27 April Saturday

കേൾക്കണം, ബ്രിട്ടീഷ്‌ ധാർഷ്‌ട്യത്തിന്റെ പല്ലുപിഴുത റെയിൽപ്പാതയുടെ ചരിത്രം

സ്വന്തം ലേഖകൻUpdated: Sunday Jan 9, 2022

രാജർഷി രാമവർമ

കൊച്ചി > കല്ല്‌ പിഴുതെറിയുന്നവരും കലാപാഹ്വാനം നൽകുന്നവരും കേൾക്കണം, ബ്രിട്ടീഷ്‌ ഭരണം  അവഗണിച്ച കൊച്ചി രാജ്യത്തേക്ക്‌ ആദ്യ റെയിൽപ്പാത വന്ന കഥ. ബ്രിട്ടീഷ്‌ റെസിഡന്റും അവരുടെ കരാർ കമ്പനിയും പിന്തുടർന്ന്‌ ഉപദ്രവിച്ചിട്ടും ഷൊർണൂരിൽനിന്ന്‌ കൊച്ചിയിലേക്ക്‌ പാതവിരിച്ച്‌ തീവണ്ടി ഓടിച്ചതിന്‌ പിന്നിലെ നിശ്‌ചയദാർഢ്യത്തിന്റെ ചരിത്രം. കൊച്ചി –- ഷൊർണൂർ മീറ്റർഗേജ്‌ റെയിൽപ്പാത നിർമിച്ചതിന്റെ 120–-ാം വർഷത്തിലാണ്‌ ഇവിടെ അർധ അതിവേഗപാതയായ സിൽവർലൈൻ പദ്ധതിക്കെതിരെ ഒരുവിഭാഗം പ്രതിഷേധമുയർത്തുന്നത്‌ എന്നത്‌ കൗതുകകരം.

മദ്രാസ്‌ പ്രവിശ്യക്കുകീഴിൽ ബേപ്പൂരും തിരൂരും കുറ്റിപ്പുറത്തും പട്ടാമ്പിയിലും റെയിൽഗതാഗതം വന്ന്‌ നാല്‌ പതിറ്റാണ്ടിനുശേഷമാണ്‌ കൊച്ചിയിലേക്ക്‌ പാത വന്നത്‌.  കൊച്ചി മഹാരാജാവായിരുന്ന രാജർഷി രാമവർമയും (1895–- 1914) ദിവാനായിരുന്ന പി രാജഗോപാലാചാരിയും (1896–-1901) ചേർന്നാണ്‌  ആ മഹാദൗത്യം പൂർത്തിയാക്കിയത്‌. പദ്ധതി  നടപ്പാക്കാനിറങ്ങിയതിന്റെ പേരിൽ ബ്രിട്ടീഷ്‌ റെസിഡന്റിൽനിന്നും കരാറുകാരിൽനിന്നും രാജകുടുംബത്തിൽനിന്നുപോലും വലിയ ദുരനുഭവമാണ്‌ മഹാരാജാവ്‌ നേരിട്ടത്‌. എന്നാൽ, പാത പൂർത്തിയായതോടെ കൊച്ചിയുടെ വാണിജ്യ–-വ്യവസായ രംഗത്തുണ്ടായ കുതിപ്പ്‌ പിന്നീട്‌ ചരിത്രമായി.
കൊച്ചിയുടെ വരുമാനവും റെയിൽപ്പാത നിർമാണ ചെലവും തമ്മിലുള്ള വലിയ അന്തരം ചൂണ്ടിക്കാണിച്ചാണ്‌ റെസിഡന്റ്‌ പദ്ധതിയെ എതിർത്തത്‌. ഇക്കാലത്ത്‌ കൊച്ചിയുടെ വാർഷിക ബജറ്റ്‌ വെറും രണ്ടുലക്ഷം രൂപമാത്രം. റെയിൽപ്പാത നിർമാണ ചെലവാകട്ടെ 44 ലക്ഷം രൂപയും.

നിർമാണച്ചെലവ്‌ കൊച്ചി വഹിക്കണമെന്നായി റെസിഡന്റ്‌. അതോടെ അക്കഥ കഴിയുമെന്നായിരുന്നു പ്രതീക്ഷ. ദിവാന്റെ പിന്തുണയോടെ പണം കണ്ടെത്താനായി പിന്നത്തെ ശ്രമം. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ 14 സ്വർണ തലേക്കെട്ടുകൾ വിറ്റു. 11 കിരീടവും ഹിൽപാലസിലെ സ്വർണശേഖരത്തിന്റെ പകുതിയും വിറ്റു. രാജകുടുംബാംഗങ്ങൾക്കു നൽകിയിരുന്ന അലവൻസ്‌ നിർത്തലാക്കി. ബോണ്ട്‌ ഇറക്കി. സംഭാവന സ്വീകരിച്ചു. കൊച്ചിയിലെ ക്ഷേത്രങ്ങളിൽനിന്ന്‌ സ്വർണവും സമ്പാദ്യവും വാങ്ങി. ചിദംബരം ക്ഷേത്രത്തിൽനിന്നുപോലും കടമെടുത്തു. റെയിൽപ്പാത നിർമാണത്തിന്‌ ആവശ്യമായ 44 ലക്ഷം രൂപ ബാലൻസ്‌ഷീറ്റിൽ വന്നതോടെ 1899ൽ പദ്ധതിക്ക്‌ അനുമതിയായി.

അവിടംകൊണ്ടും തീർന്നില്ല. 104 കിലോമീറ്റർ പാതയുടെ അങ്കമാലിമുതൽ ഇടപ്പള്ളിവരെ ഭാഗം തിരുവിതാംകൂറിലായിരുന്നു. അതും നേടിയെടുത്തു. നിർമാണം തുടങ്ങിയപ്പോൾ കരാർ കമ്പനിയായ മദ്രാസ്‌ റെയിൽവേ കമ്പനി  തനിനിറം കാട്ടി. നിർമാണം വൈകിച്ചതിന്റെ ഭാഗമായി ചെലവ്‌ പരിധി വിട്ടു.
ഇതിനിടെ, മഹാരാജാവിനെതിരെ കൊച്ചി രാജകുടുംബാംഗങ്ങളെ ഇളക്കിവിടാനുള്ള ശ്രമവും നടന്നു. ഇതേകാലത്ത്‌ ചാലക്കുടി ട്രാംവേ നിർമാണവും നടക്കുന്നുണ്ടായിരുന്നു. ജർമൻ കമ്പനിക്കായിരുന്നു കരാർ. ഈ ജർമൻ ബന്ധവും ബ്രിട്ടീഷ്‌ ദുഷ്‌പ്രചാരണത്തിന്‌ ഉപയോഗിച്ചു. എല്ലാറ്റിനെയും നേരിട്ടുതന്നെ 1902ൽ പാത പൂർത്തിയാക്കി. ജൂൺ രണ്ടിന്‌ ആദ്യ ചരക്കുവണ്ടി കൊച്ചിയിൽ ഓടിയെത്തി. ജൂലൈ 16ന്‌ ആദ്യയാത്രാവണ്ടിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top