20 April Saturday

വനിതാദിനം: ബുധനാഴ്‌ച മെട്രോ യാത്രയ്‌ക്ക്‌ സ്ത്രീകൾക്ക് 20 രൂപമാത്രം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 7, 2023

കൊച്ചി> അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ബുധനാഴ്‌ച സ്ത്രീകൾക്ക് കൊച്ചി മെട്രോയിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. സ്ത്രീകൾക്ക് മെട്രോയുടെ ഏത് സ്റ്റേഷനിൽനിന്നും ഏതു ദൂരവും എത്ര തവണ വേണമെങ്കിലും 20 രൂപയ്ക്ക് യാത്ര ചെയ്യാം.

കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ സ്ത്രീകൾക്കായി പരിപാടികളും മെഡിക്കൽ ക്യാമ്പുകളും കൊച്ചി മെട്രോ ഒരുക്കുന്നു. മെട്രോ യാത്രക്കാരായ സ്ത്രീകൾക്ക് അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി നാല് മെട്രോ സ്റ്റേഷനുകളിൽ നാപ്കിൻ വെൻഡിങ്‌ മെഷീനുകൾ വനിതാദിനത്തിൽ ഉദ്ഘാടനം ചെയ്യും.

ഇടപ്പള്ളി, കലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് സേവനം ലഭിക്കുക. ഈ വെൻഡിങ്‌ മെഷീനുകളിൽനിന്ന് സ്ത്രീകൾക്ക് സൗജന്യമായി നാപ്കിനുകൾ ലഭിക്കും. കലൂർ മെട്രോ സ്റ്റേഷനിൽ പകൽ 12.15ന് കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്റ നാപ്കിൻ വെൻഡിങ്‌ മെഷീനുകൾ ഉദ്ഘാടനം ചെയ്യും. ഒരുവർഷത്തിനിടെ ഏറ്റവും അധികം തവണ കൊച്ചി മെട്രോയിൽ യാത്ര ചെയ്ത മൂന്ന് വനിതകളെ ആദരിക്കും.

ഇലക്‌ട്രോണിക്, അലുമിനിയം, പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗിച്ച്‌ നെക്സോറ അക്കാദമിയിലെ വിദ്യാർഥികളാണ് ചെലവ്‌ കുറഞ്ഞ നാപ്കിൻ വെൻഡിങ്‌ മെഷീനുകൾ നിർമിച്ചിരിക്കുന്നത്.  സ്ത്രീകൾക്കായി സൗജന്യ ബോൺ ഡെൻസിറ്റി പരിശോധയും വനിതാദിനത്തിൽ മുട്ടം, ഇടപ്പള്ളി, എംജി റോഡ്, വൈറ്റില സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്.

ക്രാഫ്റ്റ് ഫെർട്ടിലിറ്റി സെന്ററിന്റെയും മേയർ വിറ്റബയോട്ടിക്സിന്റെയും സഹകരണത്തോടെ പകൽ 11 മുതൽ രാത്രി ഏഴുവരെയാണ്‌ മെഡിക്കൽ ക്യാമ്പ്‌. കൊച്ചിൻ ബിസിനസ് സ്കൂളിലെ വിദ്യാർഥികൾ ഫ്ലാഷ്‌മോബും സംഘടിപ്പിക്കും. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽനിന്ന്‌ 2.30ന് സ്ത്രീകളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുത്തിയുള്ള ഫാഷൻ ഷോയും മൈമും ആരംഭിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top