29 March Friday

കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴി: 2608 കോടിയുടെ ഭരണാനുമതി

സ്വന്തം ലേഖകൻUpdated: Thursday Feb 2, 2023

തിരുവനന്തപുരം> കേരളത്തിന്റെ വ്യവസായ മേഖലയ്‌‌ക്ക്‌ പുത്തനുണർവ്‌ നൽകുന്ന കൊച്ചി– ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക്‌ 2608 കോടി രൂപയുടെ സമഗ്ര ഭരണാനുമതി. പദ്ധതിക്കാവശ്യമായ 2185 ഏക്കർ ഭൂമി ഏറ്റെടുക്കാൻ കിഫ്‌ബി അനുവദിച്ച വായ്‌പയുടെ തിരിച്ചടവിന്‌ ഈ തുക ചെലവഴിക്കുമെന്ന്‌ വ്യവസായ വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കി. ഇതിൽ 850 കോടി ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗിഫ്‌റ്റ് സിറ്റിയുടെ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയാണ്. കിൻഫ്രയാണ്‌ നോഡൽ ഏജൻസി.

സംസ്ഥാനത്ത്‌ 10,000 കോടിയുടെ നിക്ഷേപം കൊണ്ടുവരുന്ന പദ്ധതിക്കായുള്ള 82 ശതമാനം സ്ഥലവും ഇതിനകം ഏറ്റെടുത്തതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇൻഡസ്‌ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപ്പറേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പാലക്കാട്, കൊച്ചി എന്നീ വ്യവസായ കേന്ദ്രങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം.

ഭക്ഷ്യ സംസ്‌കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്റോസ്പേസ് തുടങ്ങിയ മേഖലകളിലെ വ്യവസായങ്ങൾ പാലക്കാട് ഉയരും. രാജ്യത്തെ രണ്ടാമത്തെ ഗിഫ്റ്റ് സിറ്റിയും ഇടനാഴിയുടെ ഭാഗമായി സ്ഥാപിക്കുന്നുണ്ട്. ഗിഫ്‌റ്റ് സിറ്റിക്കായി എറണാകുളം അയ്യമ്പുഴയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. 160 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങൾ തുടങ്ങാനും നടപടി ആരംഭിച്ചിട്ടുണ്ട്. വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകും. നടപടിക്രമങ്ങളും ലഘൂകരിക്കും. പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങളാണ്‌ വരിക. ഇടനാഴി യാഥാർഥ്യമാകുമ്പോൾ പതിനായിരം പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭ്യമാകും.

ഭക്ഷ്യ സംസ്‌കരണം, ലൈറ്റ് എൻജിനീയറിങ്‌, ജ്വല്ലറി, പ്ലാസ്‌റ്റിക്, ഇ- മാലിന്യങ്ങളുടേയും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ- വാതക ഇന്ധനങ്ങൾ, ഇലക്ട്രോണിക്‌സ്, ഐടി, ലോജിസ്‌റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ ക്ലസ്‌റ്ററുകൾ വികസിപ്പിക്കാനും ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top