25 April Thursday

ബിനാലെക്ക് ഒരുങ്ങി കൊച്ചി; തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

കൊച്ചി> ഈ മാസം 12-ാം തീയതി  മുതല്‍ ആരംഭിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ 13 വേദികള്‍ സ്ഥിതി ചെയ്യുന്ന ഫോര്‍ട്ട് കൊച്ചി മുതല്‍  മട്ടാഞ്ചേരി വരെയുളള പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുവാന്‍ കൊച്ചി മേയറുടെ അദ്ധ്യക്ഷതയില്‍ എം.എല്‍.എ. കെ. ജെ. മാക്‌സി, ജില്ലാ കളക്ടര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേര്‍ന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ ശേഷം നടക്കുന്ന ഈ വര്‍ഷത്ത ബിനാലെ കൊച്ചിയുടെ ടൂറിസം രംഗത്ത് വലിയ ഉണര്‍വ്വ് പകരുമെന്ന് യോഗം വിലയിരുത്തി. ബിനാലെ മൂന്ന് മാസത്തോളം നീളുമെങ്കിലും പുതുവര്‍ഷാരംഭം വരെയുളള ദിവസങ്ങളിലാണ് വലിയ ജനതിരക്ക് പ്രതീക്ഷിക്കുന്നത്.

ബീനാലെ നടക്കുന്ന ഭാഗങ്ങളിലെ ക്ലീനിംഗിന് നഗരസഭ പ്രത്യേക മുന്‍കൈ എടുക്കും. കടല്‍തീരത്തെ പായല്‍ നീക്കുന്നതിനുളള അധികപരിശ്രമം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഈ പ്രവൃത്തി തുടരും. ബിനാലെ നടക്കുന്ന കാലയളവില്‍ പ്രദേശത്ത് പ്രത്യേക ബയോ ടോയ്‌ലറ്റുകളും നഗരസഭ സ്ഥാപിക്കും.

  ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷറഫ് നേതൃത്വം കൊടുക്കും. ബിനാലെയുടെ നടത്തിപ്പിന് നഗരസഭയുടെ മുഴുവന്‍ കൗണ്‍സിലര്‍മാരുടെയും സഹകരണമുണ്ടാകും.ഫോര്‍ട്ട് കൊച്ചി സൗത്ത് ബീച്ച് ഭാഗത്തെ തകര്‍ന്ന ടൈലുകള്‍ അടിയന്തിരമായി പുനഃസ്ഥാപിക്കുന്നതിന് കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് നടപടി സ്വീകരിക്കും. റോ-റോ യുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്  മേയറും, കളക്ടറും, മന്ത്രി തലത്തില്‍ കെ.എസ്.ഐ.എന്‍.സി.യുമായി ചര്‍ച്ച നടത്തും.

 പ്രദേശത്തെ പാര്‍ക്കിംഗിന് സ്ഥലം കണ്ടെത്തുവാനുളള പരിശ്രമം റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകും. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തി, രാത്രികാലങ്ങളില്‍ വഴിവിളക്കുകളും, സി.സി.ടി.വി. കാമറകളും ഉറപ്പാക്കും. ബിനാലേക്കെത്തുന്നവര്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ സൈന്‍ ബോര്‍ഡുകളും, ഹെല്‍പ് ഡെസ്‌കുകളും സ്ഥാപിക്കും.

ഇക്കാര്യങ്ങളുടെ പുരോഗതി വിലയിരുത്തുവാന്‍ അടുത്ത ശനിയാഴ്ച പ്രദേശത്തെ ജനപ്രതിനിധികളും, ആര്‍.ഡി.ഒ. ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥരും, പൊലീസും ചേര്‍ന്ന് എം.എല്‍.എ. യുടെ നേതൃത്വത്തില്‍ യോഗം ചേരും. യോഗത്തില്‍ റസിഡന്റ്‌സ് അസോസിയേഷനുകളുടെയും, ഹോം സ്റ്റേ ഓണേഴ്‌സ് അസോസിയേഷന്റെയും പ്രതിനിധികളെയും പങ്കെടുപ്പിക്കും.  സ്ഥലപരിശോധന ഉള്‍പ്പെടെ നടത്തി തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കും.

ഇന്ന് നടന്ന യോഗത്തില്‍ യോഗത്തില്‍ സി.എസ്.എം.എല്‍. സി.ഇ.ഒ ഷാനവാസ് എസ്., ഐ.എ.എസ്., മട്ടാഞ്ചേരി എ.സി.പി. അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ്., ബിനാലെ ഫൗണ്ടേഷന്‍ പ്രതിനിധികളായ ബോസ് കൃഷ്ണമാചാരി, ബോണി തോമസ്, ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാരായ ടി.കെ. അഷറഫ്, പ്രിയപ്രശാന്ത്, കൗണ്‍സിലര്‍മാരായ ആന്റണി കുരീത്തറ, ബെനഡിക്ട് ഫെര്‍ണാണ്ടസ്, പി.എം. ഇസ്മുദ്ദീന്‍, റെഡീന ആന്റണി, കെ.എ. മനാഫ്, ഷൈല തദേവൂസ്, ടിബിന്‍ ദേവസ്സി, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍  എന്നിവര്‍ പങ്കെടുത്തു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top