18 April Thursday

നാരായൻ തിരക്കഥയെഴുതുകയാണ്‌ ; ‘കൊച്ചരേത്തി’ സിനിമയാകും

എം എസ്‌ അശോകൻUpdated: Tuesday Jan 11, 2022


കൊച്ചി
സിനിമയിൽ കണ്ടതൊന്നും ശരിയായ ആദിവാസി ജീവിതമല്ലെന്ന്‌ എഴുത്തുകാരൻ നാരായൻ മുമ്പേ പറഞ്ഞിട്ടുണ്ട്‌. അന്നൊന്നും ആദിവാസി വിഭാഗത്തിലെ മലയരയരുടെ ജീവിതം എഴുതിയ തന്റെ ആദ്യനോവൽ ‘കൊച്ചരേത്തി’ സിനിമയാക്കാൻ ആലോചിട്ടുമില്ല. എന്നാൽ, ഇപ്പോൾ കഥമാറി. രണ്ടാഴ്‌ചയായി നാരായൻ തിരക്കിട്ട തിരക്കഥാരചനയിലാണ്‌; തിരക്കഥയുടെ ഏണുംകോണുമൊന്നും പിടിയില്ലെങ്കിലും ആദിവാസി ജീവിതത്തിന്റെ ചൂടുംചൂരും സിനിമാഭാഷയിലാക്കാൻ തനിക്കാകുമെന്ന പൂർണബോധ്യത്തോടെ.

ഭാഷയ്‌ക്കും സാഹിത്യത്തിനും മുതൽക്കൂട്ടായി മാറിയ ‘കൊച്ചരേത്തി’ 1998 ലാണ്‌ പുസ്‌തകമായി ഇറങ്ങിയത്‌. 1995ൽ തപാൽവകുപ്പിൽനിന്ന്‌ സ്വയം വിരമിക്കുമ്പോൾ നോവലിന്റെ കൈയെഴുത്തുപ്രതി ഭദ്രമായി കൈയിലുണ്ട്‌. അതുമായി ആദ്യം പോയത്‌ സിനിമാക്കാരുടെ അടുത്തേക്കാണെന്ന്‌ കലൂരിനടുത്ത്‌ പുതുക്കലവട്ടത്തെ വീട്ടിലിരുന്ന്‌ തിരക്കഥയെഴുത്തിന്റെ ഇടവേളയിൽ നാരായൻ പറഞ്ഞു. സിനിമയാക്കാനുള്ള ആഗ്രഹം കൊണ്ടായിരുന്നില്ല, എഴുതിവച്ചത്‌ എന്തെങ്കിലുമൊന്നായിക്കാണാനുള്ള ആഗ്രഹംകൊണ്ടായിരുന്നെന്ന്‌ നാരായൻ. നോവലിന്റെ പകർപ്പ്‌ തന്നേക്കൂ, ആലോചിക്കാമെന്ന്‌ സിനിമാ കമ്പനി. പിന്നെ ആ വഴിക്ക്‌ പോയില്ല.  ഡിസി കിഴക്കേമുറിയുടെ നേരിട്ടുള്ള ഇടപെടലിലാണ്‌ നോവൽ പുസ്‌തകമായത്‌. 1999ലെ കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചശേഷം രണ്ടു പ്രസാധകരിലൂടെ 12 പതിപ്പുകളുമിറങ്ങി.

‘കൊച്ചരേത്തി’ ശ്രദ്ധനേടിയതിൽ പിന്നെ പലരും അതു സിനിമയാക്കണമെന്ന്‌ പറഞ്ഞിരുന്നു. അന്നൊന്നും അത്ര താൽപ്പര്യപ്പെട്ടില്ല. പിന്നീട്‌ സുഹൃത്തുക്കളിൽ ചിലരുടെ പ്രേരണകൂടിയായതോടെ തിരക്കഥയെഴുത്ത്‌ ആരംഭിക്കുകയായിരുന്നു. മലയരയരുടെ ഭാഷയും സംസ്‌കാരവും അതേപടി പ്രതിഫലിക്കണമെന്നതിനാലാണ്‌ എഴുത്ത്‌ സ്വയം ഏറ്റെടുത്തത്‌. 19 അധ്യായങ്ങളുള്ള നോവലിന്റെ 14 അധ്യായങ്ങൾക്ക്‌ 44 രംഗങ്ങളിലായി തിരക്കഥ പൂർത്തിയാക്കി. നോവലിലെ അതേ ആഖ്യാനമല്ല സിനിമയിൽ. ദൃശ്യഭാഷയുടെ സാധ്യതകൾക്കനുസരിച്ച്‌ മാറ്റംവരുത്തിയിട്ടുണ്ട്‌.

തിരക്കഥ പൂർത്തിയാക്കിയശേഷം സിനിമയാക്കാൻ തയ്യാറുള്ളവരെ ഏൽപ്പിക്കാനാണ്‌ തീരുമാനം. വലിയ പണംവാരി സിനിമയൊന്നുമാകില്ലെങ്കിലും ‘കൊച്ചരേത്തി’ സാഹിത്യലോകത്തുണ്ടാക്കിയ ചലനം സിനിമയിലും ഉണ്ടാക്കുമെന്ന കാര്യത്തിൽ നാരായന്‌ സംശയമില്ല. ബന്ധങ്ങൾ പിന്നെയും ബാക്കി എന്ന പുതിയ നോവൽ അടുത്തിടെയാണ്‌ എഴുതി പൂർത്തിയാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top