26 April Friday

പുതിയ ഉത്തരവിനുപിന്നിൽ 2012 മുതലുള്ള വീഴ്‌ചകൾ

പ്രത്യേക ലേഖകൻUpdated: Sunday Mar 19, 2023

കൊച്ചി> ബ്രഹ്‌മപുരത്തെ പഴയ മാലിന്യപ്ലാന്റ്‌ തകർത്തവരും മാലിന്യമല തീർത്തവരുംതന്നെയാണ്‌ ഇപ്പോഴത്തെ 100 കോടി രൂപ പിഴയ്‌ക്കും കാരണക്കാരെന്ന്‌ തെളിയിക്കുന്നതാണ്‌ വിശദമായ ദേശീയ ഹരിത ട്രിബ്യൂണൽ (എൻജിടി) ഉത്തരവ്‌. 2015–-20 കാലത്ത്‌ യുഡിഎഫിന്റെ സൗമിനി ജെയിൻ മേയറായിരിക്കെ എൻജിടി രണ്ടുകോടിയും 14 കോടിയും പിഴ ചുമത്തിയതിന്‌ ഹൈക്കോടതിയിൽനിന്ന്‌ സ്റ്റേ വാങ്ങിയിരുന്നു. എൻജിടി ഉത്തരവിലെ പ്രസക്തഭാഗങ്ങളും യുഡിഎഫ്‌ കൗൺസിൽ ഭരിച്ച, 2010 മുതൽ 2020 വരെയുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ നോട്ടീസുകളും ഹൈക്കോടതി ഉത്തരവുകളും വിശദീകരിച്ചാണ്‌ മേയർ എം അനിൽകുമാർ ഇപ്പോഴത്തെ ഉത്തരവിലേക്കുനയിച്ച യുഡിഎഫ്‌ വീഴ്‌ചകൾ വാർത്താസമ്മേളനത്തിൽ തുറന്നുകാട്ടിയത്‌.

ടോണി ചമ്മണി മേയറായിരിക്കെ, ബ്രഹ്‌മപുരം പ്ലാന്റ്‌ അറ്റകുറ്റപ്പണി നടത്താതെ തകരാറിലായതോടെ മാലിന്യ സംസ്‌കരണം തടസ്സപ്പെട്ടപ്പോൾ 2012ലാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്‌ ആദ്യമായി നോട്ടീസ്‌ നൽകുന്നത്‌. തുടർന്ന്‌ ഹൈക്കോടതി കേസെടുത്തു. 2013ൽ എൻജിടി രൂപീകരിച്ചതോടെ കേസ്‌ അവിടേക്ക്‌ കൈമാറി. സൗമിനി ജെയിൻ മേയറായിരിക്കെ ബ്രഹ്‌മപുരം പ്ലാന്റിൽ പ്ലാസ്‌റ്റിക്‌ വേർതിരിക്കാതെ മാലിന്യം കൂട്ടിയിട്ട്‌, സംസ്‌കരണം തടസ്സപ്പെട്ടപ്പോൾ എൻജിടി രണ്ടുകോടി പിഴയിടുകയും ആറുമാസത്തിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ എല്ലാ ദിവസവും രണ്ടുലക്ഷം രൂപവീതം പിഴയിടുകയും ചെയ്യുമെന്ന്‌ ഉത്തരവിട്ടു. 2018 നവംബർ ഒമ്പതിനാണ്‌ ഈ ഉത്തരവിന് ഹൈക്കോടതിയിൽനിന്ന്‌ സ്റ്റേ വാങ്ങിയത്‌. ഇപ്പോൾ തീപിടിത്തമുണ്ടായപ്പോഴാണ്‌ ഹൈക്കോടതി ഈ സ്‌റ്റേ നീക്കിയത്‌. സൗമിനി ജെയിൻ മേയറായിരിക്കെയുള്ള മറ്റൊരു കേസിൽ എൻജിടി 14 കോടി പിഴയിട്ടു. ഈ കൗൺസിൽ വന്നശേഷമാണ്‌ ഉത്തരവ്‌ ലഭിക്കുന്നതും ഹൈക്കോടതിയിൽനിന്ന്‌ സ്‌റ്റേ വാങ്ങിയതും.

2018 ഒക്‌ടോബർ 22ന്‌ ബയോ മൈനിങ് ആരംഭിക്കാത്തതിന്‌ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്‌ കോർപറേഷന്‌ നോട്ടീസ്‌ നൽകിയിരുന്നു. 2019 ഒക്ടോബർ 12നും ഡിസംബർ 11നും പിസിബി സമാനരീതിയിൽ നോട്ടീസ്‌ നൽകിയിരുന്നു. മുൻ കൗൺസിലിന്റെ കാലത്തെ മാലിന്യ സംസ്‌കരണ വീഴ്‌ചയ്‌ക്ക്‌ ഈ കൗൺസിൽ നിലവിൽവന്ന്‌ 13 ദിവസത്തിനുശേഷം  കോർപറേഷന്‌ 14.9 കോടി രൂപ നഷ്‌ടപരിഹാരം അടയ്‌ക്കാൻ പിസിബി നോട്ടീസ്‌ നൽകിയതിന്‌ 2021 മാർച്ച്‌ ഒമ്പതിനാണ്‌ ഹൈക്കോടതിയിൽനിന്ന്‌ സ്‌റ്റേ വാങ്ങിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top