24 April Wednesday

കൊച്ചിയിലെ വെള്ളക്കെട്ട് ലഘൂകരണം: ജോലികൾക്ക്‌ ഒരാഴ്‌ചയ്‌ക്കുള്ളിൽ അനുമതി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023

കൊച്ചി> കൊച്ചിയിലെ വെള്ളക്കെട്ടിന്‌ പരിഹാരം കാണാനുള്ള ജോലികൾക്ക് ഒരാഴ്‌ചയ്‌ക്കുള്ളിൽ അനുമതി നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വെള്ളക്കെട്ട് പരിഹരിക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് നിർദേശം. തേവര പേരണ്ടൂർ കനാൽ പുനരുദ്ധാരണം, കമ്മട്ടിപ്പാടം പ്രദേശത്തെ വെള്ളപ്പൊക്ക ലഘൂകരണം, കലുങ്കുകളുടെ പുനർനിർമാണം, കാനകൾ പുനഃസ്ഥാപിക്കൽ, സൗത്ത് റെയിൽവേ സ്റ്റേഷൻമുതൽ കായൽവരെയുള്ള ഡ്രെയിനേജ് കനാൽ നിർമാണം, ഹൈക്കോടതി ജങ്ഷനുസമീപമുള്ള വെള്ളക്കെട്ട്‌ പരിഹരിക്കൽ,  നഗരസഭയിലെ ബന്ധിപ്പിച്ച കാനകളുടെ നവീകരണം എന്നീ പദ്ധതികൾക്കാണ്‌ അനുമതി നൽകുക.  

2019 ഒക്‌ടോബറിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നഗരത്തിൽ ‘ഓപ്പറേഷൻ ബ്രേക്‌ത്രൂ'  പരിപാടിക്ക് തുടക്കംകുറിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കിയത്. ആദ്യഘട്ടത്തിൽ കാനകൾ നവീകരിച്ചു. ഇതിന്‌ 10 കോടിരൂപ വിനിയോഗിച്ചു. കായൽമുഖങ്ങളിലെയും നഗരത്തിലെ പ്രധാന കനാലുകളിലെയും തടസ്സം മാറ്റുന്നതിലാണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചത്.

വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള ജോലികൾക്കായി ആധുനിക യന്ത്രങ്ങൾ വാങ്ങാനും തീരുമാനിച്ചു. ചെന്നൈ നഗരത്തിൽ കാനകളിലെ തടസ്സം നീക്കാൻ ഉപയോഗിച്ചുവരുന്ന മാതൃകയിലുള്ള രണ്ട് യന്ത്രങ്ങളാണ്‌ വാങ്ങുക. ഒരെണ്ണം സ്മാർട്ട് സിറ്റി പദ്ധതിയിലും രണ്ടാമത്തേത് ഓപ്പറേഷൻ ബ്രേക്‌ത്രൂവിലും ഉൾപ്പെടുത്തി വാങ്ങും. കെഎംആർഎല്ലിന്റെ കനാൽ നവീകരണം അടിയന്തരമായി ആരംഭിക്കും. സിഎസ്എംഎൽ, കെഎംആർഎൽ, വാട്ടർ അതോറിറ്റി മുതലായ ഏജൻസികളുടെ ഏകോപനം ഉറപ്പുവരുത്തുന്നതിന് കലക്ടറുടെ നേതൃത്വത്തിൽ അവലോകനസമിതിയും സംസ്ഥാനത്ത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സെക്രട്ടറിതല സമിതിയും രൂപീകരിക്കും.

യോഗത്തിൽ മന്ത്രിമാരായ പി രാജീവ്, റോഷി അഗസ്റ്റിൻ, എം ബി രാജേഷ്, കൊച്ചി മേയർ എം അനിൽകുമാർ, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി വേണു, ശാരദാ മുരളീധരൻ, എറണാകുളം കലക്ടർ എൻ എസ്‌ കെ ഉമേഷ് തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top