26 April Friday
നടപടികൾ പുരോഗമിച്ചത്‌ എൽഡിഎഫ്‌ സർക്കാർ ഇടപെടലോടെ

കൊച്ചി സേലം എൽപിജി ലൈൻ സെപ്‌തംബറിൽ ; ആകെ ചെലവ്‌ 1506 കോടി , കേരളത്തിലൂടെ കടന്നുപോകുന്നത്‌ 210 കിലോമീറ്റർ

ശ്രീരാജ്‌ ഓണക്കൂർUpdated: Friday Jan 28, 2022

കുന്നത്തുനാട്ടിൽ കൊച്ചി–-സേലം എൽപിജി പൈപ്പുലൈൻ പദ്ധതിയുടെ പൈപ്പിടൽജോലികൾ പുരോഗമിക്കുന്നു


കൊച്ചി
ഐഒസി–-ബിപിസിഎൽ സംയുക്തസംരംഭം കൊച്ചി–-സേലം എൽപിജി പൈപ്പുലൈൻ പദ്ധതിയുടെ കേരളത്തിലെ റീച്ച്‌ സെപ്‌തംബറിൽ കമീഷൻ ചെയ്യും. ഭൂഗർഭ പൈപ്പുവഴി അമ്പലമുകൾ ബിപിസിഎൽ കൊച്ചിൻ റിഫൈനറി, പുതുവൈപ്പ്  ഇന്ത്യൻ ഓയിൽ എൽപിജി ഇംപോർട്ട് ടെർമിനൽ എന്നിവിടങ്ങളിൽനിന്ന്‌ തമിഴ്‌നാട്ടിലേക്ക്‌ എൽപിജി എത്തിക്കുന്ന പദ്ധതിയാണിത്‌.

1506 കോടി രൂപ ചെലവുള്ള പദ്ധതിയിൽ പാലക്കാട്‌ ബിപിസിഎൽവഴിയാണ്‌ തമിഴ്‌നാട്ടിലേക്ക്‌ എൽപിജി എത്തിക്കുക. കൊച്ചിൻ റിഫൈനറിമുതൽ ഉദയംപേരൂർ ഐഒസിഎൽവരെയുള്ള 12 കിലോമീറ്റർ പൈപ്പുലൈൻ കമീഷൻ ചെയ്‌തു. റിഫൈനറി–-പാലക്കാട്‌, പുതുവൈപ്പ്‌–-റിഫൈനറി പൈപ്പുലൈനിന്റെ ജോലികൾ പുരോഗമിക്കുകയാണ്‌.

കേരളത്തിൽ പൈപ്പുലൈൻ സ്ഥാപിക്കൽ മാർച്ചോടെ പൂർത്തിയാകും. നിർമാണജോലികൾ 70 ശതമാനം പൂർത്തിയായി. എറണാകുളം, തൃശൂർ, പാലക്കാട്‌ ജില്ലകളിലൂടെയാണ്‌ പോകുന്നത്‌. പാലക്കാട്‌ ജില്ലയിലെ പൈപ്പിടൽ പൂർത്തിയായി. തൃശൂരിൽ 11 കിലോമീറ്ററും എറണാകുളത്ത്‌ 52 കിലോമീറ്ററുമാണ്‌ അവശേഷിക്കുന്നത്‌. ആകെ 420 കിലോമീറ്റർ നീളുന്ന പൈപ്പുലൈനിൽ 210 കിലോമീറ്റർ കേരളത്തിലൂടെയാണ്‌. ബാക്കി തമിഴ്‌നാട്ടിലൂടെ. വാളയാർമുതൽ സേലംവരെ പൈപ്പുലൈൻ സ്ഥാപിക്കാൻ തമിഴ്‌നാട്‌ സർക്കാരിന്റെ അനുമതി ലഭിച്ചതായി കൊച്ചി–-സേലം പൈപ്പുലൈൻ പ്രൈവറ്റ്‌ ലിമിറ്റഡ്‌ അധികൃതർ അറിയിച്ചു. ഡിസംബറിൽ പൈപ്പിടൽ ആരംഭിക്കും.

2019ൽ ആരംഭിച്ച പദ്ധതി പ്രാവർത്തികമാകുന്നതോടെ കൊച്ചിയിൽനിന്ന്‌ തമിഴ്‌നാട്ടിലേക്ക്‌ ടാങ്കർലോറികൾ ഇല്ലാതെ എൽപിജി എത്തിക്കാൻ കഴിയും. പാചകവാതകനീക്കം സുഗമവും സുരക്ഷിതവുമാക്കും. അന്തരീക്ഷമലിനീകരണം കുറയും. എറണാകുളം നഗരത്തിലൂടെയും കുതിരാനിലൂടെയും ദിവസേന സർവീസ്‌ നടത്തുന്ന 150 ബുള്ളറ്റ് ടാങ്കറുകൾ നിരത്തുകളിൽനിന്ന്‌ ഒഴിവാകും.

പദ്ധതിക്ക്‌ സ്ഥലം നൽകിയവർക്ക്‌ നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ ഉത്തരവ്‌ ഇറക്കിയതും സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിൽ പുരോഗമിച്ചതും എൽഡിഎഫ്‌ സർക്കാർ ഇടപെടലോടെയാണ്‌. സംസ്ഥാന സർക്കാരിന് അധിക നികുതിവരുമാനം നൽകുന്ന പദ്ധതി, നിരവധി തൊഴിലവസരങ്ങളും സൃഷ്‌ടിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top