മട്ടാഞ്ചേരി
"വടക്കേലെ പാത്തുനെ പെൺകെട്ടാലോചിച്ചാൻ' എന്ന ഹിറ്റ് ഗാനം മലയാളക്കര മറന്നിട്ടില്ല. "പറവ' സിനിമയിലൂടെ കെ ഇ നബീസ പാടിയ ആ കൈകൊട്ടിപ്പാട്ട് മട്ടാഞ്ചേരിയുടെ കല്യാണവീടുകളിൽ ഒഴിച്ചുകൂടാനാകാത്ത കലാപരിപാടിയുടെ ബാക്കിപത്രമായിരുന്നു. കൊച്ചിയിലെ ഒരുകൂട്ടം ഗായകർ ആ സംസ്കാരത്തിന് വീണ്ടും തുടക്കംകുറിക്കുന്നു. കാരണമായതോ ഉസ്താദ് ഹോട്ടൽ സിനിമയിൽ പറയുന്നതുപോലെ ഒരു കിസ്മത്തും....
പ്രവാസികളായിരുന്ന സൈനുവിന്റെയും ഹനീഫയുടെയും സുലൈമാനി മൊഹബ്ബത്തിൽ പണ്ടത്തെ കൈകൊട്ടിപ്പാട്ടും പാട്ടുകാരികളും കയറിവന്നു. അങ്ങനെ കൊച്ചിക്കാരുടെ കൈകൊട്ടിപ്പാട്ട് എന്ന കലാസംഘടന രൂപംകൊണ്ടു. 1940–--50 കാലഘട്ടങ്ങളിൽ മട്ടാഞ്ചേരിയിലെ മുസ്ലിംസ്ത്രീകൾ കൈകൊട്ടിപ്പാടിയ കലാരൂപം ജനകീയമാക്കാനുള്ള പരിശ്രമത്തിലാണ് ഈ ഗായകസംഘം. കൗലത്ത്, കൈജീവി, ഐശീവി, ബീപാത്തുമ്മ, നബീസ, കുഞ്ഞീത്ത, റുഖിയ തുടങ്ങിയ പാട്ടുകാരികൾ കല്യാണവീടുകളിലെ മൈലാഞ്ചി, ചമയ്ക്കൽ, തക്കാരം, അറകൂട്ടൽ എന്നീ ചടങ്ങുകളുടെ മൊഞ്ച് കൂട്ടിയിരുന്നത് കൈകൊട്ടി പാടിയാണ്. ഇവരുടെ ഉപജീവനംകൂടിയായിരുന്നു ഈ കലാരൂപം.
"ആദി ബിസ്മി അക്ഷരം ഓതി ഇടും മൈലാഞ്ചി' എന്ന ഗാനത്തിൽ തുടങ്ങി "കോന്തലകെട്ട് അഴിച്ചുമുറുക്കി കെട്ടി' എന്നുപാടിയാണ് ഈ പാട്ടുരൂപം അവസാനിക്കുന്നത്. നാനാജാതി മതവ്യവസ്ഥിതിയിലുള്ള ഗാനങ്ങൾ അരങ്ങത്തേക്ക് കൊണ്ടുവരാനാണ് പുതിയ പാട്ടുകൂട്ടം ശ്രമിക്കുന്നത്. അമ്പതുകളിലെ മട്ടാഞ്ചേരി സമരത്തിൽ പങ്കെടുത്ത തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാടിയ "ഇടിവണ്ടി ഞങ്ങൾക്ക് കളിവണ്ടിയാണെ, ജയിലറ ഞങ്ങൾക്ക് മണിയറയാണെ' മുദ്രാവാക്യഗാനം പ്രസിദ്ധമാണ്. എഴുപതുകളിൽ എച്ച് മെഹബൂബിന്റെ നിമിഷഗാനങ്ങൾ, നാടകഗാനങ്ങൾ, സിനിമാഗാനങ്ങൾ എന്നിവയെല്ലാം കൈകൊട്ടി താളത്തിൽ ഇവർ ഏറ്റുപാടിയിരുന്നു. പാട്ടുകാരികൾ രംഗം വിട്ടതോടെ പ്രത്യേകരീതിയിൽ പാടുന്ന ഈ കലാരൂപം അന്യംനിന്നു. വെള്ളിയാഴ്ച ഷാദി മഹലിൽ കെ ജെ മാക്സി എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നതോടെ കൊച്ചിയിലെ ഈ പാട്ടുസംസ്കാരത്തിന് വീണ്ടും തിരശ്ശീല ഉയരുകയാണ്. അപ്പൊ കണ്ടോളു നിങ്ങള് കേട്ടോളു നിങ്ങള് കൊച്ചിക്കാരുടെ കൈകൊട്ടിപ്പാട്ട്...
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..