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. മൃതദേഹം തുറന്ന വാഹനത്തില്‍ വിലാപയാത്രയായി തലശ്ശേരി ടൗണ്‍ ഹാളില്‍ എത്തിക്കും. ജനങ്ങള്‍ക്ക് ആദരമര്‍പ്പിക്കാന്‍ അവസരമൊരുക്കുന്നതിനായി വിലാപയാത്ര പതിനാല് കേന്ദ്രങ്ങളില്‍ നിര്‍ത്തും.

കണ്ണൂര്‍ ജില്ലയില്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലയിലുള്ളവര്‍ പയ്യാമ്പലത്തേക്ക് വരരുതെന്നും മട്ടന്നൂര്‍ മുതല്‍ തലശേരി വരെ 14 കേന്ദ്രങ്ങളില്‍ വിലാപയാത്ര നിര്‍ത്തുമെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. മൃതദേഹം തുറന്ന വാഹനത്തില്‍ വിലാപ യാത്രയായി തലശ്ശേരി ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോകും. മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിര്‍ത്തുക.തുടര്‍ന്ന് ഇന്ന് മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.

തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദര്‍ശനമുണ്ടാകും. തിങ്കളാഴ്ച മൂന്ന് മണിക്ക് പയ്യാമ്പലത്ത് സംസ്‌കാരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്നത്. ഇന്നും നാളെയും സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒഴുകിയെത്തും. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കും. സംസ്‌കാരം നാളെ വൈകിട്ട് പയ്യാമ്പലത്ത് മൂന്ന് മണിക്ക് നടക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top