24 April Wednesday

ദേശീയപാതയിൽ ലാക്കാട് ഗ്യാപ് റോഡിൽ മലയിടിഞ്ഞു ; ഗതാഗതം നിരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

മൂന്നാർ
കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ ലാക്കാട് ഗ്യാപ് റോഡിൽ മലയിടിഞ്ഞു. കൂറ്റൻ പാറകൾ റോഡിലേക്ക് പതിച്ചതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ റോഡിലേക്ക് വീണ പാറകൾ നീക്കംചെയ്യുന്നത് ദുഷ്‌കരമാണ്‌. ഞായർ രാത്രി 11.30 ഓടെയാണ് മലയിടിച്ചിലുണ്ടായത്‌. ലാക്കാട് ഗ്യാപ്പിന്‌ സമീപം മുട്ടുകാടിലേക്ക് തിരിയുന്ന റോഡിൽനിന്ന്‌ 100 മീറ്റർ അകലെയാണ് മണ്ണും പാറകളും വീണത്. ഇതോടെ മൂന്നാറിൽനിന്ന്‌ വാഹനങ്ങൾ കിലോമീറ്ററുകൾ സഞ്ചരിച്ചുവേണം ബോഡി, തേനി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെത്താൻ.

സംഭവസമയത്ത് ഇതുവഴി വാഹനങ്ങൾ കടന്നുപോകാതിരുന്നത് വൻ അപകടം ഒഴിവാകാൻ കാരണമായി. രണ്ട് വർഷത്തിനിടെ തുടർച്ചയായുണ്ടായ മലയിടിച്ചിലിൽ 100 മീറ്റർ നീളത്തിൽ ഗ്യാപ് റോഡ് പൂർണമായും തകർന്നിരുന്നു. ഇതേ തുടർന്ന് പുതുതായി കൽക്കെട്ട് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. പണികൾ പൂർത്തിയാക്കി ഒരുമാസം മുമ്പാണ്‌ വാഹനഗതാഗതം സാധാരണ നിലയിലാക്കിയത്. ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള റോഡ് നവീകരണ പ്രവർത്തനങ്ങൾ 85 ശതമാനം പൂർത്തിയായി. എന്നാൽ, അടിക്കടിയുണ്ടാകുന്ന മലയിടിച്ചിൽ നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ട്‌. ഇതുവരെ അഞ്ച്‌ തവണയാണ്‌ മലയിടിഞ്ഞത്‌.
റോഡിലേക്ക്‌ വീണ പാറകൾ നീക്കി ഗതാഗതം ഉടൻ പുനഃസ്ഥാപിക്കണമെന്ന്‌ സ്ഥലം സന്ദർശിച്ച അഡ്വ. എ രാജ എംഎൽഎ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top