28 March Thursday
കണ്ണീരാൽ നനഞ്ഞ്‌ പതിനായിരങ്ങൾ

ഇടനെഞ്ചിൽ അഗ്നിയായി ; ഓർമകളിലേക്ക്‌ ചേക്കേറിയത്‌ മനുഷ്യപക്ഷ രാഷ്ട്രീയത്തിന്റെ പ്രസാദമുഖം

പി പി സതീഷ്‌കുമാർUpdated: Monday Oct 3, 2022


കണ്ണൂർ  
ദേശത്തിന്റെ സകലവഴികളിൽനിന്നും ഒഴുകിയെത്തിയ ജനസാഗരം നെഞ്ചുരുകി പ്രിയനേതാവിന്‌ വിട നൽകി... ചിരിമായാത്ത നേതാവിന്‌  കരഞ്ഞുകലങ്ങിയ കണ്ണുകളോടെ. മനുഷ്യപക്ഷ രാഷ്ട്രീയത്തിന്റെ മുഖമായ കോടിയേരി ബാലകൃഷ്‌ണൻ ഓർമകളിലേക്ക്‌ ചേക്കേറി. അഞ്ച്‌ പതിറ്റാണ്ടുനീണ്ട സൗമ്യമായ പൊതുപ്രവർത്തനത്തെ,  ദൃഢതയാർന്ന കമ്യൂണിസ്‌റ്റ്‌ ജീവിതത്തെ ചിതയേറ്റുവാങ്ങവേ, കടലിരമ്പം തോൽക്കുംവിധം മുദ്രാവാക്യം മുഴങ്ങി. നവോത്ഥാന കേരളത്തെ മുന്നിൽനിന്ന്‌ നയിച്ച, ചരിത്രത്തിലാദ്യമായി തുടർഭരണത്തിലേക്ക്‌ എൽഡിഎഫിനെ നയിച്ച കപ്പിത്താൻ ഇനി ജ്വലിക്കുന്ന ഓർമ. പയ്യാമ്പലത്തെ കടൽത്തീരത്ത്‌ മഹാരഥന്മാരായ ചടയനും നായനാർക്കും അരികെ സഖാവ്‌ കോടിയേരിക്ക്‌ നിത്യനിദ്ര.

കോടിയേരിയിലെ വീട്ടിൽ നിന്ന്‌ കാലത്ത്‌  10.10നാണ്‌   വിലാപയാത്രയായി മൃതശരീരം സിപിഐ എം ജില്ലാ ആസ്ഥാനമായ  അഴീക്കോടൻ മന്ദിരത്തിലെത്തിച്ചത്‌. 11.40 മുതൽ 2.10 വരെ പൊതുദർശനം. തുടർന്ന്‌ 2.10ഓടെ പയ്യാമ്പലത്തേക്ക്‌.  മക്കളായ ബിനോയിയും ബിനീഷുംചേർന്ന്‌ പകൽ 3.45ന്‌ ചിത കൊളുത്തി. കോടിയേരിയുടെ ഭാര്യ വിനോദിനിയും ഉറ്റബന്ധുക്കളും അരികിലുണ്ടായി. സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു ചടങ്ങ്‌.

ചെന്നൈ അപ്പോളോ ആശുപത്രിയിൽനിന്ന്‌ രണ്ടുനാൾമുമ്പ്‌ ആരംഭിച്ച്‌, പയ്യാമ്പലത്ത്‌ തിങ്കളാഴ്‌ച വൈകിട്ട്‌ അവസാനിച്ച ‘വിലാപയാത്ര’യിൽ പതിനായിരങ്ങൾ അണിനിരന്നു. വീടും ജന്മദേശവും കർമമണ്ഡലമായ കണ്ണൂരും മുഷ്ടിചുരുട്ടി മുദ്രാവാക്യം മുഴക്കി വിടചൊല്ലി.  മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാർക്കും പാവങ്ങളുടെ പടത്തലവൻ എ കെ ജിക്കും രക്തസാക്ഷി അഴീക്കോടൻ രാഘവനും ചടയൻ ഗോവിന്ദനും കണ്ണൂർ നൽകിയ യാത്രയയപ്പുകളെ അത്‌ ഓർമപ്പെടുത്തി. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ ഉച്ചവെയിലിന്റെ കഠിനതയെ വകവയ്‌ക്കാതെ മൂന്ന് കിലോമീറ്റർ നീണ്ട വിലാപയാത്രയിൽ കണ്ണിചേർന്നു. മുഖ്യമന്ത്രി പിണറായി വിജയനും പാർടി ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയും മുതിർന്ന നേതാക്കളായ പ്രകാശ്‌ കാരാട്ട്‌, ജി രാമകൃഷ്‌ണൻ, എം എ ബേബി, എ വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങിയവർചേർന്നാണ്‌ മൃതദേഹം ചിതയിലേക്കെടുത്തത്‌. ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഉൾപ്പെടെയുള്ള പ്രമുഖർ അഴീക്കോടൻ മന്ദിരത്തിലെത്തി അന്തിമോപചാരമർപ്പിച്ചു.

സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായും പൊളിറ്റ്‌ ബ്യൂറോ അംഗമായും കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായും വെളിച്ചം ചൊരിഞ്ഞ ജീവിതത്തിന്‌ കേരളത്തിന്റെ ഹൃദയാദരമാണ്‌ വഴിയിലുടനീളം കണ്ടത്‌. കർമമണ്ഡലമായിരുന്ന കണ്ണൂർ നഗരത്തിലൂടെ സൂചികുത്താനിടമില്ലാത്തവിധം റോഡ്‌ തിങ്ങിനിറഞ്ഞായിരുന്നു അന്ത്യയാത്ര.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top