26 April Friday

പേരില്ലെങ്കിലും ആസ്വാദകരോട് സംവദിക്കും രജനീചിത്രങ്ങള്‍

സ്വന്തം ലേഖികUpdated: Sunday Mar 19, 2023

കബ്രാൾയാർഡ് ആർട്ട്റൂമിൽ എസ് ആർ രജനി നേതൃത്വം നൽകുന്ന 'കാന്തം' ശിൽപ്പശാലയിൽനിന്ന്

കൊച്ചി
ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന എന്തിനെയും കലയിലൂടെ ആവിഷ്കരിക്കുകയാണ് കലാകാരിയായ എസ് ആർ രജനി. മണ്ണ്, കല്ല്, ചണനൂൽ, ചകിരി, ഈർക്കിൽ, കയർ, പാള, മടൽ, മുത്ത് എന്നിവ മാധ്യമമാക്കി രജനി തീർത്ത മൂന്നു കലാസൃഷ്ടികൾ ബിനാലെയിലുണ്ട്. തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽനിന്ന് ശിൽപ്പകലയിൽ ബിരുദാനന്തരബിരുദം നേടിയശേഷം ഏതു മാധ്യമത്തിൽ ഉറച്ചുനിൽക്കണമെന്നതിൽ ആശയക്കുഴപ്പമുണ്ടായിരുന്നെന്ന് രജനി പറയുന്നു. ഒടുവിലാണ്‌ ഇപ്പോഴുള്ള രീതി തെരഞ്ഞെടുത്തത്‌.
"തനിക്ക് ചിത്രകല (ആർട്ട്) എന്നാൽ കഥപറച്ചിലല്ല. ദൃശ്യത്തിനാണ്‌ പ്രാധാന്യം. അത് ആസ്വദിക്കുന്നവർക്ക് സ്വന്തം ഭാവനയ്ക്കനുസൃതമായി വ്യാഖ്യാനിക്കാം, ഉൾക്കൊള്ളാം. അതുകൊണ്ട് സൃഷ്ടികൾക്ക് പേരൊന്നും നൽകിയിട്ടില്ല'-–- രജനി പറയുന്നു. കണ്ണിലും വായിലും ഉൾപ്പെടെ ഈർക്കിൽ തറഞ്ഞ പ്രതിമ രജനിയുടെ ബിനാലെ അവതരണങ്ങളിൽ ഒന്നാണ്. നല്ലത്–--പാഴ് വേർതിരിവ്, ലിംഗവിവേചനം, മുൻവിധി എന്നിവയോടെല്ലാമുള്ള പ്രതികരണങ്ങൾ ഉൾക്കൊള്ളുന്നവയാണ് രജനിയുടെ സൃഷ്ടികൾ.
കേരള ലളിതകലാ അക്കാദമിയുടെ ഗ്രാന്റോടെ 16 കലാവിഷ്‌കാരങ്ങളുമായി രജനി കഴിഞ്ഞവർഷം എറണാകുളത്ത് ഏകാംഗപ്രദർശനം നടത്തിയിരുന്നു. ബിനാലെയിൽ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയുടെ "ഇടം' വേദിയിലാണ് രജനിയുടെ അവതരണങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്‌. ഫോർട്ട് കൊച്ചി കബ്രാൾയാർഡ് ആർട്ട്റൂമിൽ രജനി നേതൃത്വം നൽകുന്ന "കാന്തം' ശിൽപ്പശാലയും നടക്കുന്നുണ്ട്. ഞായര്‍ രാവിലെ 10 മുതൽ വൈകിട്ട്‌ അഞ്ചുവരെ നടക്കുന്ന ശിൽപ്പശാലയിൽ പ്രവേശനം സൗജന്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top