29 March Friday

കൊച്ചി കോർപറേഷൻ : സ്ഥിരംസമിതി അധ്യക്ഷരില്ലാതെ കോൺഗ്രസ്‌; ബിജെപിയിലും കലാപം

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021


കൊച്ചി
കൊച്ചി നഗരസഭ സ്ഥിരംസമിതിയിൽ വനിതാ സംവരണ സ്ഥാനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ രൂപപ്പെട്ട കോൺഗ്രസ്‌–- ബിജെപി–- വെൽഫെയർ പാർടി കൂട്ടുകെട്ടിനെതിരെ പ്രതിഷേധം ശക്തം. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ക്ഷീണം തീർക്കാൻ ബിജെപിയുമായി ചേർന്ന്‌ സ്ഥിരംസമിതികളിൽ ആധിപത്യം നേടാനാണ്‌ കോൺഗ്രസ്‌ ശ്രമിച്ചത്‌. ഒന്നിൽപ്പോലും കോൺഗ്രസിന്‌ അധ്യക്ഷസ്ഥാനമില്ലാത്ത അവസ്ഥയിലേക്കാണ്‌ കാര്യങ്ങൾ എത്തിയത്‌. ഇത്‌ മുതിർന്ന കോൺഗ്രസ്‌ കൗൺസിലർമാർക്കിടയിൽ അതൃപ്തിക്കിടയാക്കി‌. 

കോൺഗ്രസുമായും  വെൽഫെയർ പാർടിയുമായും ചേർന്നിട്ടായാലും നഗരസഭയിൽ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം പിടിക്കുക എന്ന ലക്ഷ്യമാണ്‌ ബിജെപിക്കുള്ളത്‌. വെൽഫെയർ പാർടിയുമായി ഉണ്ടാക്കിയ രഹസ്യധാരണയിൽ ബിജെപി അണികളും നേതൃത്വത്തിൽ ഒരുവിഭാഗവും പ്രതിഷേധത്തിലാണ്‌.

നിലവിലെ അംഗസംഖ്യപ്രകാരം യുഡിഎഫിന്‌ ഒരു സ്ഥിരംസമിതി അധ്യക്ഷസ്ഥാനം കിട്ടുമായിരുന്നു. എന്നാൽ, ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കി കൂടുതൽ നേട്ടമുണ്ടാക്കാമെന്ന്‌ ചിലർ കരുതി. അതിനുള്ള പദ്ധതികളുമായാണ്‌ ബിജെപിയും യുഡിഎഫും കൗൺസിൽ ഹാളിൽ എത്തിയത്‌. ഇരുവരും ഒന്നിച്ചാൽ എൽഡിഎഫ്‌ പരാജയപ്പെടുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, അതുവരെ ആരെയും പിന്തുണയ്‌ക്കാതിരുന്ന സ്വതന്ത്ര അംഗങ്ങളിലൊരാൾ എൽഡിഎഫിനെ പിന്തുണച്ചതോടെ ബിജെപിയുടെയും യുഡിഎഫിന്റെയും കണക്കുകൂട്ടലുകൾ തെറ്റി.
എങ്കിലും ഒരുമിച്ചുനിന്ന്‌ നാല്‌ കമ്മിറ്റികളിൽ സമനില പിടിച്ചു. അതിൽ മൂന്നും എൽഡിഎഫിനൊപ്പമായത്‌ നറുക്കിലൂടെയാണ്‌. എൽഡിഎഫ്‌ അംഗത്തിന്റെ വോട്ട്‌ അസാധുവായതിനാലാണ്‌ യുഡിഎഫിന്‌ ഒരു കമ്മിറ്റിയെങ്കിലും കിട്ടിയത്‌. കഴിഞ്ഞ 10 വർഷം നഗരസഭ ഭരിച്ച കോൺഗ്രസിന്‌ സ്ഥിരംസമിതിയിൽ ഒന്നുപോലും ഇല്ലെന്നത്‌ നാണക്കേടായി‌.

മത്സരിച്ച്‌ വിജയിച്ച ആർഎസ്‌പി കൗൺസിലർ മരാമത്ത്‌ സമിതിയുടെ അധ്യക്ഷയാകും. സമിതിയിലെ കോൺഗ്രസ്‌ വനിതാ കൗൺസിലർമാർ അധ്യക്ഷസ്ഥാനത്തിന്‌ അവകാശം ഉന്നയിച്ചിട്ടുണ്ടെങ്കിലും പങ്കിടാൻ സാധ്യതയില്ല. കോൺഗ്രസിലെ മാലിനി കുറുപ്പ്‌, വി കെ മിനിമോൾ തുടങ്ങിയ മുതിർന്ന അംഗങ്ങൾക്ക്‌ സ്ഥാനങ്ങളുണ്ടാകില്ല. നഗരസഭയിൽ ആദ്യമായി സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തിന്‌ ബിജെപിയെ അർഹരാക്കിയതിന്റെ ഉത്തരവാദിത്തം‌ കോൺഗ്രസിനാണ്‌. നികുതി അപ്പീൽ കമ്മിറ്റിയിൽ ബിജെപി ഭൂരിപക്ഷം നേടാനാണ്‌ സാധ്യത.

സ്ഥിരംസമിതികളിൽ ഒരെണ്ണം‌ കൈപ്പിടിയിലായാലും വെൽഫെയർ പാർടിക്ക്‌ വോട്ടുചെയ്‌തതിനെ തുടർന്ന്‌ ബിജെപിയിലുണ്ടായിട്ടുള്ള പ്രതിഷേധവും ആശയക്കുഴപ്പവും അവസാനിക്കാനിടയില്ല. വനിതാ സംവരണ സീറ്റിൽ യുഡിഎഫിനെയാണ്‌, വെൽഫെയർ പാർടിയെയല്ല പിന്തുണച്ചത്‌ എന്നാണ്‌ ബിജെപി കൗൺസിലർമാരുടെ ന്യായം.

മുസ്ലീംലീഗ് അംഗം ലൈല ദാസിന്‌ ബിജെപിയുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നാണ്‌ ജില്ലാ ലീഗ്‌ നേതൃത്വം അവകാശപ്പെടുന്നത്‌.  ബിജെപി വോട്ടുകൊണ്ട് വിജയിച്ചാൽ സ്ഥാനം ഉപേക്ഷിക്കുമായിരുന്നു എന്ന്‌ നേതൃത്വം പറയുന്നുണ്ടെങ്കിലും ലീഗിലെ ഒരു വിഭാഗം‌ അത്‌ വിശ്വസിക്കുന്നില്ല. ബിജെപി പിന്തുണച്ചതിൽ യുഡിഎഫ് നേതൃത്വത്തിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്നും ജില്ലാ സെക്രട്ടറി കെ എം അബ്ദുൽ മജീദ് ആവശ്യപ്പെട്ടിട്ടുണ്ട്‌. സ്ഥിരംസമിതി തെരഞ്ഞെടുപ്പിന്റെ ഭാഗമായി വർഗീയ രാഷ്‌ട്രീയ പാർട്ടികളെകൂട്ടി‌ നേട്ടമുണ്ടാക്കാനുള്ള കോൺഗ്രസ്‌ ശ്രമം വലിയ വിവാദങ്ങൾക്കാണ്‌ തിരികൊളുത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top