കൊച്ചി> രാജ്യത്തെ വളർന്നുവരുന്ന, നിരവധി സാധ്യതകളുള്ള സ്‌റ്റാർട്ടപ് ഹബ്ബുകളിലൊന്നായി നാസ്‌കോം സർവേ തെരഞ്ഞെടുത്ത കൊച്ചി സ്‌റ്റാർട്ടപ് ഹബ്ബ് അടുത്തഘട്ടം വികസനത്തിലേക്ക്. ഡിസൈൻ ഹബ്ബും ഗ്രഫീൻ ഇന്നൊവേഷൻ സെന്ററും ഉൾപ്പെടുന്ന ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഹബ്ബുകളിലൊന്ന് ഇവിടെ ഒരുങ്ങുന്നു. ഡിജിറ്റൽ ഡിസൈൻരംഗത്ത് പ്രവർത്തിക്കുന്ന സ്‌റ്റാർട്ടപ്പുകളാണ് 10,000 ചതുരശ്ര അടിയുള്ള ഡിസൈൻ ഹബ്ബിൽ തുടങ്ങുക. ഭാവിയുടെ പദാർഥമായ ഗ്രഫീന്റെ വ്യവസായ, വിപണന സാധ്യതകൾ വികസിപ്പിക്കുന്നതിനുള്ള ഗ്രഫീൻ ഇന്നൊവേഷൻ സെന്റർ 20,000 ചതുരശ്ര അടിയിലാണ് സ്ഥാപിക്കുന്നത്. രാജ്യത്തെ ആദ്യ ഗ്രഫീൻ ഇന്നൊവേഷൻ കേന്ദ്രമായ ഇവിടെ ഗവേഷണ ലബോറട്ടറിയും, ഗ്രഫീൻ അധിഷ്‌ഠിതവും പൊതുവായി മെറ്റീരിയൽ സയൻസ് അധിഷ്‌ഠിത സ്‌റ്റാർട്ടപ്പുകളാകും ആരംഭിക്കുക. ഡിജിറ്റൽ സർവകലാശാലയുടെ ആഭിമുഖ്യത്തിലുള്ള ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രഫീന്റെ ഭാഗമായാണ് ഇത് സ്ഥാപിക്കുന്നത്. ഇലക്ട്രിക്, ഇലക്ട്രോണിക് വ്യവസായത്തിൽ ഗ്രഫീന് വൻസാധ്യതയാണ് ശാസ്ത്രലോകം കാണുന്നത്.
കേരള സ്‌റ്റാർട്ടപ് മിഷനുകീഴിൽ കളമശേരി കിൻഫ്ര ഹൈടെക് പാർക്കിലെ 13.2 ഏക്കറിൽ ടെക്‌നോളജി ഇന്നൊവേഷൻ സോണിലെ രണ്ടുലക്ഷം ചതുരശ്രയടിയുള്ള കെട്ടിടത്തിലാണ് ഡിജിറ്റൽ ഹബ്ബും ഗ്രഫീൻ ഇന്നൊവേഷൻ കേന്ദ്രവും വരുന്നത്. 215 കോടിയാണ് പ്രതീക്ഷിത ചെലവ്. നിലവിൽ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സിലുള്ള 84 സ്റ്റാർട്ടപ്പുകൾക്കുപുറമെ 80ഓളം സ്റ്റാർട്ടപ്പുകളെക്കൂടി പുതിയ കെട്ടിടത്തിൽ ഉൾക്കൊള്ളാനാകും. സ്‌റ്റാർട്ടപ്പ് മിഷനുകീഴിൽ തിരുവനന്തപുരത്ത് വരുന്ന എമർജിങ് ടെക്‌നോളജി ഹബ്ബിൽ പുതിയ 150 സംരംഭങ്ങൾക്ക് സൗകര്യമുണ്ട്. നിലവിലുള്ള 64 സംരംഭങ്ങൾക്കു പുറമെയാണിത്.
26 നഗരങ്ങളിൽ
കൊച്ചിയും
രാജ്യത്തെ വളർന്നുവരുന്ന സ്‌റ്റാർട്ടപ് ഹബ്ബുകളായി നാസ്‌കോം തെരഞ്ഞെടുത്ത രണ്ടാംതട്ടിലുള്ള 26 നഗരങ്ങളിൽ കൊച്ചിയും തിരുവനന്തപുരവും. മനുഷ്യവിഭവശേഷി, സ്ഥലലഭ്യത, നിലവിലുള്ള സ്‌റ്റാർട്ടപ് വികസനം, അതിവേഗ ഇന്റർനെറ്റ്, യാത്രാസൗകര്യം, പരിസ്ഥിതി എന്നിവ കണക്കിലെടുത്താണ് ഈ തെരഞ്ഞെടുപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..