25 April Thursday
ജനകീയ സമരങ്ങളുടെ ഫലംകണ്ടു

വനം വകുപ്പിന്റെ തടസം നീങ്ങി; കൊച്ചി - ധനുഷ്‌കോടി ദേശീയപാത നവീകരണം വേഗത്തിലാകും

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

കൊച്ചി ധനുഷ് കോടി ദേശീയ പാതയിൽ മരങ്ങൾ മുറിച്ചുനീക്കുന്നു

മൂന്നാർ > ജനകീയ സമരങ്ങളും ഇടപെടലുകളും ഫലംകണ്ടു. വനം വകുപ്പിന്റെ തടസം നീങ്ങിയതോടെ  കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിൽ മരങ്ങൾ  മുറിച്ചു നീക്കാൻ തുടങ്ങി. കൊച്ചി - ധനുകോടി ദേശീയ പാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള റോഡിന്റെ  നവീകരണ പ്രവർത്തനങ്ങൾ നടക്കുമ്പോഴായിരുന്നു പ്രശ്‌നം.
 
മൂന്നര കി.മീറ്റർ റോഡരുകിലുള്ള മരങ്ങൾ മുറിച്ചു നീക്കുന്നതിന് വനം വകുപ്പ് തടസം ഉന്നയിച്ചു. ഇതു മൂലം റോഡ് നവീകരണ പ്രവർത്തനം സമയ ബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതെവന്നു.  മരങ്ങൾ മുറിച്ചു നീക്കുന്നതിന് വനം വകുപ്പ് ആവശ്യപ്പെട്ട തുക ദേശീയ പാത നൽകുകയും ചെയ്‌തു. വനം വകുപ്പിന്‌  നഷ്ടമാകുന്ന ഭൂമിക്ക് പകരം ഭൂമി നൽകാൻ റവന്യൂ വകുപ്പുമായി ധാരണയിലെത്തുകയും ചെയ്‌തു. എന്നാൽ മരങ്ങൾ മുറിച്ചു നീക്കുന്നതിന് വനം വകുപ്പ് അധികൃർ  അനുവാദിക്കാത്തത്‌ വ്യാപക പ്രതിഷേധത്തിന് ഇടവരുത്തി. വികസനത്തിന് എതിര് നിൽക്കുന്ന ചില ഉദ്യോഗസ്ഥരുടെ നിലപാട് മൂലം നവീകരണ പ്രവർത്തനം പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിവന്നു.  ഈ സാഹചര്യത്തിലാണ്‌ പ്രതിഷേധം ഉണ്ടായത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് സിപിഐ എം   നേതൃത്വത്തിൽ ദേവികുളം റേഞ്ച് ഓഫീസിലേക്കും കർഷകസംഘം നേതൃത്വത്തിൽ ദേവികുളം ഡിഎഫ്ഒ ഓഫീസിലേക്കും ബഹുജനമാർച്ച്‌ നടത്തി.
 
സമരം പ്രത്യക്ഷത്തിൽ ഫലം കാണുകയായിരുന്നു. എംപിയായിരുന്ന അഡ്വ. ജോയ്‌സ്‌ ജോർജിന്റെ  ശ്രമഫലമായി 381 കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2018 ലും 2019 ലും ഉണ്ടായ മഹാപ്രളയവും  തുടർന്നു വന്ന കോവിഡ് മഹാമാരിയും നിർമാണത്തെ ബാധിച്ചതിനാൽ നിശ്ചിത സമയത്ത് പണികൾ പൂർത്തിയാക്കാൻ കഴിയാതെ വന്നു.  വിവിധ ഘട്ടങ്ങളിൽ ലാക്കാട് ഗ്യാപ്പിൽ ഉണ്ടായ വ്യാപക മണ്ണിടിച്ചിലും തടസം സൃഷ്‌ടിച്ചു.  മരങ്ങൾ മുറിച്ചു നീക്കുന്ന  നടപടികൾ ആരംഭിച്ചതോടെ കാലതാമസം കൂടാതെ നവീകരണ പ്രവർത്തനം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top