29 March Friday

ഗവിയുടെ സന്ദേശവാഹകൻ തങ്കപ്പൻ നായർ കാടിറങ്ങി; പടിയിറങ്ങുന്നത്‌ 42 വർഷത്തെ സേവനത്തിന്‌ ശേഷം

തോപ്പിൽ രജിUpdated: Monday Nov 29, 2021

തങ്കപ്പൻ നായർ കൊച്ചുപമ്പ പോസ്റ്റാഫീസിന്‌ മുന്നിൽ

ചിറ്റാർ > 42 വർഷത്തെ സേവനത്തിനുശേഷം പമ്പാ ഡാം പോസ്റ്റാഫീസിലെ പോസ്റ്റുമാൻ തങ്കപ്പൻ നായർ വിരമിച്ചു. കൊടും വനത്തിലെ ഗവിയുടെ സന്ദേശ വാഹകനായിരുന്നു അദ്ദേഹം.  കാട്ടാനയും കടുവയും കാട്ടുപോത്തും പുലിയും വിഹരിയ്ക്കുന്ന കാട്ടിലെ പോസ്റ്റാഫീസിൽ ജോലിയ്ക്ക് കയറി അവിടെ നിന്നു തന്നെ സർവീസ് ജീവിതം പൂർത്തിയാക്കാനും കഴിയുകയെന്ന അപൂർവ നേട്ടം ആരും അറിയാതെ അദ്ദേഹം സ്വന്തമാക്കി.  

തങ്കപ്പൻ നായർ കൊച്ചു പമ്പ പോസ്റ്റാഫീസിൽ

തങ്കപ്പൻ നായർ കൊച്ചു പമ്പ പോസ്റ്റാഫീസിൽ

     
      
തങ്കപ്പൻ നായർ കൊച്ചുപമ്പ പോസ്റ്റാഫീസിലെ ഇഡി ഡിഎ ജീവനക്കാരനായി  തപാലുരുപ്പടികളുമായി  നടക്കാൻ തുടങ്ങിയിട്ട് 42 വർഷം കഴിഞ്ഞു. കൊടും വനത്തിലൂടെ ഒറ്റയ്ക്കുള്ള യാത്ര തന്നെ ഭയാനകം. വാഹന സൗകര്യം ഇല്ലാത്തതിനാൽ 15 കിലോമീറ്റർ അകലെയുള്ള പോസ്റ്റാഫീസിലേക്ക് രാവിലെ നടന്ന്‌ യാത്ര തിരിക്കും. ഗവിയിലാണ് പ്രധാന തപാലാഫീസ്. വണ്ടിപ്പെരിയാറിൽ നിന്നും ദിനംപ്രതി വരുന്ന മെയിലുകൾ തരം തിരിച്ച് അവ കൊച്ചു പമ്പ തപാലാഫീസീൽ എത്തിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തിയതിനു ശേഷമാണ് വിതരണത്തിനിറങ്ങുന്നത്.

കൊച്ചുപമ്പ ഏലതോട്ടത്തിലെ ലയത്തിലെത്തി അവിടെ താമസിക്കുന്നവർക്കും കെഎസ്ഇബി സബ് സ്റ്റേഷനിലെ ജീവനക്കാർക്കും വനപാലകർക്കും പൊലീസുകാർക്കും കത്തുകൾ നൽകാൻ പമ്പാ ഡാം ദിവസവും കാൽനടയായി സഞ്ചരിക്കും. തിരികെ കൊച്ചു പമ്പയിൽ എത്തുമ്പോഴേക്കും വൈകുന്നേരം അഞ്ച്‌  കഴിയും. വിനോദസഞ്ചാരികൾ എത്തുന്ന സമയത്ത് അവരുടെ വാഹനത്തിൽ കയറിയും പോകും.  ദിവസവും നടന്നു തീർക്കുന്ന 30 കിലോമീറ്ററാണ്  ആരോഗ്യ രഹസ്യം. മുണ്ടക്കയം പുഞ്ചവയൽ സ്വദേശിയായ തങ്കപ്പൻ നായർ ഇപ്പോൾ  ഭാര്യ സുധയ്‌ക്കും മകൻ രതീഷിനും ഒപ്പം കോന്നിയിലാണ് താമസം. മാസത്തിൽ ഒന്നോ രണ്ടോ തവണയാണ് വീട്ടിലേക്കു മടങ്ങിയിരുന്നത്.

1980  ഫെബ്രുവരി ഒന്നിനാണ് ജോലിക്കു കയറുന്നത്.  ഒരു വർഷം ഒഴികെ 41 വർഷവും ഇവിടെയായിരുന്നു. കൊച്ചുപമ്പ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്ന് 400 മീറ്റർ അകലെയാണ് പോസ്റ്റാഫീസ്. വൈദ്യുതി ബോർഡിന്റെ ക്വാർട്ടേഴ്‌സിലാണിത്. ഇവിടെ പോസ്റ്റുമാനും കാവൽക്കാരനുമെല്ലാമാണ് അദ്ദേഹം.

ഓഫീസിനോടു ചേർന്നുള്ള മറ്റൊരു മുറിയാലാണ് താമസിക്കുന്നതും ആഹാരം പാകം ചെയ്യുന്നതും.പല തവണ ആനയുടെയുടെയും പുലിയുടെയും മുമ്പിൽ ചെന്ന് പെട്ടിട്ടുണ്ട് എന്ന് പറയുമ്പോൾ മുഖത്ത് ഒരു ഭാവഭേദവുമില്ല. തപാലാപ്പീസിനോട്‌ ചേർന്നുള്ള മറ്റു കെട്ടിടങ്ങൾ  കാട്ടാനകൾ തകർക്കുന്നത് നേരിൽ കണ്ടിട്ടുണ്ട്‌. കാട്ടാനക്കൂട്ടം പോസ്റ്റാഫീസ് തകർക്കാതിരിക്കാൻ ഫ്യൂസായ ട്യൂബ് ഉപയോഗിച്ച് ചുറ്റും  വേലി കെട്ടിയിരിക്കുകയാണ്.  ട്യൂബിൽ വന്നു തൊടുമ്പോൾ പൊട്ടുന്ന ശബ്ദം കേട്ട് ആന പേടിച്ച് മാറിപ്പോകും. മിക്ക ദിവസവും തപാലാഫീസിന്റെ മുറ്റത്ത് ആനക്കൂട്ടം വിരുന്നു വരുമെന്നും തങ്കപ്പൻ നായർ ഓർക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top