24 April Wednesday

കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ്‌, ബിജെപി, വെൽഫെയർ പാർടി സഖ്യം; കെപിസിസി, ബിജെപി നേതൃത്വം നിലപാട്‌ വ്യക്തമാക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021

ബിജെപി കൗൺസിലർമാർ മാത്രം ഇരിക്കുന്ന ഭാഗത്തെത്തി അവരോടു സംസാരിക്കുന്ന കോൺഗ്രസ്‌ കൗൺസിലർ ആന്റണി പൈനുതറ. \ഫോട്ടോ: മനു വിശ്വനാഥ്‌

കൊച്ചി > നേരത്തേ രഹസ്യമായിരുന്ന യുഡിഎഫ്‌–-ലീഗ്‌–-ബിജെപി–-വെൽഫെയർ പാർടി സഖ്യം  കൊച്ചി കോർപറേഷൻ സ്‌റ്റാൻഡിങ്‌ കമ്മിറ്റി തെരഞ്ഞെടുപ്പിൽ പരസ്യമായി നടപ്പാക്കിയെന്നും കെപിസിസി, ബിജെപി സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ നിലപാട്‌ വ്യക്തമാക്കണമെന്നും സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു.

കോൺഗ്രസ്‌, ബിജെപി, വെൽഫെയർ പാർടി, ലീഗ് കൂട്ട് ഇല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും കെ സുരേന്ദ്രനും ആവർത്തിച്ച് പ്രസ്താവനാമത്സരം നടത്തുമ്പോൾ കൊച്ചി കോർപറേഷൻ സ്റ്റാൻഡിങ്‌ കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലർമാർ വെൽഫെയർ പാർടി,  ലീഗ്, കോൺഗ്രസ്‌  സ്ഥാനാർഥികൾക്ക്‌ പരസ്യമായി വോട്ട് ചെയ്‌തു.

യുഡിഎഫ് ഘടകകക്ഷികൾ വെൽഫെയർ പാർടിയുടെയും ബിജെപിയുടെയും  സ്ഥാനാർഥികൾക്കും തിരിച്ചും വോട്ട് ചെയ്തു. മുസ്ലിം തീവ്രവാദ രാഷ്ട്രീയപാർടിക്കും മുസ്ലിംലീഗിനും ബിജെപിയുടെ അഞ്ചു കൗൺസിലർമാരും വോട്ട് ചെയ്ത നടപടിയെക്കുറിച്ച് ബിജെപി സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണം.

കോൺഗ്രസിന്റെ ദേശീയ നേതൃത്വം തള്ളിപ്പറഞ്ഞശേഷവും കെപിസിസിയും യുഡിഎഫ് നേതൃത്വവും മതേതരനിലപാടിൽ ഉറച്ചുനിൽക്കുമെന്ന പ്രസ്താവന മാധ്യമങ്ങളിൽ വന്ന ദിവസംതന്നെ കോൺഗ്രസ്,‌ ബിജെപിക്കും വെൽഫെയർ പാർടിക്കും വോട്ട് ചെയ്ത് ജനാധിപത്യത്തെയും മതേതരത്വത്തെയും വെല്ലുവിളിച്ചിരിക്കുകയാണ്. അധികാരത്തിനുവേണ്ടി ഇവർ എന്തും ചെയ്യുമെന്നാണ്‌ ഈ സംഭവം തെളിയിക്കുന്നത്.

സ്വന്തം അണികളെയും ജനങ്ങളെയും ബോധ്യപ്പെടുത്താൻ കഴിയാത്ത അവിശുദ്ധവും ആപൽക്കരവുമായ വർഗീയ കൂട്ടുകെട്ടിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും തയ്യാറാകണം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗും ചേർന്ന ദേശവിരുദ്ധസഖ്യം ഉരുത്തിരിയുമെന്ന പരസ്യപ്രഖ്യാപനമാണ് സ്‌റ്റാൻഡിങ്‌ കമ്മിറ്റി തെരഞ്ഞെടുപ്പിൽ ഉണ്ടായതെന്നും ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top