03 July Sunday

പുരുഷുവിനിപ്പൊ 
യുദ്ധമൊന്നുമില്ലേ ?

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

കൊച്ചി> ജെഎൽഎൻ സ്‌റ്റേഡിയത്തിൽ നിന്ന്‌ ഇൻഫോപാർക്കുവരെയുള്ള  കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി കേന്ദ്രസർക്കാരിൽ ഹൈബി ഈഡൻ എംപി നടത്തിയ ഇടപെടലുകൾ ഗിന്നസ് ബുക്കിൽ വരെ കയറിയതാണ്. പക്ഷേ കിം ഫലം. എന്നിട്ടും മെട്രോ പാത വരാത്തതിന് അങ്ങേർക്കാണ്  കുറ്റം.   സിബിഐയുടെ  കേസന്വേഷണവും ചോദ്യംചെയ്യലുമൊക്കെയായി   ഈ പോരാട്ടത്തെ ബന്ധിപ്പിക്കാൻ ചിലരൊക്കെ ഇറങ്ങിയതാണ് അതിലും കഷ്ടം. കണ്ണിൽച്ചോരയില്ലാത്ത കുറേപ്പേർ എവിടെയും ഉണ്ടാകുമല്ലോ!
കൊച്ചി മെട്രോ രണ്ടാംഘട്ടം  വൈകുന്നത്‌ എന്തുകൊണ്ടാണെന്ന്‌ കേരളത്തിലെ എംപിമാരോട്‌ ചോദിക്കാനാണ്  മുഖ്യമന്ത്രി പറയുന്നത്.  ‌അങ്ങനെയൊക്കെ പറയാമോ. 19 എണ്ണവും ഡെൽഹിയിൽ വിമാനമിറങ്ങിയാൽ ആദ്യം ചോദിക്കുന്നതു തന്നെ മെട്രോ രണ്ടാംഘട്ടം എവിടെ എന്നാണ്‌.

പാർലമെന്റിലെത്തിയാൽ പിന്നെ പറയേണ്ട. ചറപറാ ചോദ്യമാണ്‌.  കേട്ടുമടുത്ത സ്പീക്കർ ചെവിയിൽ പഞ്ഞിയും തിരുകി ഒറ്റ ഇരുപ്പ്.   കേന്ദ്രമന്ത്രിമാരായ  ജഗദംബികാ പാലും നിർമലാ സീതാരാമനും  ഹർദീപ്‌ സിങ് പുരിയുമൊക്കെ നിന്നു വിയർക്കും. നരേന്ദ്രമോഡി സഭയിൽ വരാത്തതുകൊണ്ട്‌ ഔദ്യോഗിക വസതിയിലും വിദേശരാജ്യങ്ങളിലും ഇരുന്നാണ് ‌ വിയർക്കുക. അപ്പോൾ ഹൈബിക്കും മറ്റു പതിനെട്ടിനും  പാവം തോന്നും. മൂന്നുകൊല്ലമായി 19 പേർ വളഞ്ഞിട്ട്‌  കേന്ദ്രത്തെ വിയർപ്പിക്കുന്നതാണ്‌. എന്നിട്ടും ഫലമില്ല. പിന്നെ എന്തിന്‌. 
 
ഇനി പറഞ്ഞിട്ട് കാര്യമില്ല.  കാലത്തിനനുസരിച്ച് നമ്മളും   കുറച്ചൊക്കെ പ്രാക്ടിക്കലാവേണ്ടേ. വാഴയ്‌ക്ക്‌ നനക്കുമ്പോൾ ചീരയും നനയണമമല്ലോ. കെ റെയിലിന്റെ കാര്യത്തിൽ ബിജെപിക്കൊപ്പം നിൽക്കാമെങ്കിൽ മെട്രോയുടെ കാര്യത്തിലും അതാവും ബുദ്ധി.  സോളാർ തലയ്‌ക്കു മീതെ ഉദിക്കുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായ സ്ഥിതിക്ക്‌ പ്രത്യേകിച്ചും.   തൃക്കാക്കരയിൽ യുഡിഎഫ്‌ സ്ഥാനാർഥിയുടെ മുഖ്യ പ്രചാരകനായി നിൽക്കുമ്പോഴാണല്ലോ സോളാർ സ്‌ത്രീപീഡന കേസും പൊക്കിപ്പിടിച്ച്‌ സിബിഐയുടെ വരവ്‌.  നടൻ വിജയ്‌ബബാബുവിനെതിരായ പീഡനക്കേസിൽ ഇരയോടൊപ്പം ഓടിത്തളർന്നു വന്നുനിന്നതേയുള്ളൂ. സിബിഐ എംഎൽഎ ഹോസ്‌റ്റലിൽ കയറി. എംപി ഓഫീസിലേക്കാകും അടുത്ത ഉന്നം.   കെ റെയിലിൽ ബിജെപിക്കൊപ്പമോ ഒരുപടി മുന്നിലോ ആണ്‌. മെട്രോ രണ്ടാംഘട്ടത്തിൽ തൃക്കാക്കരയിൽ ബിജെപി ഉത്തരംമുട്ടി നിൽക്കുകയാണ്‌.  ഇതിനെക്കാൾ നല്ല അവസരമില്ല. മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി  കിട്ടാത്തതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ തലയിൽകെട്ടാം.  കിടുക്കും.  സംശയമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top